സാമൂഹ്യ പ്രവർത്തനം സമഗ്ര മാറ്റത്തിനായ് – ഇന്ന് ലോക സാമൂഹ്യ പ്രവർത്തന ദിനം

ഡോ. സെമിച്ചൻ ജോസഫ്

വ്യക്തിയുടെ സകലവിധ കഴിവുകളെയും സാധ്യതകളെയും കണ്ടെത്തി അവനെ/ അവളെ സ്വയംപര്യാപ്തതയുടെ തീരങ്ങളിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതുമായ മാനവിക സാമൂഹ്യ ശാസ്ത്രശാഖയാണ് സാമൂഹ്യ പ്രവർത്തനം അഥവാ സോഷ്യൽ വർക്ക്. സാമൂഹിക മാറ്റവും വികസനവും, സാമൂഹിക ഐക്യവും, ജനങ്ങളുടെ ശാക്തീകരണവും വിമോചനവും പ്രോത്സാഹിപ്പിക്കുന്ന ഒരു അക്കാദമിക് വിഷയവും പ്രവർത്തനാധിഷ്ടിത തൊഴിലുമായി സാമൂഹ്യ പ്രവർത്തനത്തെ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്ക്‌ (IFSW) നിർവ്വചിക്കുന്നു. സാമൂഹ്യനീതി, മനുഷ്യാവകാശങ്ങൾ, കൂട്ടുത്തരവാദിത്വം, വൈവിധ്യങ്ങളോടുള്ള ബഹുമാനം എന്നി തത്വങ്ങൾ സാമൂഹ്യപ്രവർത്തനത്തിന്റെ കേന്ദ്രബിന്ദുവാണ്. സാമൂഹ്യശാസ്ത്രം, മാനവികത, തദ്ദേശീയമായ അറിവുകൾ എന്നീ സിദ്ധാന്തങ്ങളുടെ പ്രായോഗിക ഉപയോഗങ്ങിലൂടെ ജീവിത വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ക്ഷേമം ഉറപ്പു വരുത്തുന്നതിനും വ്യക്തികളെയും സമൂഹങ്ങളേയും സമൂഹ്യ പ്രവർത്തനം പ്രപ്തരാക്കുന്നു.

ലോക സാമൂഹ്യ പ്രവർത്തന ദിനം

സാമൂഹിക പ്രവർത്തനത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാനും സമൂഹങ്ങളുടെ ഭാവിക്കായി സാമൂഹിക സേവനങ്ങളുടെ ദൃശ്യപരത ഉയർത്താനും സാമൂഹിക നീതിയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനും ലക്ഷ്യമിടുന്ന ഒരു ആഘോഷമാണ് ലോക സാമൂഹ്യ പ്രവർത്തന ദിനാചരണം. എല്ലാ വർഷവും മാർച്ചിലെ മൂന്നാമത്തെ ആഴ്ച സാമൂഹ്യ പ്രവർത്തന വാരമായും മൂന്നാമത്തെ ചൊവ്വാഴ്ച ലോക സാമൂഹ്യ പ്രവർത്തന ദിനമായും ആചരിച്ചു വരുന്നു.

ലോകമെമ്പാടുമുള്ള സാമൂഹിക പ്രവർത്തകർ വ്യക്തികൾക്കും കുടുംബങ്ങൾക്കും വിശാലമായ സമൂഹത്തിനും ഈ തൊഴിൽ വഴി നൽകുന്ന സംഭാവനകളെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു വാർഷിക ആഘോഷമായി ഇത് മാറിക്കഴിഞ്ഞു. “സാമൂഹ്യ പ്രവർത്തനത്തിലൂടെ -വ്യത്യസ്‌തതയുടെ ലോകം ഉണ്ടാക്കുക” എന്ന പ്രമേയത്തിൽ ഊന്നിക്കൊണ്ട് 2007 ലാണ് ആദ്യമായി ലോക സാമൂഹിക പ്രവർത്തന ദിനം ആചരിക്കാൻ തുടങ്ങിയത്.

“ഏകഭാവി, സമഗ്രമാറ്റത്തിന്” എന്ന പ്രമേയമാണ് ഈ വർഷം ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്ക്‌ മുന്നോട്ട് വെക്കുന്നത്. നൂതനവുമായ ആശയങ്ങൾ സ്വീകരിച്ചുകൊണ്ട് എല്ലാവർക്കും പ്രയോജനപ്പെടുന്നതും നല്ല മാറ്റങ്ങൾ സംഭവിക്കുന്നതുമായ ഭാവിയിലേക്ക് ഒരുമിച്ച് പ്രവർത്തിക്കുക എന്ന ആപ്ത വാക്യം സ്വീകരിച്ചു കൊണ്ടാണ് ഈ വർഷത്തെ സാമൂഹ്യ പ്രവർത്തന്ന ദിനം കടന്നു വരുന്നത് . വ്യക്തികളിൽ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും വളർത്തി നാം ഉൾകൊള്ളുന്ന ഭൂമിയുടെ സുസ്ഥിര വികസനം സാധ്യമാക്കാൻ ഉതകുന്ന നൂതനമായ നയങ്ങളും സമ്പ്രദായങ്ങളും സൃഷ്ടിക്കുന്നതിനുള്ള ഒരു ദർശനവും പ്രവർത്തന പദ്ധതിയും പ്രമേയത്തോടൊപ്പം അവതരിപ്പിക്കുന്നു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.

സാമൂഹ്യ പ്രവർത്തനവും സാമൂഹ്യ സേവനവും

‘Give a man a fish, and you feed him for a day. Teach a man to fish, and you feed him for a lifetime’ മീൻ വാങ്ങി നൽകുന്നതിന് പകരം ചൂണ്ട കൊടുത്തു മീൻപിടിക്കാൻ പഠിപ്പിക്കുന്നതിന്റെ മഹത്വം മനസ്സിലാക്കിയിട്ടുള്ളവരാണ് നാം. അടിസ്ഥാനപരമായ് സാമൂഹ്യസേവനവും സാമൂഹ്യ പ്രവർത്തനവും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെയാണ്. നമ്മുടെ രാജ്യത്ത് രാഷ്ടീയത്തിലും പൊതുരംഗത്തുമൊക്കെ പ്രവർത്തിക്കുന്നർ പൊതുവിൽ വിശേഷിപിക്കപ്പെടുന്ന പദമാണ് സാമൂഹ്യ പ്രവർത്തകർ. എന്നാൽ അത്തരം സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വിളിക്കേണ്ടത് സാമൂഹ്യ സേവകർ എന്നാണ്. സാമൂഹ്യ പ്രവർത്തനത്തിൽ പരീശീലനം സിദ്ധിച്ചവരും ആക്കാദമിക്ക് യോഗ്യതകൾ ഉള്ളവരെയും ആണ് സാമൂഹ്യ പ്രവർത്തകൻ (Social Worker) എന്ന് സംബോധന ചെയ്യേണ്ടത്.

പ്രൊഫഷണൽ സോഷ്യൽ വർക്കിന്റെ തുടക്കം

ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പരിശീലനം സിദ്ധിച്ചവർ വേണം എന്ന ചിന്തയാണ് സാമൂഹ്യ പ്രവർത്തനത്തിൽ വ്യവസ്ഥാപിതമായ കോഴ്സുകളിലേക്ക് വെളിച്ചം വീശിയത് .എന്നാൽ ഇന്ന് കേവലം ചാരിറ്റിക്ക് അപ്പുറം സാമൂഹിക മണ്ഡലത്തിലെ അനവധിയായ കർമ്മ മേഖലകളിൽ പരിശീലനം സിദ്ധിച്ച സാമൂഹ്യ പ്രവർത്തകരെ നമുക്ക് കാണാനാകും. ഇതര മാനവിക ശാസ്ത്രശാഖകളായ മനശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, നരവംശശാസ്ത്രം സാമ്പത്തികശാസ്ത്രം തുടങ്ങി നിരവധിയായ പഠന മേഖലകളിൽനിന്നും ആശയങ്ങളും സിദ്ധാന്തങ്ങളും സർവാത്മനാ സ്വീകരിച്ചുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ, പാശ്ചാത്യലോകത്ത് സാമൂഹ്യ പ്രവർത്തനം അക്കാദമിക രൂപം കൈവരിക്കുന്നത്.

പ്രൊഫഷണൽ സോഷ്യൽ വർക്ക് ഇന്ത്യയിൽ

1934ൽ ആണ് മുംബൈയിലെ പ്രശസ്തമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ആരംഭിക്കുന്നത്. തുടർന്ന് നിരവധി സ്ഥാപനങ്ങൾ സാമൂഹ്യ പ്രവർത്തനത്തിൽ ബിരുദ ,ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കുകയും മികച്ച സാമൂഹ്യ പ്രവർത്തകരെ രൂപപ്പെടുത്തുകയും ചെയ്തു. പ്രധാനമായും ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്( BSW),മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്(MSW) മാസ്റ്റർ ഓഫ് ഫിലോസഫി ഇൻ സോഷ്യൽ വർക്ക്‌ (MPhil ) എന്നീ കോഴ്സുകൾ കൂടാതെ പി എച്ച് ഡി യും നിരവധ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും ഈ സ്ട്രീമിൽ ലഭ്യമാണ്.

പഠനം പ്രവർത്തനം

ക്ലാസ്സ് റൂം പഠനത്തോടൊപ്പം തന്നെ പ്രാധാന്യത്തോടെ പ്രായോഗിക പരിശീലനവും നൽകുന്ന റൂറൽ ക്യാമ്പുകൾ പഠനയാത്രകൾ, പങ്കാളി ത്താധിഷ്ഠിതമായ ഗ്രാമ ആസൂത്രണം, കൗൺസിലിംഗ് ക്യാമ്പുകൾ തുടങ്ങിയ വൈവിധ്യമാർന്ന പരിശീലന പരിപാടികൾ വിദ്യാർത്ഥികൾക്ക് പഠനകാലം അറിവിന്റെ ഒരു ഉത്സവകാലം തന്നെ സമ്മാനിക്കും. ഗ്രാമവികസനം ,ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് ,മെഡിക്കൽ ആൻഡ് സൈക്യാട്രി, ഫാമിലി ആൻഡ് ചൈൽഡ് വെൽഫെയർ എന്നി സ്പെഷലൈസേഷനുകളോട് കൂടിയ എം എസ് ഡബ്ലിയു കോഴ്സുകൾ വിവിധ സ്ഥാപനങ്ങളിൽ ലഭ്യമാണ്. പ്രധാനമായും ആശുപത്രികൾ, സ്കൂളുകൾ സർക്കാർ, സർക്കാരിതര ക്ഷേമ ഏജൻസികൾ, യു എൻ മുതലായ അന്തർദേശീയ ഏജൻസികൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശീലനം സിദ്ധിച്ച സാമൂഹ്യപ്രവർത്തകർക്ക് ജോലി സാധ്യതകൾ നിലനിൽക്കുന്നു.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങൾ തങ്ങളുടെ ലാഭത്തിന് നിശ്ചിതശതമാനം സാമൂഹ്യപ്രതിബദ്ധത ഫ്രണ്ടായി (സിഎസ്ആർ) വിനിയോഗിക്കണമെന്ന് ഇന്ത്യൻ കമ്പനി നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത് പരിശീലനം സിദ്ധിച്ച സാമൂഹ്യ പ്രവർത്തകരുടെ ജോലി സാധ്യത വർധിപ്പിക്കുന്നു.

പുതിയ വിദ്യാഭ്യാസ നയം പ്രൊഫഷണൽ സോഷ്യൽ വർക്കിനെ വലിയ രീതിയിൽ ഉൾക്കൊള്ളുന്നതാണ്. എല്ലാ വിദ്യാലയങ്ങളിലും പരിശീലനം ശ്രദ്ധിച്ച സാമൂഹ്യപ്രവർത്തകർ ഉണ്ടാകണമെന്ന് നയം വിഭാവനം ചെയ്യുന്നു. സാമൂഹ്യപ്രതിബദ്ധതയും സംഘാടന ശേഷിയും നേതൃത്വവാസനയും പ്രകടിപ്പിക്കുന്നവരെ കാത്തു നിരവധി അവസരങ്ങലാണ് ഉള്ളത് എന്നാൽ ലഭിക്കുന്ന ശമ്പളം തികച്ചും വ്യക്തിപരമായ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിർണയിക്കപ്പെടുക. അതുകൊണ്ടുതന്നെ ഈ മേഖലയിൽ കടന്നു വരാൻ ആഗ്രഹിക്കുന്നവർ സാമൂഹ്യ പ്രവർത്തനത്തോട് താൽപര്യവും അഭിരുചിയും ഉള്ളവരായിരിക്കണം എന്ന് പറയേണ്ടതില്ലല്ലോ.

ഡോ. സെമിച്ചൻ ജോസഫ്

(പരീശിലകനും സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻഎന്നെ സന്നദ്ധ സംഘടനയുടെ സഹസ്ഥാപനകനുമാണ് ഡോ. സെമിച്ചൻ ജോസഫ്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.