ക്രിസ്തുമസ് ആചരണത്തിലെ ആഘോഷങ്ങളും അടയാളങ്ങളും പ്രതീകങ്ങളും – സാന്റാക്ലോസ്

നാലാം നൂറ്റാണ്ടില്‍ ഗ്രീസില്‍ ജീവിച്ചിരുന്ന ബിഷപ്പ് നിക്കോളാസാണ് ഇന്ന് വളരെ പ്രശസ്തനായിത്തീര്‍ന്നിരിക്കുന്ന സാന്റാക്ലോസ് അഥവാ ക്രിസ്തുമസ് പാപ്പ. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഡയോക്ലീഷ്യന്റെ കാലത്ത് മതപീഠനത്തിന് ഇരയായ വി. നിക്കോളാസ്, കോണ്‍സ്റ്റന്‍ന്റീന്റെ കാലത്ത് സ്വതന്ത്രനാവുകയും നിഖ്യാ (A.D. 325) സൂനഹദോസില്‍ സംബന്ധിക്കുകയുംചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ ജന്മനാടായ ഗ്രീസില്‍നിന്നും എ.ഡി. 1087 -ല്‍ ഇറ്റാലിയന്‍ കച്ചവടക്കാര്‍ അദ്ദേഹത്തിന്റെ മൃതശരീരം മോഷ്ടിക്കുകയും ഇറ്റലിയിലെ ബാരിയിലുള്ള ഒരു പള്ളിയില്‍ സ്ഥാപിക്കുകയുംചെയ്തു.

ദാനശീലത്തിനു പേരുകേട്ട വ്യക്തിയായിരുന്നു വി. നിക്കോളാസ്. ഒരിക്കല്‍ ഒരു പാവപ്പെട്ട കര്‍ഷകന്‍ തന്റെ പ്രായപൂര്‍ത്തിയായ മൂന്നു പെണ്‍മക്കളെ വിവാഹം ചെയ്തുകൊടുക്കാന്‍ നിവൃത്തിയില്ലാതെ വിഷമിച്ചപ്പോള്‍ വി. നിക്കോളാസ് ഒരു രാത്രിയില്‍ അവിടെയെത്തി ജനലില്‍ക്കൂടി ആരുംകാണാതെ കല്യാണത്തിന് ആവശ്യമായ പണമടങ്ങിയ മൂന്നു പൊതികള്‍ ആ വീട്ടില്‍ നിക്ഷേപിച്ചു.

ഇംഗ്ലണ്ടിലും ജര്‍മ്മനിയിലുമൊക്കെ തുടങ്ങിയ സാന്റാക്ലോസ് ആചാരം വളരെ പെട്ടെന്ന് പാശ്ചാത്യരാജ്യങ്ങളിലെല്ലാം പ്രചരിച്ചു. 16-ാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് ചക്രവര്‍ത്തിയായ ഹെന്റി മൂന്നാമൻ, ക്രിസ്തുമസ് പാപ്പായുടെ വേഷത്തില്‍ ആളുകള്‍ക്ക് ദര്‍ശനംനല്കുകയും അദ്ദേഹത്തെ അനുകരിച്ച് ഈ ആചാരം ഇംഗ്ലീഷ് കോളനികളില്‍ വ്യാപിക്കുകയുംചെയ്തു.

ക്രിസ്തുമസിന്റെ തലേരാത്രിയില്‍ ധാരാളം സമ്മാനങ്ങളുമായി കുട്ടികളുള്ള വീട്ടിലെത്തുന്ന ഒരാളായിട്ടാണ് സാന്റാക്ലോസിനെ ചിത്രീകരിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും സ്വഭാവരീതിയനുസരിച്ചുള്ള സമ്മാനങ്ങളാണ് അദ്ദേഹം വീട്ടില്‍ കൊണ്ടുവയ്ക്കുന്നത്. തടിച്ച ശരീരവും, കുടവയറും, കണ്ണാടിയും, വെളുത്ത താടിമീശയും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. ചുവപ്പും വെളുപ്പുമുള്ള വസ്ത്രവും, കറുത്ത ബെല്‍റ്റും ഷൂസും ധരിച്ച് കൈനിറയെ സമ്മാനങ്ങളുമായാണ് ക്രിസ്തുമസ് കാലത്ത് അദ്ദേഹം കുട്ടികളെ കാണാനെത്തുന്നത്. സാന്റാക്ലോസ് ഉത്തരധ്രുവത്തില്‍നിന്നും റെയിന്‍ഡിയര്‍ എന്ന മൃഗത്തെ വാഹനമാക്കി ‘ഹോ, ഹോ, ഹോ’ എന്ന് പാടിക്കൊണ്ടാണ് വരുന്നത്. വീടുകളില്‍ കുട്ടികള്‍ അദ്ദേഹത്തിനു കഴിക്കാനായി പാലും ബിസ്‌ക്കറ്റും വയ്ക്കുന്ന പതിവുമുണ്ട്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.