
ക്ഷമയും ദൈവത്തിന്റെ ഉപാധികളില്ലാത്ത സ്നേഹവുമാണ് ക്രിസ്തീയജീവിതത്തിന്റെ യഥാർഥ അടിത്തറയെന്നും, ക്ഷമിക്കുന്നതിലൂടെ മാത്രമേ മനുഷ്യന് സ്വാതന്ത്ര്യവും ജീവിതത്തിലേക്ക് വെളിച്ചവും തിരികെ ലഭിക്കൂ എന്നും ലെയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാർഥനയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“പാപമോചനവും ക്ഷമയും നൽകുന്നതിലൂടെ മാത്രമേ വെളിച്ചത്തിലേക്ക് മടങ്ങിവരാൻ സാധിക്കൂ. മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ ദാരിദ്ര്യം കാരണം വഴികൾ ഇരുളടഞ്ഞുപോകുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലും ക്ഷമ എന്ന അനുകൂല കാറ്റ് കനത്ത മേഘങ്ങളെപ്പോലും അകറ്റിമാറ്റി വീണ്ടും സൂര്യപ്രകാശം നൽകുന്നു,” മാർപാപ്പ പറഞ്ഞു.
തന്നെ തള്ളിപ്പറഞ്ഞ പത്രോസ് ശ്ലീഹായോട് ഉത്ഥിതനായ യേശുക്രിസ്തു കാണിച്ച കരുണയെയും ക്ഷമയെയും കുറിച്ച് മാർപാപ്പ തന്റെ സന്ദേശത്തിൽ പരാമർശിച്ചു. മുൻകാലത്തെ തെറ്റുകളെല്ലാം മറന്ന് യേശു നൽകിയ സ്നേഹമാണ് പത്രോസിന് തന്റെ ദൗത്യം തുടരാനുള്ള കരുത്ത് നൽകിയത്.
ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പോലും എപ്പോഴും മറ്റുള്ളവരോട് ക്ഷമിക്കാനുള്ള കൃപയ്ക്കായി പ്രാർഥിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു. വെറുപ്പിനെ തോൽപിക്കുകയും വിദ്വേഷത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന ദൈവസ്നേഹത്തിന്റെ ശാന്തവും രോഗശാന്തി നൽകുന്നതുമായ വെളിച്ചം ധൈര്യത്തോടും സ്ഥിരതയോടും കൂടി ലോകമെമ്പാടും വ്യാപിപ്പിക്കാൻ ദൈവത്തോട് പ്രാർഥിക്കണമെന്നും പാപ്പ വിശ്വാസികളെ ഓർമ്മിപ്പിച്ചു.




