സമ്പാദ്യശീലം വളർത്തിയെടുക്കാൻ ആറു വഴികൾ

പണം സമ്പാദിക്കുക എന്നത് ഒറ്റദിവസം കൊണ്ട് നടക്കുന്ന കാര്യമല്ല. അതിന് കുറച്ച് സമയവും കൃത്യമായ പരിശീലനവും വേണം. വലിയ തുക തന്നെ വേണമെന്നില്ല, മാസംതോറും ചെറിയൊരു തുക മാറ്റിവച്ച് തുടങ്ങുന്നതാണ് നല്ലൊരു സമ്പാദ്യശീലം. ഭാവിയിലെ അടിയന്തര ആവശ്യങ്ങൾക്കും നമ്മുടെ കൊച്ചുകൊച്ചു ആഗ്രഹങ്ങൾക്കും ഈയൊരു ശീലം വളരെ ആവശ്യമാണ്. സമ്പാദ്യശീലം എളുപ്പത്തിൽ വളർത്തിയെടുക്കാൻ സഹായിക്കുന്ന ആറു വഴികൾ ഇതാ:

1. വരവും ചെലവും കണക്കുകൂട്ടുക

കയ്യിൽ എത്ര പണം വരുന്നുണ്ടെന്നും, അത് എന്തിനൊക്കെ ചെലവാകുന്നുണ്ടെന്നും കൃത്യമായി അറിഞ്ഞിരിക്കണം. ഇതിനായി മാസത്തിന്റെ തുടക്കത്തിൽ തന്നെ ഒരു കണക്ക് എഴുതിവയ്ക്കുക. അത്യാവശ്യ ചെലവുകൾ കഴിഞ്ഞ് എത്ര പണം ബാക്കി വയ്ക്കാൻ പറ്റുമെന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കും.

2. പണം മാറ്റി വയ്ക്കാൻ ബാങ്കിനെ ചുമതലപ്പെടുത്തുക

വരുമാനം അക്കൗണ്ടിൽ വരുമ്പോൾ തന്നെ ഒരു നിശ്ചിത തുക സ്വയം മാറ്റി വയ്ക്കുന്ന രീതി ബാങ്കിൽ സെറ്റ് ചെയ്യാം. കയ്യിൽ പണം ഇരുന്നാൽ ചെലവായി പോകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് തുടക്കത്തിൽ തന്നെ പണം മാറ്റിവയ്ക്കുന്നത് നല്ലതാണ്.

3. ഒരു ലക്ഷ്യം മനസ്സിൽ വയ്ക്കുക

വെറുതെ പണം മാറ്റിവയ്ക്കുന്നതിനേക്കാൾ നല്ലത് എന്തെങ്കിലും ഒരു കാര്യത്തിന് വേണ്ടി സമ്പാദിക്കുന്നതാണ്. അത് അത്യാവശ്യ കാര്യങ്ങൾക്കോ, ഒരു പുതിയ സാധനം വാങ്ങാനോ ആകാം. കൃത്യമായ ഒരു ലക്ഷ്യമുണ്ടെങ്കിൽ കൂടുതൽ പണം മാറ്റിവയ്ക്കാൻ നമുക്ക് തോന്നും.

4. അനാവശ്യ ചെലവുകൾ ഒഴിവാക്കുക

കടകളിലോ ഓൺലൈനിലോ കാണുന്ന സാധനങ്ങൾ പെട്ടെന്നുള്ള ആവേശത്തിൽ വാങ്ങാതിരിക്കുക. ഒരു “ഇത് എനിക്ക് അത്യാവശ്യമാണോ, അതോ വെറുമൊരു ആഗ്രഹമാണോ?” എന്ന് സ്വയം ചോദിക്കുക. ഈ ഒരു ചിന്ത വലിയൊരു തുക ലാഭിക്കാൻ സഹായിക്കും.

5. സമ്പാദ്യം പടിപടിയായി കൂട്ടുക

തുടക്കത്തിൽ ചെറിയൊരു തുക മാറ്റിവച്ച് തുടങ്ങാം. പിന്നീട് വരുമാനം കൂടുമ്പോഴോ, ചെലവുകൾ കുറയുമ്പോഴോ ഈ തുക ക്രമേണ കൂട്ടുക. ചെറിയ തുകയാണെങ്കിൽ പോലും കാലക്രമേണ അത് വലിയൊരു സമ്പാദ്യമായി മാറും.

6. മാറ്റങ്ങൾ സ്വയം വിലയിരുത്തുക

മാസം തോറും നിങ്ങളുടെ സമ്പാദ്യവും ചെലവുകളും പരിശോധിക്കുക. ചെലവുകൾ കുറച്ച് സമ്പാദ്യം ഉയരുന്നത് കാണുന്നത് നിങ്ങളിൽ വലിയൊരു ആത്മവിശ്വാസം ഉണ്ടാക്കും. കൂടുതൽ പണം ലാഭിക്കാൻ ഇത് വലിയൊരു പ്രചോദനമാകും.

വ്യക്തമായ പ്ലാനിംഗാണ് ഏതൊരു വിജയത്തിന്റെയും അടിത്തറ. സമ്പാദിക്കാൻ വലിയ തുക വേണമെന്നില്ല; ചെറിയൊരു തുകയിൽ ഇന്ന് തന്നെ തുടങ്ങാം. ആ കൊച്ചു ശീലം നാളെ നിങ്ങളുടെ ജീവിതത്തിന് വലിയൊരു സാമ്പത്തിക ഭദ്രത നൽകും.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.