ജീവിതത്തിൽ മടുപ്പ് അനുഭവിക്കുന്ന അമ്മമാർക്കായി ചില നിർദ്ദേശങ്ങൾ

“സ്നേഹിതന്മാർക്ക് വേണ്ടി ജീവൻ ത്യജിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല.” (യോഹന്നാൻ 15:13). വിശുദ്ധ ഗ്രന്ഥത്തിലൂടെ ഈശോ പറഞ്ഞു വയ്ക്കുന്ന വലിയ ഒരു സന്ദേശമാണ് ഇത്. പലപ്പോഴും ഈ വചനം പല അമ്മമാരും ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുകയാണ്. ഭർത്താവിന് വേണ്ടി, മക്കൾക്കും മാതാപിതാക്കൾക്കും വേണ്ടി സ്വന്തം ഇഷ്ടങ്ങൾ പോലും ത്യജിച്ചു അവർ ഓടുകയാണ്. ആ ഓട്ടത്തിനിടയിൽ പലപ്പോഴും ഞാൻ എന്നോ, എന്റെ എന്നോ ചിന്തകൾ അമ്മമാർക്ക് ഇല്ല.

എന്നാൽ ചില അവസരങ്ങളിൽ എങ്കിലും അവർ ഒന്ന് തളരും. ജോലിഭാരവും ഭാരിച്ച ഉത്തരവാദിത്വങ്ങളും ബഹളങ്ങളും എല്ലാം കൂടെ ആകുമ്പോൾ ഒരു നിമിഷം എങ്കിലും ഇവിടെ നിന്നും ഒന്ന് രക്ഷപ്പെട്ടാൽ മതി എന്ന് ചിന്തിക്കാത്തവർ ഉണ്ടാകില്ല. അല്ലെങ്കിൽ അൽപ്പം സ്വസ്ഥതയോടെ ഇരിക്കുവാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന അമ്മമാർക്കായി ഏതാനും നിർദ്ദേശങ്ങൾ ഇതാ…

1. കർത്താവിലേക്ക് തിരിയുക

അമ്മമാർ ക്ഷീണിതരും അസ്വസ്ഥരുമാകുമ്പോൾ കർത്താവിലേക്ക് തിരിയുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. മടുത്തിരിക്കുന്ന അവസ്ഥയിൽ ദൈവീക ചിന്ത മനസിലേയ്ക്ക് ഓടിയെത്തണം എങ്കിൽ അവർ അത്രയധികം ആത്മീയതയിൽ ഉറച്ചു നിൽക്കുന്നവരാകണം. അല്ലാത്തവർക്ക് അത് പെട്ടന്ന് സാധിക്കുകയില്ല. അൽപ്പം പ്രയാസകരമാണെങ്കിലും ദൈവത്തിലേക്ക് തിരിയുവാനും അവിടുത്തെ സ്നേഹത്തിന്റെ അടയാളം കർത്താവിൽ നിന്ന് സ്വീകരിക്കുവാനും നാം ശ്രമിക്കണം എന്ന് സങ്കീർത്തകൻ നമ്മെ ഓർമിപ്പിക്കുന്നു.

2. കർത്താവിന്റെ സ്നേഹത്തെക്കുറിച്ച് ഉറപ്പുണ്ടായിരിക്കുക

പ്രയാസകരമായ നിമിഷങ്ങളിൽ, നാം ചിലപ്പോൾ കർത്താവിന്റെ സാന്നിധ്യത്തെയോ അല്ലെങ്കിൽ നമ്മോടുള്ള അവന്റെ സ്നേഹത്തെയോ പോലും സംശയിക്കുന്നു – അല്ലെങ്കിൽ ഈ സ്നേഹത്തിന് ഞങ്ങൾ അർഹരല്ലെന്ന് സ്വയം പറയും. എന്നാൽ നാം നിരസിക്കുമ്പോഴല്ലാതെ ദൈവം നമ്മെ വിട്ടു പോവുകയില്ല എന്ന് മനസിലാക്കുക.

3. നിങ്ങളുടെ ഭാരം കർത്താവിനെ ഏൽപ്പിക്കുക

“ഭാരം ചുമക്കുന്നവരും ക്ഷീണിതരുമായിരിക്കുന്നവരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.” (മത്തായി 11:28) കർത്താവ് നമ്മെത്തന്നെ ആശ്വസിപ്പിക്കാൻ അനുവദിക്കുന്നത് വളരെ വലിയ ഒരു കാര്യമാണ്. നമ്മുടെ സങ്കടങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും ബലഹീനതകളുടെയും എല്ലാ ഭാരവും അവന്റെ മേൽ ഇറക്കിവയ്ക്കുക. അവിടുന്ന് ആവശ്യപ്പെടുന്നത് ഒരേ ഒരു കാര്യം മാത്രമാണ്. നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുവാൻ അവിടുത്തേയ്ക്കു ഒരു ഇടം. ആ ഇടം നൽകിയാൽ അവൻ ബാക്കി എല്ലാം നോക്കി കൊള്ളും.

4. കർത്താവിൽ ആശ്രയിക്കുക

നമ്മുടെ ജീവിതത്തിൽ താളം തെറ്റലുകൾ ഉണ്ടാകുമ്പോൾ അവയൊക്കെ നമ്മുടെ നന്മയ്ക്കായിട്ടാണെന്ന് വിശ്വസിക്കുക പ്രയാസകരമാണ്. രോഗങ്ങളും പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും വലിയ നന്മയിലേക്ക് നയിക്കുമെന്ന് നമുക്ക് എങ്ങനെ സങ്കൽപ്പിക്കാൻ കഴിയും? ഇത്തരം സാഹചര്യത്തിൽ വിശ്വാസം പ്രധാനപ്പെട്ട ഒരു ഘടകമാണ്. ദൈവം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയില്ല. അതിനാൽ പൂർണ്ണമായും കർത്താവിനു സമർപ്പിക്കുവാൻ നമ്മൾ തയ്യാറാകണം. എല്ലാം നല്ലതിനെന്ന വിശ്വാസം നമ്മെ പോസിറ്റിവ് ആയി നിലനിർത്തുന്ന ഒരു ഘടകം കൂടി ആണ്.

5. നിങ്ങളുടെ കുട്ടികൾക്കായി വിശുദ്ധി ലക്ഷ്യം വെക്കുക

“എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്ന് കേൾക്കുമ്പോൾ ഇതിലും വലിയ സന്തോഷം എനിക്കില്ല.” (3 യോഹന്നാൻ 4). നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ അതെല്ലാം ദൈവത്തിനു സമർപ്പിച്ചു കൊണ്ട് മക്കളുടെ വിശുദ്ധിക്കായി പ്രാർത്ഥിക്കാം. അത് വളരെ ഫലവത്തായ ഒന്നാണ്.

6. ക്ഷമിക്കാം

നമ്മുടെ ചുറ്റുമുള്ള ആളുകളോട് നാം ക്ഷമിക്കുമ്പോൾ നമ്മുടെ ഉള്ളിൽ സമാധാനം നിറയും. അനുരഞ്ജനം എന്നത് വരുത്തിയ ദ്രോഹത്തെയോ അല്ലെങ്കിൽ വരുത്തിയ മുറിവിനെയോ ക്ഷമിക്കുന്നതിനെ സൂചിപ്പിക്കുന്നു. ലോകത്തിന് ക്ഷമ ആവശ്യമാണ്. അനേകം ആളുകൾ നീരസത്തിലും വെറുപ്പിലും കഴിയുന്നു, ക്ഷമിക്കാൻ കഴിയാതെ, ശാന്തതയുടെയും സമാധാനത്തിന്റെയും സന്തോഷം തേടുന്നതിനുപകരം തങ്ങളുടെ ജീവിതത്തെയും മറ്റുള്ളവരുടെ ജീവിതത്തെയും വിഷലിപ്തമാക്കുന്നു എന്ന് ഫ്രാൻസിസ് പാപ്പായും ഓർമിപ്പിക്കുന്നു.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.