റോമിലെ യാചകനായ വിശുദ്ധൻ

ഒരാളെ പരിചയപ്പെട്ടാലോ? മുപ്പത് വയസ്സ് തോന്നിക്കും. കൊളോസിയത്തിലെ ഇരുണ്ട ഒരു ഗുഹയിൽ, റോമിലെ ജനതയുടെ ഉച്ഛിഷ്ടം പോലെ (പൗലോസ് അപ്പസ്തോലൻ പറഞ്ഞ പോലെ, സകലത്തിന്റെയും ഉച്ഛിഷ്ടം) അയാൾ. കീറത്തുണിയാണ് വേഷം. ജട പിടിച്ച മുടി, ശരീരത്തിൽ ചൊറിയും ചിരങ്ങും, ഒറ്റനോട്ടത്തിൽ ‘വെറുപ്പിക്കുന്ന’ ഒരു രൂപം!

കുറച്ചൂടെ ഒന്ന് അടുത്ത് ചെന്നു നോക്കിയാലോ? ബ്രെവിയറിക്ക് (breviary) മുന്നിലാണ് അയാൾ കുനിഞ്ഞു നിൽക്കുന്നത്. ഒരു മെഴുകുതിരി കഷണത്തിന്റെ വെളിച്ചത്തിൽ ദിവസേന ചൊല്ലുന്ന പ്രാർത്ഥനകൾ അയാൾ ഉരുവിട്ടുകൊണ്ടിരിക്കുന്നു. രാത്രിയിൽ, ഒഴിഞ്ഞ മൈതാനത്ത് നിൽക്കുന്നത് കാണാം, കൈ കുരിശാകൃതിയിൽ വിരിച്ചു പിടിച്ചുകൊണ്ട്, തീക്ഷ്‌ണമായ പ്രാർത്ഥനയിൽ മുഖം ജ്വലിക്കുന്ന പോല. ഇതാണ് ബെനഡിക്റ്റ് ജോസഫ് ലാബ്റെ. കോളോസിയത്തിലെ വിശുദ്ധൻ, യാചകനായ വിശുദ്ധൻ എന്നൊക്കെ അറിയപ്പെടുന്നവൻ.

ആളുമായുള്ള ആദ്യ കണ്ടുമുട്ടലിനെപറ്റി ഫാദർ മാർകോണി പറയുന്നതിങ്ങനെ: “1782ലെ ജൂൺ മാസത്തിൽ, റോമൻ കോളേജിലെ സെന്റ് ഇഗ്‌നേഷ്യസ് പള്ളിയിൽ കുർബ്ബാന ചൊല്ലിക്കഴിഞ്ഞു ഇറങ്ങുമ്പോൾ എന്റെ അരികെ ഒറ്റനോട്ടത്തിൽ അത്ര സുഖകരമല്ലാത്ത നിലയിൽ ഒരാളെ കണ്ടു. അയാളുടെ കാലുകൾ ഭാഗികമായേ മൂടപ്പെട്ടിരുന്നുള്ളു, ഒരു പഴയ ചരട് കൊണ്ട് വസ്ത്രങ്ങൾ അരയിൽ വലിച്ചു കെട്ടിയിരുന്നു. ചീകാത്ത മുടി, മുഷിഞ്ഞ വസ്ത്രം, ഒരു പഴയ കീറിപ്പറിഞ്ഞ കോട്ട് ആണ് ധരിച്ചിരുന്നത്. ഞാനിതു വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ദയനീയ അവസ്ഥയിലുള്ള ഭിക്ഷക്കാരൻ അയാൾ ആണെന്നെനിക്ക് തോന്നി”.

ബെനഡിക്റ്റ് പുരോഹിതൻ നന്ദിപ്രകരണം ചെയ്തു തീർക്കുന്നതിന് കാത്തുനിന്നു. എന്നിട്ട് തനിക്ക് കുമ്പസാരിക്കാൻ ഒരു ദിവസം സമയം തരണമെന്ന് അപേക്ഷിച്ചു. പറഞ്ഞ ദിവസം ആൾ കുമ്പസാരിക്കാൻ എത്തി. അദ്ദേഹത്തിന്റെ ദൈവസ്നേഹവും സഭയുടെ പ്രബോധനങ്ങൾക്കും പ്രമാണങ്ങൾക്കും അത്ര മേൽ വ്യക്തതയും കരുതലും കൊടുത്തിരിക്കുന്നതും കണ്ട് ഫാദർ മാർക്കോണി അത്ഭുതപ്പെട്ടു. തിയോളജി പഠിച്ചിട്ടുണ്ടോ എന്ന് ആ വൈദികൻ ബെനഡിക്റ്റിനോട്‌ ചോദിച്ചു.

“ഞാനോ ഫാദർ?” ബെനഡിക്റ്റ് ചോദിച്ചു, “ഇല്ല, ഞാൻ ദൈവശാസ്ത്രമൊന്നും പഠിച്ചിട്ടേ ഇല്ല. ഞാൻ ഒരു പാവപ്പെട്ട, വിവരമില്ലാത്ത യാചകൻ മാത്രമാണ്’.

ഫാദർ മാർക്കോണി ബെനഡിക്റ്റിന്റെ കുമ്പസാരക്കാരനായി മാറി, കീറത്തുണിക്കുള്ളിലെ മനുഷ്യന്റെ വിശുദ്ധിയെക്കുറിച്ച് അദ്ദേഹം ആശ്ചര്യപ്പെട്ടു. ബെനഡിക്റ്റ് മരിച്ച് ഒരു കൊല്ലമാവുമ്പോഴേക്ക് അദ്ദേഹത്തിന്റെ ആധികാരികമായ ജീവചരിത്രം എഴുതിയതിന് ഫാദറിനോട് നമ്മൾ കടപ്പെട്ടിരിക്കുന്നു.

1748 ൽ ഫ്രാൻസിനടുത്ത് ഇറ്റലിയിലെ ബൊളോഞ്ഞോയിൽ അമെറ്റസ് എന്ന ഗ്രാമത്തിലാണ് ബെനഡിക്റ്റ് ജനിച്ചത്. ജീൻ ബാപ്ടിസ്റ്റ് ലാബ്റെയുടെയും ആനി ബാർബറയുടെയും പതിനഞ്ചു മക്കളിൽ മൂത്തവൻ ആയിരുന്നു അവൻ. ചെറുപ്പം മുതലേ അവൻ വിരക്തിയോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. കിട്ടുന്നതിനേക്കാളും കൊടുക്കാൻ ആണ് അവൻ ഇഷ്ടപ്പെട്ടത്. ഇല്ലായ്മയിൽ ജീവിച്ചാൽ എങ്ങനെയിരിക്കുമെന്ന് പരീക്ഷിച്ചു നോക്കുമായിരുന്നു. തണുപ്പ് കാലത്ത് തീയിൽ നിന്ന് അകലെ പോയി തണുപ്പത്ത് ഇരിക്കുന്നതും തലയിണക്ക് പകരം വലിയ കല്ല് ഉപയോഗിക്കുന്നതും അമ്മ ശ്രദ്ധിച്ചിരുന്നു. നാടോടികളോടും യാചകരോടും ഇടപഴകുന്നതും തന്റെ ഭക്ഷണം അവർക്ക് കൊടുക്കുന്നതും പതിവായിരുന്നു.

പന്ത്രണ്ട് വയസുള്ളപ്പോൾ ഒരു ഇടവകവൈദികനായിരുന്ന അമ്മാവന്റെ അടുത്തേക്ക് അവനെ അയച്ചു. ലാറ്റിനും വിശുദ്ധ ബൈബിളും അവനെ പഠിപ്പിച്ച് തന്റെ പിൻഗാമി ആക്കാൻ അദ്ദേഹം ആഗ്രഹിച്ചു. തിരുവചനങ്ങളോടുള്ള ഇഷ്ടം കൊണ്ട് ബൈബിൾ പിന്നീട് ജീവിതകാലം മുഴുവൻ അവൻ കൂടെ കൊണ്ടുനടന്നെങ്കിലും അവന്റെ വീട്ടുകാരും അമ്മാവനും ആഗ്രഹിച്ച പോലെ ഇടവക വൈദികൻ ആവാനായിരുന്നില്ല, ഒരു ട്രാപ്പിസ്റ്റ് സന്യാസി ആകാനായിരുന്നു അവനിഷ്ടം. ദീർഘകാലം വീണ്ടും വീണ്ടും ശ്രമിച്ചെങ്കിലും ട്രാപ്പിസ്റ്റുകളുടെയോ കാർത്തൂസിയൻ സന്യാസികളുടെയോ ആശ്രമത്തിൽ അവനെ സ്വീകരിച്ചില്ല.

തന്നെക്കുറിച്ചുള്ള ദൈവഹിതം അവസാനം അവൻ തിരിച്ചറിഞ്ഞു. മറ്റുള്ളവരെ പോലെയുള്ള ഒരു സന്യാസിയാകാൻ ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. ശരി, എങ്കിൽ തന്റേതായ രീതിയിൽ ആകാം. ആശ്രമത്തിന്റെ അതിരുകൾക്കുള്ളിൽ ഒതുങ്ങാൻ ആഗ്രഹിച്ചു, ഈ ലോകമാകട്ടെ ഇനി തനിക്ക് ആവൃതി. ദൈവത്തിന് മാത്രമായി ഒരു ജീവിതം. ദൈവത്തിന്റെ സ്വന്തം ചവിട്ടി ആയി ഇനിയങ്ങോട്ട് ഒരു തീർത്ഥാടകനായുള്ള ജീവിതം.

ലോകത്തിലെ എല്ലാറ്റിലും നിന്ന് തന്നെത്തന്നെ വേർപ്പെടുത്തി, അങ്ങനെ ദൈവത്തെ സേവിക്കാൻ തീരുമാനിക്കുമ്പോൾ ബെനഡിക്റ്റിന് 22 വയസ്സ്. ക്രൂശിതരൂപം ഹൃദയത്തോട് ചേർത്തുപിടിച്ച്, കഴുത്തിൽ ജപമാല ധരിച്ച് ഒറ്റക്ക് അവൻ സഞ്ചരിച്ചു. മറ്റുള്ളവർ കൊടുത്തതെല്ലാം സ്വീകരിച്ചു, അന്നേ ദിവസത്തേക്ക് തനിക്ക് ആവശ്യമുള്ളത് കയ്യിൽ വെച്ചിട്ട് ബാക്കിയുള്ളത് ആവശ്യക്കാർക്ക് നൽകി. വെറും നിലത്തു കിടന്നു. തണുപ്പ് കാലത്ത്, ആരെങ്കിലും കിടക്ക കൊടുത്താൽ സ്വീകരിക്കും. ഇടവിടാതെയുള്ള പ്രാർത്ഥനയുടെ ജീവിതം, ദിവ്യകാരുണ്യത്തിന് മുമ്പിൽ മണിക്കൂറുകളോളം ചിലവഴിച്ചു.

ഫാബ്രിയാനോയിൽ വെച്ച് അവനെ കുറച്ചു ദിവസം പരിചരിച്ച സിസ്റ്റേഴ്സ് അവൻ പറഞ്ഞ വാചകം എഴുതി സൂക്ഷിച്ചു വെച്ചു. അതിങ്ങനെയായിരുന്നു, “ദൈവത്തെ സ്നേഹിക്കാൻ നിങ്ങളിൽ മൂന്നു ഹൃദയങ്ങൾ ഒന്നിച്ചു വേണം. അവനെ സ്നേഹിക്കാനായി തീ കൊണ്ടുള്ള ഒരു ഹൃദയം, അയൽക്കാരനെ സ്നേഹിക്കാൻ മാംസളമായ ഒരു ഹൃദയം, പിന്നെ നിങ്ങളെത്തന്നെ സ്നേഹിക്കാൻ ഓടുകൊണ്ടുള്ള ഒരെണ്ണം”.

ബെനഡിക്റ്റിന്റെ തീർത്ഥാടനങ്ങൾ അവനെ യൂറോപ്പിലെ അനേകം രാജ്യങ്ങളിൽ എത്തിച്ചു. 1776 ന്റെ അവസാനത്തോടുകൂടി അവൻ അലച്ചിൽ നിർത്തി റോമിൽ തന്നെ സ്ഥിരമായി താമസിക്കാൻ തുടങ്ങി. എങ്കിലും ലൊറേറ്റൊ പോലുള്ള തീർത്ഥാടനകേന്ദ്രങ്ങൾ വിശേഷദിവസങ്ങളിൽ സന്ദർശിക്കാൻ മറന്നില്ല.

റോമിൽ എല്ലാ പ്രഭാതത്തിലും കുർബ്ബാനക്കായി ബെനഡിക്റ്റ് കൊളോസ്സിയത്തിനടുത്തുള്ള സാന്താ മരിയ ദൈയ് മോന്തി പള്ളിയിൽ പോകുമായിരുന്നു. 1783 ഏപ്രിൽ 16, വിശുദ്ധ വാരത്തിലെ ബുധനാഴ്ച തീരെ സുഖം തോന്നിയില്ലെങ്കിലും അദ്ദേഹം കുർബ്ബാനക്ക് പോയി. തിരിച്ചു വരുമ്പോൾ പടികളിൽ തലച്ചുറ്റി വീണു. അവിടത്തെ ഒരു ഇറച്ചിവെട്ടുകാരൻ അയാളുടെ വീട്ടിലേക്ക് ബെനഡിക്റ്റിനെ എടുത്തുകൊണ്ടു പോയി. രോഗീലേപനം കൊടുത്തു, അന്ത്യനേരത്തെ പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ടിരുന്നു. ‘പരിശുദ്ധ മറിയമേ, അവനുവേണ്ടി പ്രാർത്ഥിക്കണമേ ‘ എന്ന് മറ്റുള്ളവർ ചൊല്ലിക്കൊണ്ടിരിക്കെ ബെനഡിക്റ്റ് തന്റെ ആത്മാവിനെ സമർപ്പിച്ചു. അദ്ദേഹത്തിന് 35 വയസ്സായിരുന്നു.

ജീവിതത്തിലുടനീളം തെറ്റിദ്ധരിക്കപെടുകയും മറ്റുള്ളവരാൽ അവഹേളിതനാവുകയും ചെയ്ത ജീവിതമായിരുന്നു ബെനഡിക്റ്റിന്റേത്. ഒരു പരാതിയുമില്ലാതെ എല്ലാം ശക്തമായി സ്വീകരിച്ചു.

ബെനഡിക്റ്റിന്റെ വേർപാട് ജനങ്ങൾ കണ്ണുനീരോടെയാണ് ഏറ്റുവാങ്ങിയത്. ‘റോമിലെ യാചക വിശുദ്ധനെ’ (beggar saint of Rome) ഒരു നോക്കു കാണാൻ ആയിരങ്ങൾ തിക്കിതിരക്കി. റോമിലെ സാന്ത മരിയ ദൈയ് മോന്തി ദേവാലയത്തിൽ നാല് ദിവസത്തെ പൊതുദർശനത്തിന് ശേഷം ഈസ്റ്റർ ഞായർ ഉച്ച തിരിഞ്ഞപ്പോൾ അൾത്താരക്ക് പിറകിലായി മറവുചെയ്തു.

ആദ്യത്തെ മൂന്ന് മാസങ്ങളിൽ തന്നെ 136 അത്ഭുതങ്ങൾ ബെനഡിക്റ്റിന്റേതായി രേഖപ്പെടുത്തപ്പെട്ടു. ഒരു വർഷത്തിനുള്ളിൽ യൂറോപ്പിലെങ്ങും അദ്ദേഹത്തിന്റെ കീർത്തി പരന്നു. കുറേ കാലങ്ങളായി മകന്റെ വിവരങ്ങൾ ഒന്നും അറിയാതിരുന്നതുമൂലം വളരെ പണ്ടേ അദ്ദേഹം മരിച്ചതായി കരുതിയിരുന്ന മാതാപിതാക്കൾ സാവധാനം തിരിച്ചറിഞ്ഞു, തങ്ങളുടെ മകനാണ് എല്ലാവരുടെയും സംസാരവിഷയമായ ആ വിശുദ്ധൻ എന്ന്!

മോൺ. ജോൺ എസ്. കെന്നഡി ഇങ്ങനെ പറഞ്ഞു: “ബെനഡിക്റ്റിന്റെ വിളി എല്ലാ മനുഷ്യരോടും സ്പഷ്ടമായി പറഞ്ഞു വെക്കുന്നത്, ഈ ലോകം നമ്മുടെ ഭവനമല്ല ഇതൊരു തീർത്ഥാടനം മാത്രം. ലോകത്തെയും അതിന്റെ വഴികളെയും ഇഷ്ടങ്ങളെയും ഒന്നുമല്ലാതാക്കി, ദൈവത്തെ മാത്രം പ്രസാദിപ്പിക്കാൻ നോക്കേണ്ടതാണ്“.

വിശുദ്ധ ബെനഡിക്റ്റ് ജോസഫ് ലാബ്റേയുടെ തിരുന്നാൾ ആശംസകൾ

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.