ഏഴ് മുഖ്യദൂതന്മാരും പ്രത്യേകതകളും

മാലാഖമാർ വഴികാട്ടിയായി ഉണ്ടായിരിക്കുക എന്നത് നമ്മുടെ വിശ്വാസജീവിതത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. നാം ജനിക്കുമ്പോൾ മുതൽ നമ്മെ കാത്തുപരിപാലിക്കാൻ ഒരു കാവൽ മാലാഖയെ നമുക്കായി ദൈവം നൽകിയിരിക്കുന്നു എന്നാണ് വിശ്വാസം. ക്രിസ്തീയപാരമ്പര്യമനുസരിച്ച്, നാം ഓരോരുത്തരുടെയും ആത്മാവിനെയും ശരീരത്തെയും കാത്തുപരിപാലിക്കുന്ന അരൂപികളായ ഈ മാലാഖമാർക്ക് വിശുദ്ധരുടെ ശ്രേണിക്കൊപ്പം തന്നെ പ്രാധാന്യം കൊടുക്കുന്നു.

വിശുദ്ധ ഗ്രന്ഥത്തിൽ വ്യക്തികളെ സംരക്ഷിക്കാൻ ദൈവം അവിടുത്തെ ദൂതന്മാരെ അയച്ച നിരവധി സംഭവങ്ങൾ പരാമർശിക്കുന്നുണ്ട്. സ്വർഗ്ഗത്തിൽ ഓരോ നിമിഷവും ദൈവത്തിന്റെ മുഖത്തെ ധ്യാനിക്കുകയും ഒരോ നിമിഷവും നമ്മെ നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മാലാഖമാരെക്കുറിച്ച് പറഞ്ഞുകൊണ്ട് ഏറ്റവും എളിയവനെപ്പോലും ബഹുമാനിക്കാൻ യേശു നമ്മെ ക്ഷണിക്കുന്നു.

ദൈവകൃപക്കുള്ളിൽ ജീവിക്കുന്ന ഏതൊരാളുമായും കാവൽ മാലാഖ ബന്ധപ്പെട്ടിരിക്കുന്നു. തെർത്തുല്യൻ, വി. അഗസ്റ്റിൻ, വി. അംബ്രോസ്, വി. ജോൺ ക്രിസോസ്‌തോം, വി. ജെറോം, വി. ഗ്രിഗറി തുടങ്ങിയ സഭാപിതാക്കന്മാരെല്ലാവരും തങ്ങളുടെ ജ്ഞാനത്താൽ ഓരോ വ്യക്തിക്കും ഓരോ കാവൽ മാലാഖയുണ്ടെന്ന് വെളിപ്പെടുത്തുന്നുണ്ട്. 1545-1563 കാലഘട്ടത്തിലെ ട്രെന്റ് കൗൺസിൽ ഓരോ വ്യക്തിക്കും ഓരോ മാലാഖയുണ്ടെന്നു പ്രസ്താവിച്ചു.

ഏഴാം നൂറ്റാണ്ടിൽ പോൾ അഞ്ചാമൻ മാർപാപ്പയാണ് കാവൽ മാലാഖയുടെ തിരുനാൾ ദിനം ആദ്യമായി പ്രഖ്യാപിക്കുന്നത്. അതിനു ശേഷം വിശ്വാസികൾ കാവൽ മാലാഖമാരുടെ സംരക്ഷണത്തിനായി പ്രത്യേകം പ്രാർത്ഥിക്കാൻ ആരംഭിച്ചു. പ്രത്യേകിച്ച് കുട്ടികൾ തിന്മയുടെ ശക്തിയിൽ ഉൾപ്പെടാതിരിക്കാനായി മാതാപിതാക്കൾ തങ്ങളുടെ മക്കളെ കാവൽ മാലാഖമാരുടെ സംരക്ഷണത്തിനായി പ്രത്യേകം സമർപ്പിച്ചിരുന്നു.

ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ പല സാഹചര്യങ്ങളിലും സഹായമായി ഇടപെടുന്ന, രോഗശാന്തി നൽകുന്ന, വഴികാട്ടികളാകുന്ന ദൂതന്മാരെക്കുറിച്ച് വിശുദ്ധ ബൈബിളിൽ സൂചിപ്പിക്കുന്നുണ്ട്. പുതിയനിയമത്തിലും പഴയനിയമത്തിലുമായി പരാമർശിക്കപ്പെട്ടിരിക്കുന്ന ഏഴു മുഖ്യദൂതന്മാരെക്കുറിച്ചും അവരുടെ പ്രത്യേകതകളെയും വായിച്ചറിയാം.

1. മുഖ്യദൂതനായ വി. മിഖായേൽ

‘ദൈവത്തെപ്പോലെയുള്ളവൻ’ എന്നാണ് മിഖായേൽ എന്ന പേരിനർത്ഥം. മിഖായേൽ മാലാഖയെ ഏറ്റവും ശക്തിയുള്ള സംരക്ഷകനായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്. മാലാഖവൃന്ദത്തിന്റെ നേതാവായും നീതി, കരുണ, ദയ എന്നിവയുടെ രക്ഷാധികാരിയായും കണക്കാക്കപ്പെടുന്നു. തിരുവെഴുത്തുകളിൽ അദ്ദേഹത്തെ മിക്കപ്പോഴും വാളെടുക്കുന്ന യോദ്ധാവായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

നിങ്ങളുടെ സുരക്ഷയെക്കുറിച്ച് നിങ്ങൾ ഭയപ്പെടുകയോ, ആശയക്കുഴപ്പത്തിലാകുകയോ, ആശങ്കപ്പെടുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ മുഖ്യദൂതനായ മിഖായേലിനോടുള്ള പ്രാർത്ഥന ഈ വിഷമതയിൽ നിന്ന് കരകയറ്റാൻ നമ്മെ സഹായിക്കുന്നു. ഭയവും സംശയവുമകറ്റാൻ മിഖായേൽ മാലാഖയോട് പ്രത്യേകമായി നമുക്ക് അപേക്ഷിക്കാവുന്നതാണ്. കൂടാതെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ നമ്മെ പിന്തുണക്കാൻ ഈ മാലാഖയുടെ സഹായവും നമുക്ക് തേടാവുന്നതാണ്.

മെക്കാനിക്കൽ, ഇലക്ട്രിക്കൽ പ്രശ്നങ്ങൾ പരിഹരിക്കുന്നവർ മിഖായേൽ മാലാഖയോട് പ്രാർത്ഥിക്കാറുണ്ട്. ധൈര്യം, ദിശാബോധം, ഉണർവ്വ്, ഊർജ്ജസ്വലത, പ്രചോദനം, ആത്മാഭിമാനം തുടങ്ങി ജീവിതത്തിന്റെ എല്ലാ ആവശ്യങ്ങളിലും പ്രത്യേകമാംവിധം സഹായിക്കാൻ മിഖായേൽ മാലാഖക്കു കഴിയും.

2. റഫായേൽ മാലാഖ

‘ദൈവം സുഖപ്പെടുത്തി’ എന്നാണ് റഫായേൽ എന്ന പേരിന് അർത്ഥം. മാനസികവും ശാരീരികവുമായ അസുഖങ്ങളെയും അസ്വസ്ഥതകളെയും സുഖപ്പെടുത്താനായി വിശ്വാസികൾ ഈ മാലാഖയുടെ പ്രത്യേക സഹായം അപേക്ഷിക്കാറുണ്ട്. ഐക്യവും സമാധാനവും പുനഃസ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും ഈ ദൂതൻ സഹായിക്കുന്നു. യാത്ര ചെയ്യുന്നവരുടെ രക്ഷാധികാരി കൂടിയാണ് റഫായേൽ മാലാഖ. സുരക്ഷിതമായ സുഖയാത്രക്കായി നമുക്ക് ഈ ദൂതനോട് പ്രാർത്ഥിക്കാം.

3. ഗബ്രിയേൽ മാലാഖ

‘ദൈവമാണ് എന്റെ ശക്തി’ എന്നാണ് ഗബ്രിയേൽ എന്ന പേരിന്റെ അർത്ഥം. ആശയവിനിമയത്തിന്റെ രക്ഷാധികാരിയായി പ്രവർത്തിക്കുന്ന ഈ ദൂതൻ എഴുത്തുകാരുടെയും അദ്ധ്യാപകരുടെയും പത്രപ്രവർത്തകരുടെയും കലാകാരന്മാരുടെയും പ്രത്യേക സംരക്ഷകനാണ്. കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പ്രത്യേകമാംവിധം ഗർഭധാരണം, പ്രസവം, ശിശുക്കളെ വളർത്തൽ എന്നിവയോടുള്ള ഭയം, വിമുഖത എന്നീ പ്രശ്നങ്ങളെ മറികടക്കാനുമായി ഈ മാലാഖയോട് നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്.

4. ജോഫിയേൽ മാലാഖ

കലാകാരന്മാരുടെ രക്ഷാധികാരിയായി അറിയപ്പെടുന്ന ഈ മാലാഖയുടെ പേരിനർത്ഥം ‘ദൈവത്തിന്റെ സൗന്ദര്യം’ എന്നാണ്. ജീവിതത്തിലെ സൗന്ദര്യം കാണാനും നിലനിർത്താനും ഈ മാലാഖ നമ്മെ സഹായിക്കുന്നു. മനോഹരമായ ചിന്തകൾ ഉദ്ധീപിപ്പിക്കുന്നതിനും ഭാവവാത്മകമായി ചിന്തിക്കുന്നതിനും ഈ ദൂതനോട് പ്രാർത്ഥിക്കാറുണ്ട്‌. അതോടൊപ്പം നമ്മുടെ ചുറ്റുപാടുകളിലും ഹൃദയങ്ങളിലും സൗന്ദര്യം സൃഷ്ടിക്കുന്നതിനും പ്രകടമാക്കുന്നതിനും ഈ മാലാഖയോടുള്ള പ്രാർത്ഥനക്ക് നമ്മെ പിന്തുണക്കാൻ സാധിക്കും.

കലാകാരന്മാരുടെ സൃഷ്ടികൾക്ക് പിന്തുണ നൽകാനും അഹങ്കാരത്തെ മെരുക്കാനും ജ്ഞാനത്തിന്റെ കാഴ്ചപ്പാട് നൽകി നമ്മെ ഉയർത്തുന്നതിനും ഈ ദൂതൻ നമ്മെ സഹായിക്കും. വ്യത്യസ്തമായ കാഴ്‌ച്ചപ്പാടിൽ നിന്നുകൊണ്ട് കാര്യങ്ങളെ അപഗ്രഥിക്കാൻ നമ്മെ സഹായിക്കുന്ന പ്രധാന ദൂതനാണ് ജോഫിയേൽ.

5. ഏരിയൽ മാലാഖ

മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും രക്ഷാധികാരിയാണ് ഈ മാലാഖ. ‘ദൈവത്തിന്റെ സിംഹം അല്ലെങ്കിൽ സിംഹം’ എന്നാണ് ഈ മാലാഖയുടെ പേരിന്റെ അർത്ഥം. ഭൂമിയെയും അതിന്റെ പ്രകൃതിവിഭവങ്ങളെയും ആവാസവ്യവസ്ഥയെയും എല്ലാ വന്യജീവികളെയും സംരക്ഷിക്കുക എന്നതാണ് ഈ മാലാഖയുടെ ദൗത്യം. പരിസ്ഥിതി വാദം, പരിസ്ഥിതി സംരക്ഷണം എന്നിവയിലൊക്കെ പിന്തുണയും മാർഗ്ഗനിർദ്ദേശവും ഈ ദൂതനിലും നിന്ന് നമുക്ക് ലഭിക്കും. ഗ്രഹങ്ങൾ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രപഞ്ചത്തിന്റെ ക്രമം നിരീക്ഷിക്കുന്നതിനും ഈ ദൂതൻ പ്രത്യേകമായി സഹായിക്കുന്നു.

പ്രകൃതിയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നവർ, പര്യവേഷണം നടത്തുന്നവർ എന്നിവർ തങ്ങളുടെ അറിവുകളും അവബോധവും ആഴത്തിൽ ബന്ധിപ്പിക്കാനുമുള്ള കൃപക്കായി ഈ മാലാഖയോട് പ്രാർത്ഥിക്കാറുണ്ട്‌. പ്രകൃതിവിഭവങ്ങളെ പ്രത്യേകമായി സംരക്ഷിക്കുന്ന ഏരിയൽ മാലാഖ ഭക്ഷണം, വെള്ളം, പാർപ്പിടം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയ്ക്കുള്ള നമ്മുടെ ആവശ്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ സഹായിയായി വർത്തിക്കും.

6. അസ്രായേൽ മാലാഖ

മരണത്തിന്റെ ദൂതനായി കരുതപ്പെടുന്ന അസ്രായേൽ മാലാഖയുടെ പേരിനർത്ഥം ‘ദൈവം ആരെയും സഹായിക്കുന്നു’ എന്നാണ്. ആത്മാക്കളെ കണ്ടുമുട്ടുകയും പരിവർത്തനം വരുത്താൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ ദൂതന്റെ ദൗത്യം. ആത്മീയാചാര്യന്മാർക്ക് വേദനയിൽ കഴിയുന്നവരെ ആശ്വസിപ്പിക്കാൻ തക്കവിധം അവരുടെ വാക്കുകളെയും പ്രവർത്തനങ്ങളെയും ക്രമീകരിക്കാൻ ഈ മാലാഖക്കു സാധിക്കും. മരണം മൂലമുള്ള എല്ലാ നഷ്ടങ്ങളെയും സുഖപ്പെടുത്താൻ ഈ ദൂതനോട് പ്രത്യേകമായി പ്രാർത്ഥിക്കാം. ബന്ധങ്ങൾ, ജോലി, ആസക്തികൾ എന്നിവയുമായി ബന്ധപ്പെട്ട പരിവർത്തനങ്ങൾക്കും ഈ ദൂതൻ സഹായിക്കുന്നു.

7. ഷമിയെൽ മാലാഖ

‘ദൈവത്തെ കാണുന്നവൻ’ എന്നാണ് ഈ മാലാഖയുടെ പേരിനർത്ഥം. ഭയത്തിൽ നിന്ന് നമ്മെ രക്ഷിക്കുക എന്നതാണ് ഈ മാലാഖയുടെ പ്രധാന ദൗത്യം. ആയതിനാൽ ലോകത്തെ ഭയത്തിൽ നിന്ന് സംരക്ഷിക്കുക, നെഗറ്റീവ് എനർജികൾ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങൾക്കെല്ലാമായി ഈ മാലാഖയോട് പ്രാർത്ഥിക്കാവുന്നതാണ്. എല്ലാ കാര്യങ്ങളും തമ്മിൽ പരസ്പരബന്ധം കാണാൻ ഈ മാലാഖക്ക് പ്രത്യേകമായ കഴിവുണ്ട്. അതിനാൽ തന്നെ നമ്മുടെ മുമ്പിൽ രക്ഷിക്കാൻ ആരുമില്ലെന്ന തോന്നലുണ്ടാകുമ്പോൾ പ്രതികൂലസാഹചര്യങ്ങളെ നേരിടാനുള്ള കരുത്തും ധൈര്യവും കണ്ടെത്താൻ ഈ മാലാഖയോട് നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്. നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്താനും ജീവിതലക്ഷ്യങ്ങൾ, പുതിയ ബന്ധം, പുതിയ ജോലി, പിന്തുണക്കുന്ന സൗഹൃദങ്ങൾ എന്നിവ പോലുള്ള നമ്മുടെ ജീവിതത്തിന്റെ പ്രധാന ഭാഗങ്ങൾ കണ്ടെത്താനും ഈ മാലാഖയ്ക്ക് സഹായിക്കാനാകും. ഉത്കണ്ഠ എടുത്തുമാറ്റാനും സമാധാനം കൊണ്ടുവരാനും ബന്ധങ്ങളിലെ തെറ്റിധാരണകൾ പരിഹരിക്കാനും ഈ ദൂതനോടുള്ള പ്രാർത്ഥന നമ്മെ സഹായിക്കുന്നു.

ജീവിതത്തിന്റെ ഏതൊരു മേഖലയിലും വിശുദ്ധരോടൊപ്പം തന്നെ നമുക്ക് മാദ്ധ്യസ്ഥമപേക്ഷിക്കാൻ മാലാഖമാരെയും ദൈവം നിയോഗിച്ചിട്ടുണ്ട്. ഇവരുടെ പ്രത്യേകമായ സാന്നിധ്യവും സംരക്ഷണവും നമ്മുടെ ജീവിതത്തെ കൂടുതൽ ഊഷ്മളവും ദൈവവിശ്വാസത്തിലൂന്നിയതുമായി മാറ്റാൻ സഹായിക്കട്ടെ.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.