ഈ പിതൃദിനത്തിൽ മാതൃക ആക്കേണ്ട ആറ് വിശുദ്ധർ

ജൂൺ 19- ന് ലോക പിതൃ ദിനമാണ്. ഈ ദിനത്തിൽ പിതാക്കന്മാർ മാതൃകയാക്കേണ്ട ആറ് വിശുദ്ധരെ നമുക്കൊന്ന് പരിചയപ്പെടാം.

1.വിശുദ്ധ ജോസഫ്

വി. ജോസഫിനെ ദൈവം ഏല്പിച്ച കർത്തവ്യമായിരുന്നു യേശുവിന്റെ വളർത്തു പിതാവാകുക എന്നത്. തന്നെ ഏൽപ്പിക്കപ്പെട്ടിരുന്ന ദൗത്യം വളരെ വിശ്വസ്തതയോടെ നിർവഹിച്ച വ്യക്തിയായിരുന്നു വി. ജോസഫ്. അദ്ദേഹം ഒരു മരപ്പണിക്കാരനായിരുന്നു. നല്ല മരണത്തിനുള്ള പ്രത്യേക മധ്യസ്ഥനാണ് ഈ വിശുദ്ധൻ. കാരണം വി. ജോസഫിന്റെ മരണസമത്ത് അദ്ദേഹത്തോടൊപ്പം മാതാവും യേശുവും ഉണ്ടായിരുന്നു. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവത്തിൽ ആശ്രയിക്കാനും പ്രാർത്ഥിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

2. വിശുദ്ധ ലൂയി മാർട്ടിൻ

ലിസ്യുവിലെ വി. കൊച്ചു ത്രേസ്യാ പുണ്യവതിയുടെ പിതാവാണ് വി. ലൂയി മാർട്ടിൻ. ചെറുപ്പത്തിൽ ഒരു വൈദികനാകാനാണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നാൽ അദ്ദേഹത്തെപ്പറ്റിയുള്ള ദൈവഹിതം മറ്റൊന്നായിരുന്നു. അങ്ങനെ ലൂയി, സെലിൻ എന്ന യുവതിയെ വിവാഹം കഴിച്ചു. അവരുടെ ദാമ്പത്യ ജീവിതത്തിൽ ദൈവം അവർക്ക് നൽകിയത് ഒൻപത് കുഞ്ഞുങ്ങളെയാണ്. എന്നാൽ അതിൽ നാല് കുട്ടികൾ ചെറുപ്പത്തിൽ തന്നെ മരണമടഞ്ഞു. അവർ കുട്ടികളെ വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തി. അധികം വൈകാതെ കാൻസർ രോഗം മൂലം സെലിൻ മരിച്ചപ്പോൾ, ലൂയി തന്റെ മക്കളെയുംക്കൂട്ടി ലിസ്യുവിലേക്ക് താമസം മാറി. പിൽക്കാലത്ത് അഞ്ച് പെൺകുട്ടികളും സന്യസ്ത ജീവിതം തിരഞ്ഞെടുത്തു. 2015 ഒക്ടോബറിലാണ് ലൂയി – സെലിൻ ദമ്പതികളെ കത്തോലിക്കാ സഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയത്.

3. വിശുദ്ധ തോമസ് മൂർ

1477- ൽ ലണ്ടനിലാണ് വി. തോമസ് മൂർ ജനിച്ചത്. ഒരു അഭിഭാഷകനെന്ന നിലയിൽ അദ്ദേഹം ലണ്ടനിൽ പ്രശസ്തിയാർജ്ജിച്ചിരുന്നു. തുടർന്ന് തോമസ് എന്ന അഭിഭാഷകൻ ഉയർന്ന സർക്കാർ സ്ഥാനങ്ങളിൽ എത്തി. തോമസ് എഴുതിയ ‘ഉട്ടോപ്യ’ എന്ന പുസ്തകം ഹെൻറി എട്ടാമൻ രാജാവിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ നിലവിലുള്ള ഭാര്യയെ ഉപേക്ഷിക്കാനും കത്തോലിക്കാ സഭയിൽ നിന്ന് വേർപിരിഞ്ഞ് ആംഗ്ലിക്കൻ സഭ രൂപീകരിക്കാനുമുള്ള രാജാവിന്റെ ആഗ്രഹത്തെ അദ്ദേഹം എതിർത്തു. തുടർന്ന് രാജാവ് തോമസിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. തടങ്കലിൽ കഴിയുന്ന തോമസിനെ മകൾ മാർഗരിറ്റ പലപ്പോഴും സന്ദർശിച്ചിരുന്നു. അപ്പോഴൊക്കെ ഇരുവരും ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നു. തന്റെ ബോധ്യങ്ങളിൽ തന്നെ ഉറച്ചുനിന്നതിന്, അദ്ദേഹത്തെ രാജ്യദ്രോഹിയായി പ്രഖ്യാപിക്കുകയും 1535 ജൂലൈ ആറിന് ശിരഛേദം ചെയ്ത് വധിക്കുകയുമാണ് ചെയ്‌തത്.

4. വിശുദ്ധ ഇസിഡ്രോ ലാബ്രഡോർ

സ്‌പെയിൻക്കാരനായ വി. ഇസിഡ്രോ ചെറുപ്പം മുതൽ കൃഷിയിടങ്ങളിൽ ജോലി ചെയ്‌തിരുന്നു. മുതിർന്നപ്പോൾ അദ്ദേഹം വിവാഹം ചെയ്‌തതും ഒരു കർഷകയായ യുവതിയെയായിരുന്നു. വി. മരിയ ഡി ലാ കാബേസയായിരുന്നു അത്.

ഇവരുടെ മകൻ ഒരിക്കൽ കിണറ്റിൽ വീണതായി ചരിത്രം പറയുന്നുണ്ട്. മകന് അപകടം സംഭവിച്ചപ്പോൾ അവർ തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു. തുടർന്ന് കിണറ്റിലെ വെള്ളം ഉയരാൻ തുടങ്ങുകയും അപകടമൊന്നും പറ്റാതെ ആ ബാലൻ വെള്ളത്തിന് മുകളിലേക്ക് പൊങ്ങിവരുകയും ചെയ്‌തുവത്രേ.

മകന് പ്രായപൂർത്തിയായ ശേഷം ഇരുവരും പ്രാർത്ഥനയിൽ കൂടുതൽ സമയം ചിലവഴിക്കാനും ദൈവത്തോട് കൂടുതൽ അടുക്കാനുമായി വേർപിരിയാൻ തീരുമാനിച്ചു. അങ്ങനെ മരിയ ഡി ലാ കാബേസ ഏകാന്ത ജീവിതത്തിനായി ഒരു ആശ്രമത്തിലേക്ക് പോയി. ഇസിഡ്രോയാകട്ടെ തന്റെ കൃഷിയിടങ്ങളിൽ ജോലി ചെയ്തും പ്രാർത്ഥിച്ചും ശിഷ്ടകാലം ജീവിച്ചു. 1172 നവംബർ 30- നാണ് അദ്ദേഹം അന്തരിച്ചത്.

5. ഫ്രാൻസിലെ വിശുദ്ധ ലൂയി

1214- ൽ ജനിച്ച ലൂയിസ് ഒമ്പതാമൻ, പന്ത്രണ്ടാം വയസ്സിൽ ഫ്രാൻസിലെ രാജാവായി കിരീടമണിഞ്ഞു. അവന്റെ അമ്മ അവനോട് ഇപ്രകാരം പറയാറുണ്ടായിരുന്നു: “മകനേ, പാപം ചെയ്യുന്നതിനേക്കാൾ നീ മരിക്കുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്”. നന്മ, നീതി, ദാനധർമ്മം, ഭക്തി എന്നിവ ലൂയിസ് ഒമ്പതാമൻ രാജാവിനെ വ്യത്യസ്തനാക്കിയിരുന്നു എന്നതിൽ തെല്ലും സംശയമില്ല.

പ്രൊവെൻസിലെ മാർഗരറ്റിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് 11 കുട്ടികളുമുണ്ടായിരുന്നു. കുട്ടികളെല്ലാവരെയും വിശുദ്ധിയിലും വിശ്വാസത്തിലും വളർത്തുന്നതിൽ ഈ മാതാപിതാക്കൾ ശ്രദ്ധാലുക്കളായിരുന്നു. രണ്ട് കുരിശുയുദ്ധങ്ങളിൽ പങ്കെടുത്ത അദ്ദേഹം 1270 ഓഗസ്റ്റിലാണ് നിത്യസമ്മാനത്തിനായി യാത്രയാകുന്നത്. ഒരു നല്ല ഭരണാധികാരി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഒരു കുറിപ്പും അദ്ദേഹം തന്റെ മകനും ഭാവി രാജാവുമായ ഫിലിപ്പ് മൂന്നാമന് എഴുതിയിരുന്നു.

6. ഹംഗറിയിലെ വിശുദ്ധ സ്റ്റീഫൻ

വി. സ്റ്റീഫൻ ഹംഗറിയിലെ രാജാവും ബവേറിയയിലെ വാഴ്ത്തപ്പെട്ട ഗിസെലയുടെ ഭർത്താവും വി. എമെറിക്കിന്റെ പിതാവുമായിരുന്നു. സഭയോട് വലിയ സ്നേഹമുണ്ടായിരുന്ന ഈ വിശുദ്ധൻ സഹായ വിതരണത്തിനായി രാത്രിയിൽ രാജകിയ വസ്ത്രം മാറ്റി സാധാരണ വേഷമണിഞ്ഞ് പുറത്തിറങ്ങുമായിരുന്നു. ഒരു രാജാവിനുവേണ്ട സദ്ഗുണങ്ങളെക്കുറിച്ച് അദ്ദേഹം ഭാവി രാജാവായ തന്റെ മകനെ ഉപദേശിക്കുമായിരുന്നു. എന്നാൽ റോമൻ രാജാവായ കോൺറാഡ് രണ്ടാമനുമായുള്ള യുദ്ധത്തിൽ അദ്ദേഹത്തിന്റെ മകൻ മരണമടഞ്ഞു. എന്നിരുന്നാലും അദ്ദേഹം ഒരിക്കലും ദൈവത്തെ പഴിപറഞ്ഞിട്ടില്ല. ദൈവം തന്നത് ദൈവം തിരികെയെടുത്തു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ മകന്റെ മരണത്തെ സ്വീകരിച്ചു. 1038- ൽ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോഹണ തിരുനാളായ ഓഗസ്റ് 15- നാണ് വി. സ്റ്റീഫൻ ഇഹലോക വാസം വെടിയുന്നത്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.