മനസമ്മത ദിവസം ‘സമ്മതമല്ല’ എന്നു പറഞ്ഞ് പള്ളിയിൽ നിന്നുമിറങ്ങി സന്യാസിനിയായ ലോരേറ്റാമ്മ ഇനിയെന്നും ഈശോയുടെ കൂടെ

സി. സൗമ്യ DSHJ

സമാനതകളില്ലാത്ത സന്യാസജീവിതമായിരുന്നു, ഇന്ന് നിത്യസമ്മാനത്തിനായി യാത്രയായ സി. മേരി ലൊരേറ്റ് എസ്.എ.ബി.എസ് -ന്റേത്. മനസമ്മത ദിവസം, ‘ഇദ്ദേഹത്തെ വിവാഹം കഴിക്കാൻ സമ്മതമാണോ’ എന്ന് വൈദികൻ ചോദിച്ചപ്പോൾ ‘സമ്മതമല്ല, എനിക്ക് മഠത്തിൽ പോകണം’ എന്നു പറഞ്ഞ് ആരാധനാ സന്യാസിനീ സമൂഹത്തില്‍  ചേര്‍ന്ന്, വിശുദ്ധ കുർബാനയുടെ കൂട്ടുകാരിയായി ജീവിച്ച്, പുണ്യവതിയാകാൻ അതിയായി ആഗ്രഹിച്ച്, അനേകരെ അതിനായി പ്രചോദിപ്പിച്ച് 98 വർഷങ്ങൾ ഈ ഭൂമിയിൽ ജീവിച്ചു കടന്നുപോയ ലോരേറ്റാമ്മയുടെ സ്മരണക്കു മുൻപിൽ ആദരവോടെ കൈകൾ കൂപ്പുന്നു.

‘വിവാഹം കഴിക്കാൻ എനിക്ക് സമ്മതമല്ല, മഠത്തിൽ പോകണം’

സി. മേരി ലൊരേറ്റ് എന്ന ലോരേറ്റാമ്മയുടെ വീട്ടിലെ പേര് കുഞ്ഞേലി എന്നായിരുന്നു. ഒരു സന്യാസിനി ആകാനായിരുന്നു ബാല്യത്തില്‍ തന്നെ കുഞ്ഞേലിയുടെ ആഗ്രഹം. തന്റെ ഇഷ്ടം മഠത്തില്‍ പോകണമെന്നാണെന്ന് വീട്ടില്‍ പറഞ്ഞപ്പോൾ മാതാപിതാക്കൾ സമ്മതിച്ചില്ല. വിവാഹം കഴിച്ചയക്കാൻ ആയിരുന്നു അവരുടെ തീരുമാനം. അങ്ങനെ അവൾക്ക് വിവാഹാലോചനകൾ തുടങ്ങി. അവസാനം അപ്പനും ആങ്ങളമാരും കൂടി ഒരു വിവാഹം ഉറപ്പിക്കുകയും ചെയ്തു. അപ്പോഴും തന്റെ താല്പര്യമില്ലായ്മ അവരെ അറിയിച്ചു. പക്ഷേ, അതാരും ചെവിക്കൊണ്ടില്ല. അന്നത്തെ കാലമാണ്; 1940 – 44 കാലഘട്ടം.

മനസമ്മതത്തിന് വീട്ടുകാര്‍ പള്ളിയില്‍ എത്തി. വളരെ കുറച്ച് ആളുകളേ ഉള്ളൂ.  മനസമ്മതത്തിന്റെ പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. സമ്മതം ചോദിക്കാനുള്ള സമയമായി.

കര്‍മ്മികന്‍ ആ യുവാവിനോട് ചോദിച്ചു: “ഈ നില്‍ക്കുന്ന ഏലിയെ വിവാഹം കഴിക്കാന്‍ സമ്മതമാണോ?”

‘സമ്മതമാണ്’ എന്ന് ആ യുവാവ്‌ മറുപടി നല്‍കി.

തുടര്‍ന്നുള്ള ചോദ്യം ലോരേറ്റാമ്മയോടായിരുന്നു. “ഈ നില്‍ക്കുന്ന …..നെ വിവാഹം കഴിക്കാന്‍ സമ്മതമാണോ?”

മറുപടി ആരും പ്രതീക്ഷിക്കാത്തതായിരുന്നു.

“സമ്മതമല്ല അച്ചാ; എനിക്ക് മഠത്തില്‍ പോകണം.”

അപ്രതീക്ഷിതമായ ആ മറുപടി എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു! അപ്പനും ആങ്ങളമാരും തല താഴ്ത്തി. പള്ളിയിലെ ചടങ്ങുകള്‍ ആ മറുപടിയോടെ അവിടെ വച്ച് അവസാനിച്ചു. നാണക്കേടോടെ വീട്ടുകാര്‍ തിരികെ നടന്നു. ലോരേറ്റാമ്മ മാത്രം സന്തോഷത്തോടെ വീട്ടില്‍ തിരിച്ചെത്തി. വിവാഹത്തോടോ വീട്ടുകാരോടോ ഉള്ള എതിർപ്പായിരുന്നില്ല, മറിച്ചു, സന്യാസ ജീവിതത്തോടുള്ള താല്പര്യമായിരുന്നു അത്തരമൊരു തീരുമാനത്തിനു പിന്നിൽ. കൂടുതൽ സ്നേഹിക്കുന്നത് സ്വന്തമാക്കാൻ, മറ്റുകാര്യങ്ങൾ പിന്നിൽ ഉപേക്ഷിച്ചു എന്നു മാത്രം!

ഇങ്ങനെ സംഭവിച്ചതിനാല്‍ വീട്ടുകാരുടെ എതിര്‍പ്പ് കുറയുകയല്ല, കൂടുകയാണ് ചെയ്തത്. മഠത്തില്‍ പോകാനും അതിനു വേണ്ട സാഹചര്യങ്ങള്‍ ഒരുക്കാനും അവര്‍ തയ്യാറായില്ല. 1940 കാലഘട്ടത്തിലാണ് ഇത് നടക്കുന്നത് എന്നോര്‍ക്കണം.

പൂഞ്ഞാറിന് അടുത്തുള്ള മുക്കുഴി എന്ന സ്ഥലത്തായിരുന്നു അക്കാലത്ത് അവരുടെ വീട്. അവിടെ അന്ന് പരിചിതമായ സന്യാസ സമൂഹങ്ങള്‍ കര്‍മ്മലീത്ത സഭയും ക്ലാര സഭയും ആയിരുന്നു. വീട്ടുകാരുടെ സഹകരണമില്ലായ്മ കാരണം അവിടെയൊന്നും ചേരാതെ, ദൂരെ ചങ്ങനാശ്ശേരിയിലുള്ള ആരാധനാ സമൂഹത്തിലാണ് ലോരേറ്റാമ്മ ചേര്‍ന്നത്‌.

അങ്ങനെ പള്ളിയിൽ നിന്നും ഇറങ്ങി, വീട് പൂര്‍ണ്ണമായും ഉപേക്ഷിച്ച് മഠത്തിൽ ചേര്‍ന്ന വ്യക്തിയാണ് സി. ലൊരേറ്റ്. അതിനുള്ള തന്റേടവും ആർജ്ജവത്വവും ആ ചെറുപ്പക്കാരിക്കുണ്ടായിരുന്നു. മറ്റൊന്നിനും വേണ്ടിയായിരുന്നില്ല അത്. ഈശോയുടെ സ്വന്തമാകാൻ അത്രക്ക് ഇഷ്ടമായിരുന്നു അവൾക്ക്. നീണ്ട വർഷങ്ങൾ നിശബ്ദം ഈ ഭൂമിയിൽ വിശുദ്ധ ജീവിതം നയിച്ചു ഈ അമ്മ.

‘കുഞ്ഞ് ഒരു പുണ്യവതിയാകണം കേട്ടോ’ 

‘പുണ്യവതിയാകണം’ – അതായിരുന്നു സി. ലൊരേറ്റിന്റെ ജീവിതത്തിലെ ഏക ആഗ്രഹം. 98 -ാം വയസു വരെ ഈ ഭൂമിയിൽ ജീവിച്ച സിസ്റ്റർ തന്റെ മുൻപിൽ വരുന്നവരോടൊക്കെ എപ്പോഴും പറയുമായിരുന്നു, ‘ഒരു പുണ്യവതിയാകണം കേട്ടോ’ എന്ന്. അമ്മയോട് പ്രാർത്ഥിക്കണമെന്ന് പറയുന്നവരോടും അമ്മക്കുള്ള ഏക മറുപടി, “കുഞ്ഞ്, ഒരു പുണ്യവതിയാകാൻ ഞാൻ പ്രാർത്ഥിക്കാം” എന്നതായിരുന്നു.

‘പുണ്യവതിയാകണം’ എന്ന് മറ്റുള്ളവരെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ട് ഏകദേശം ഒരു നൂറ്റാണ്ടിനടുത്ത് ഈ ഭൂമിയിൽ ജീവിച്ച ശേഷം തന്റെ 98 -ാം വയസിൽ സി. ലൊരേറ്റ് സ്വർഗ്ഗപിതാവിന്റെ സന്നിധിയിലേക്കു യാത്രയായി.

വിശുദ്ധ കുർബാനയുടെ കൂട്ടുകാരി

വിശുദ്ധ കുർബാന കഴിയുന്നതിനു മുൻപ് പച്ചവെള്ളം പോലും കുടിക്കുകയില്ല എന്നത് ലോരേറ്റാമ്മക്ക് നിര്‍ബന്ധമുള്ള കാര്യമായിരുന്നു. പ്രായമുള്ള സന്യാസിനിമാര്‍ എല്ലാവരും തന്നെ അങ്ങനെയാണെങ്കിലും അമ്മയ്ക്ക് അക്കാര്യത്തില്‍ എന്തോ പ്രത്യേകതയുണ്ടായിരുന്നു. രോഗാവസ്ഥയിൽ ആയിരുന്നപ്പോഴും സി. ലൊരേറ്റ്, തന്റെ ഈ പതിവ് ഉപേക്ഷിച്ചിട്ടില്ല.

വിശുദ്ധ കുർബാന സ്വീകരണത്തിനു ശേഷം അര മണിക്കൂർ നേരം ഈശോയ്ക്ക് നന്ദി പറഞ്ഞു പ്രാർത്ഥിക്കും. അതിനു ശേഷമേ വെള്ളം പോലും കുടിച്ചിരുന്നുള്ളൂ. തന്റെ അടുത്ത് കടന്നുവരുന്നവരുടെയൊക്കൊ നെറ്റിയിൽ കുരിശടയാളം വരച്ച് അനുഗ്രഹിക്കാൻ ഈ അമ്മ മറക്കാറില്ല. ദൈവത്തെ അത്രമാത്രം ഹൃദയത്തിലും മനസിലും സൂക്ഷിച്ചിരുന്നതുകൊണ്ട് തന്നെ സമീപിക്കുന്നവർക്ക് ദൈവവിചാരം നൽകിക്കൊണ്ടേ ഈ സന്യാസിനി പറഞ്ഞയക്കാറുള്ളൂ.

പ്രാര്‍ത്ഥനയെ ജീവിതമാക്കിയ സന്യാസിനി 

വിശുദ്ധ കുർബാനയോട് അതിരറ്റ ഭക്തി കാത്തുസൂക്ഷിച്ച സിസ്റ്റർ, നിത്യാരാധന ചാപ്പലുകൾ ഉള്ള സന്യാസമഠങ്ങളിലായിരുന്നു തന്റെ വിശ്രമജീവിതം നയിച്ചിരുന്നത്. മിക്കവാറും സമയങ്ങളിൽ ഈ അമ്മയെ വിശുദ്ധ കുർബാനയുടെ മുൻപിൽ ഇരിക്കുന്നതായിട്ടേ കാണാൻ സാധിച്ചിരുന്നുള്ളൂ. അത്രമാത്രം ഹൃദയത്തോട് ചേർത്ത് വിശുദ്ധ കുർബാനയെ കൊണ്ടുനടന്നിരുന്നു ഈ സമർപ്പിത.

ഈ അടുത്ത കാലത്തായി തനിച്ച് പോകാൻ പറ്റാത്ത അവസരങ്ങളിൽ ആരുടെയെങ്കിലും സഹായത്തോടെ അമ്മ വിശുദ്ധ കുർബാനയുടെ മുൻപിൽ ആരാധനക്കായി എത്തിയിരുന്നു. പതിവ് പ്രാർത്ഥനകൾക്ക് ഒരു മുടക്കവും വരുത്തിയില്ല. പ്രാർത്ഥനകൾ നോക്കി ചൊല്ലാന്‍ കാഴ്ചയില്ലാതെ വന്നപ്പോൾ ‘എനിക്ക് പ്രാർത്ഥനകൾ ഒന്നും ചൊല്ലാൻ സാധിക്കുന്നില്ലല്ലോ’ എന്നൊരു വിഷമം പറഞ്ഞിരുന്നു  ലോരേറ്റാമ്മ.

ഓർമ്മയിൽ തെളിവോടെ സൂക്ഷിച്ചിരുന്ന പ്രാർത്ഥനകളൊക്കെ സദാസമയവും കാണാതെ ഉരുവിടുമായിരുന്നു ഈ അമ്മ. പ്രായാധിക്യമോ, കാഴ്ചക്കുറവോ, അനാരോഗ്യമോ ഒന്നും തന്നെ ഈ അമ്മയുടെ ആത്മീയജീവിതത്തിന് ഒരു തടസ്സമേ അല്ലായിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഏറെ നേരം ഈശോയ്ക്ക് നന്ദി പറയുമായിരുന്നു ലോരേറ്റാമ്മ. കേൾക്കുമ്പോൾ നിസാരമായി തോന്നുമെങ്കിലും അതിന്റെ പിന്നിലുള്ള ആത്മീയത വളരെ വലുതാണ്. ചെറിയ കാര്യങ്ങളിൽ പോലും ദൈവത്തിന് നന്ദി പറയാനും എപ്പോഴും ദൈവസാന്നിധ്യ സ്മരണയിൽ ആയിരിക്കാനും സിസ്റ്റർ പരിശ്രമിച്ചു.

ബോധാവസ്ഥയിലും അബോധാവസ്ഥയിലും സുകൃതജപങ്ങൾ ഉരുവിടുന്ന അമ്മ

രോഗബാധിതയായി അവസാന കാലഘട്ടമായപ്പോഴും ബോധം മറിഞ്ഞപ്പോഴും ചുണ്ടുകൾ ചലിച്ചിരുന്നത് സുകൃതജപങ്ങൾ ഉരുവിടാനായിരുന്നു. ബോധമുള്ളപ്പോഴെല്ലാം ദൈവസ്‌തുതി ആലപിച്ചിരുന്ന ആ അധരങ്ങൾക്ക് അബോധാവസ്ഥയിലും ദൈവസ്‌തുതികളല്ലാതെ ഉരുവിടാൻ മറ്റൊന്നും ഉണ്ടായിരുന്നില്ല. പുണ്യവതിയാകാൻ ആഗ്രഹിക്കുക മാത്രമല്ലായിരുന്നു ഈ സമർപ്പിത; അത്തരത്തിൽ ജീവിക്കുവാനും ഈ അമ്മക്കായി.

സാധാരണ ജീവിതം

തുരുത്തി, മല്ലപ്പിള്ളി, മാമ്മൂട്, വാഴപ്പിള്ളി, കൂത്രപ്പിള്ളി എന്നിവിടങ്ങളിലെ സന്യാസഭവനങ്ങളിലായിരുന്നു ഭൂരിഭാഗം സമയങ്ങളിലും സിസ്റ്റർ ജീവിച്ചിരുന്നത്. വളരെ സാധാരണമായ രീതിയില്‍ സന്യാസം ജീവിച്ച വ്യക്തിയായിരുന്നു ലോരേറ്റാമ്മ. അസാധാരണമായ കാര്യങ്ങളൊന്നും അമ്മ ചെയ്തിട്ടില്ല. വലിയ ഡിഗ്രികളും ഇല്ലായിരുന്നു. വലിയ ദൂരങ്ങള്‍  സഞ്ചരിച്ചിട്ടില്ല. അസാധാരണമായ ചാതുരിയോടെ പ്രസംഗിക്കുകയോ, മധുരമായ ഗാനങ്ങള്‍ ആലപിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, കൂടുതല്‍ സമയം പ്രാര്‍ത്ഥിച്ചു, സമൂഹം ഏല്‍പ്പിച്ച ചെറിയ കാര്യങ്ങള്‍ വിശ്വസ്തതയോടെ ചെയ്തു. വിശുദ്ധ കുർബാനയുടെ കൂട്ടുകാരിയായി അവസാന നിമിഷം വരെ ജീവിച്ചു.

നിസാര കാര്യങ്ങള്‍ കൊണ്ട് സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തിയ അമ്മയുടെ അവസാന കാലഘട്ടം കൂത്രപ്പള്ളി SABS പ്രൊവിൻഷ്യൽ ഹൗസിലായിരുന്നു. രോഗം കൂടിയപ്പോള്‍ എടത്വ, പച്ചയിലുള്ള ആരാധനാ സമൂഹത്തിന്റെ ആശുപതിയിലേക്ക് ചികിത്സക്കായി മാറ്റി. മരണവും അവിടെ വച്ചു തന്നെ.

ചങ്ങനാശ്ശേരി, വാഴപ്പള്ളി ആരാധനാ മഠത്തിലെ ചാപ്പലില്‍ നാളെ (2022 ജനുവരി 17 ചൊവ്വാ) രാവിലെ 9.30 -ന് അന്തിമ ശുശ്രൂഷകള്‍ ആരംഭിക്കും.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.