വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിലൂടെ ഈശോ വാഗ്ദാനം ചെയ്തിട്ടുള്ള അനുഗ്രഹങ്ങള്‍

തിരുഹൃദയഭക്തിയുടെ ഇന്നത്തെ രൂപത്തിന് നാം കടപ്പെട്ടിരിക്കുന്നത് വി. മാര്‍ഗരറ്റ് മേരി അലക്കോക്കിനോടാണ്. 1673 ഡിസംബര്‍ 27-ാം തീയതിയാണ് ഫ്രാന്‍സിലെ പാരെ ല്‌മോണിയാല്‍ ബസിലിക്കയില്‍ വച്ച് തിരുഹൃദയത്തിന്റെ ആദ്യത്തെ ദര്‍ശനം അവര്‍ക്കുണ്ടായത്. സുവിശേഷകനായ വി. യോഹന്നാന്റെ തിരുനാള്‍ ദിനത്തിലെ ആ ദര്‍ശനത്തില്‍ ശ്ലീഹയെപ്പോലെ തന്റെ മാറില്‍ തല ചായ്ക്കാന്‍ മര്‍ഗരീത്തയോട് ഈശോ ആവശ്യപ്പെട്ടു. തിരുഹൃദയഭക്തി ലോകമെങ്ങും പരക്കാനുള്ള തന്റെ ആഗ്രഹം അവിടുന്ന് അവളെ അറിയിച്ചു. പിന്നീടുണ്ടായ വ്യത്യസ്ത ദര്‍ശനങ്ങളില്‍ ഒമ്പത് മാസാദ്യ വെള്ളിയാഴ്ചകളില്‍ പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനെക്കുറിച്ചും ഈശോ അവള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിരുഹൃദയഭക്തി ആചരിക്കുന്നവര്‍ക്ക് വിശുദ്ധയിലൂടെ 12 വാഗ്ദാനങ്ങള്‍ ഈശോ നല്‍കിയിട്ടുണ്ട്.

1. ജീവിതാന്തസിന് ആവശ്യമായ എല്ലാ കൃപകളും.

2. അവരുടെ കുടുംബങ്ങളില്‍ സമാധാനവും ഭിന്നിച്ചു നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് അനുരഞ്ജനവും.

3. ജീവിതവ്യഥകളില്‍ ആശ്വാസം.

4. ജീവിതകാലത്തും പ്രത്യേകിച്ച് മരണനിമിഷത്തിലും ആശ്രയം.

5. എല്ലാ സംരംഭങ്ങളിലും സ്വര്‍ഗീയനുഗ്രഹം.

6. പാപികള്‍ക്ക് തിരുഹൃദയത്തില്‍ കരുണയുടെ ഉറവിടം കണ്ടെത്താനാകും.

7. മന്ദോഷ്ണരായ ആത്മാക്കള്‍ തീക്ഷ്ണതയുള്ളവരാകും.

8. തീക്ഷ്ണതയുള്ള ആത്മാക്കള്‍ മഹാപരിപൂര്‍ണ്ണതയിലേക്ക് ഉയരും.

9. തിരുഹൃദയത്തിന്റെ രൂപം പ്രതിഷ്ഠിച്ചു വന്ദിക്കുന്നിടമെല്ലാം അനുഗൃഹീതമാകും; സ്വന്തം ശരീരത്തില്‍ ഈ രൂപം ധരിക്കുന്നവരുടെ ഹൃദയങ്ങളില്‍ അവിടത്തെ സ്‌നേഹത്തിന്റെ മുദ്ര പതിക്കും. അവരിലുള്ള എല്ലാവിധ ക്രമരഹിത താല്പര്യങ്ങളും ഇല്ലാതാകും.

10. തിരുഹൃദയത്തോട് ഭക്തിയുള്ള വൈദികര്‍ക്ക് ഏറ്റവും കാഠിന്യമുള്ള ഹൃദയങ്ങളെയും സ്പര്‍ശിക്കാന്‍ വരം ലഭിക്കും.

11. ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകള്‍ അവിടത്തെ ഹൃദയത്തില്‍ ഒരിക്കലും മാഞ്ഞുപോകാത്ത വിധം രേഖപ്പെടുത്തും.

12. തുടര്‍ച്ചയായി ഒമ്പത് മാസാദ്യ വെള്ളിയാഴ്ചകളില്‍ പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ ദൈവകോപത്തിലോ, കൂദാശകള്‍ സ്വീകരിക്കാതെയോ മരിക്കുകയില്ല. അന്ത്യനിമിഷത്തില്‍ തിരുഹൃദയം അവരുടെ അഭയസ്ഥാനമായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.