

നവംബർ 7, ദേശീയ കാൻസർ ബോധവൽക്കരണ ദിനമായി ആചരിക്കുന്ന വേളയിൽ, വായിലെ അർബുദത്തെക്കുറിച്ചും അതിന്റെ പ്രാരംഭലക്ഷണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പുകയിലയും അടയ്ക്കയും പൂർണ്ണമായി ഒഴിവാക്കുക; മാസത്തിലൊരിക്കൽ വെറും രണ്ടു മിനിറ്റ് മാറ്റിവച്ച് കണ്ണാടിക്കു മുന്നിൽ വായ സ്വയം പരിശോധിക്കുക. ഈ ചെറിയൊരു പ്രവർത്തിയിലൂടെ വായിലെ അർബുദത്തിന്റെ പ്രാരംഭലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ജീവൻ രക്ഷിക്കാൻ നമുക്കു സാധിക്കും! തുടർന്നു വായിക്കുക.
“ഡോക്ടർ, മൂന്നു മാസമായി എന്റെ വായിലെ മുറിവ് മാറുന്നില്ല. ആദ്യം സാധാരണ വായ്പുണ്ണാണെന്നു കരുതി; കുറേ മരുന്നുകൾ പുരട്ടിയും നോക്കി. പക്ഷേ ഒരു കുറവും കാണുന്നില്ല. ഇപ്പോൾ വേദനയും തുടങ്ങിയിട്ടുണ്ട്.”
55 വയസ്സുള്ള ഒരു രോഗി ക്ലിനിക്കിലെത്തിയപ്പോൾ പറഞ്ഞ വാക്കുകളാണിത്.
പരിശോധിച്ചപ്പോൾ കവിളിന്റെ ഉൾവശത്ത് വെളുത്തതും ചുവന്നതുമായ പാടുകളും ഭേദമാകാത്ത ഒരു മുറിവും കണ്ടെത്തി. വർഷങ്ങളായി പുകയിലയും അടയ്ക്കയും സമാനമായ മറ്റ് ഉൽപന്നങ്ങളും ഉപയോഗിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ബയോപ്സിയും തുടർപരിശോധനകളും നടത്തിയപ്പോൾ അത് വായിലെ അർബുദത്തിന്റെ പ്രാരംഭഘട്ടമാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ കണ്ടെത്താൻ കഴിഞ്ഞതിനാൽ കൃത്യമായ ചികിത്സ ആരംഭിക്കാനും നല്ല ഫലം നേടാനും സാധിച്ചു.
ഈ അനുഭവം നമ്മെ ഒരു വലിയ സത്യം ഓർമ്മിപ്പിക്കുന്നു. വായിലെ അർബുദം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്ന രോഗമല്ല. പലപ്പോഴും ശരീരം മാസങ്ങൾക്കു മുമ്പേ ചില മുന്നറിയിപ്പുകൾ നൽകാറുണ്ട്. ആ ലക്ഷണങ്ങൾ തിരിച്ചറിയുകയും സമയത്ത് ചികിത്സ തേടുകയും ചെയ്താൽ രോഗം നേരത്തെ കണ്ടെത്താനും ജീവൻ രക്ഷിക്കാനുമാകും.
വായിലെ അർബുദം എന്തുകൊണ്ട് ഉണ്ടാകുന്നു?
ഇന്ത്യയിൽ വായിലെ അർബുദത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് പുകയിലയുടെ ഉപയോഗം. സിഗരറ്റ്, ബീഡി, പുകയില ചവയ്ക്കൽ, പാൻ, പാക്ക്, ഗുട്ട്ക, ഖൈനി തുടങ്ങിയവയെല്ലാം അപകടസാധ്യത വർധിപ്പിക്കുന്നു.
പുകയില മാത്രമല്ല, അടയ്ക്കയുടെ (Areca nut) ഉപയോഗവും അപകടകരമാണ്. പുകയില ചേർക്കാത്ത പാൻമസാലയിലും അടയ്ക്ക അടങ്ങിയിട്ടുണ്ടെങ്കിൽ അതും സുരക്ഷിതമല്ല. അടയ്ക്കയുടെ ദീർഘകാല ഉപയോഗം ‘ഓറൽ സബ്മ്യൂക്കസ് ഫൈബ്രോസിസ്’ (Oral Submucous Fibrosis -OSMF) എന്ന രോഗാവസ്ഥയ്ക്കും വായിലെ അർബുദത്തിനും കാരണമാകാം. ഇതിനൊപ്പം മദ്യപാനവും വായിലെയും തൊണ്ടയിലെയും അർബുദസാധ്യത വർധിപ്പിക്കുന്നു. പുകയിലയും മദ്യവും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ അപകടസാധ്യത കൂടുതൽ ഉയരുന്നു. കൂടാതെ, ഹ്യൂമൻ പപ്പിലോമ വൈറസ് (Human Papillomavirus – HPV) എന്ന വൈറസിന്റെ ചില ഉയർന്ന അപകടസാധ്യതയുള്ള വകഭേദങ്ങൾ, പ്രത്യേകിച്ച് HPV-16, ടോൺസിൽ, നാവിന്റെ പിൻഭാഗം തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന ഓറോഫറിഞ്ചിയൽ കാൻസർ (Oropharyngeal Cancer) -ന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.
പുകയിലയിലും അടയ്ക്കയിലും അടങ്ങിയിരിക്കുന്ന അർബുദകാരക ഘടകങ്ങൾ വർഷങ്ങളോളം വായിലെ കോശങ്ങളെ ബാധിക്കുകയും അവയുടെ ഡിഎൻഎയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. കാലക്രമേണ കോശങ്ങളുടെ സ്വാഭാവിക വളർച്ചയും നിയന്ത്രണവും തകരാറിലാകുകയും അർബുദം രൂപപ്പെടാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. അതായത്, വർഷങ്ങളായി തുടർന്നുവരുന്ന ചില ദുശ്ശീലങ്ങളുടെ ഫലമായാണ് ഇത്തരം മാറ്റങ്ങൾ പലപ്പോഴും സംഭവിക്കുന്നത്.
അർബുദത്തിനു മുമ്പ് ശരീരം നൽകുന്ന മുന്നറിയിപ്പുകൾ
വായിലെ എല്ലാ പുണ്ണുകളും അർബുദമല്ല. എന്നാൽ, താഴെപ്പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
- രണ്ടാഴ്ചയിലധികം ഭേദമാകാതെ തുടരുന്ന വായിലെ മുറിവ്.
- വായിൽ കാണപ്പെടുന്ന വെളുത്ത പാടുകൾ (White patches).
- ചുവന്ന പാടുകൾ (Red patches).
- വായിൽ അസാധാരണമായ മുഴകളോ, കട്ടിയോ ഉണ്ടാകുക.
- വായ തുറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.
- നാവ് ചലിപ്പിക്കുമ്പോൾ ബുദ്ധിമുട്ടോ, വേദനയോ ഉണ്ടാകുക.
- ചവയ്ക്കാനോ, വിഴുങ്ങാനോ ബുദ്ധിമുട്ട്.
- വ്യക്തമായ കാരണമില്ലാതെ പല്ലുകൾ ഇളകുക.
- വായിൽ തുടർച്ചയായ വേദനയോ, മരവിപ്പോ അനുഭവപ്പെടുക.
- കഴുത്തിൽ മുഴയോ, വീക്കമോ അനുഭവപ്പെടുക (Neck swelling / Lymph node enlargement).
ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ശ്രദ്ധയിൽപെട്ടാൽ സ്വയം ചികിത്സിച്ച് സമയം കളയാതെ എത്രയും വേഗം ദന്തഡോക്ടറെയോ, ബന്ധപ്പെട്ട വിദഗ്ധനെയോ സമീപിക്കുക. രണ്ടാഴ്ച കാത്തിരിക്കണമെന്നല്ല; സംശയകരമായ മാറ്റങ്ങൾ കണ്ടാൽ നേരത്തേ തന്നെ പരിശോധന നടത്തണം.
കുറച്ചുനാൾ മുൻപ്, ഏകദേശം 42 വയസ്സുള്ള ഒരാൾ ക്ലിനിക്കിലെത്തി.
“ഡോക്ടർ, പാക്ക് കഴിച്ചിട്ട് വർഷങ്ങളായി. ഇപ്പോൾ വായ പഴയതുപോലെ തുറക്കാൻ പറ്റുന്നില്ല,” അയാൾ പറഞ്ഞു .
പരിശോധിച്ചപ്പോൾ കവിളിന്റെ ഉൾവശത്ത് കട്ടിയുള്ള നാരുപോലുള്ള മാറ്റങ്ങളും വായ തുറക്കാനുള്ള ശേഷിയിൽ കുറവും കണ്ടെത്തി. ഇത് ഓറൽ സബ്മ്യൂക്കസ് ഫൈബ്രോസിസ് (OSMF) എന്ന രോഗാവസ്ഥയായിരുന്നു.
പാക്ക്, അടയ്ക്ക തുടങ്ങിയവ ദീർഘകാലം ഉപയോഗിക്കുന്നവരിൽ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണിത്. വായിലെ മൃദുവായ കലകളിൽ ക്രമേണ ഫൈബ്രോസിസ് അഥവാ നാരുപോലെ കട്ടിയാകുന്നതാണ് ഇതിന്റെ പ്രത്യേകത. ഇതുമൂലം വായ തുറക്കാനുള്ള ശേഷി കുറയുകയും വായിൽ എരിച്ചിൽ അനുഭവപ്പെടുകയും ചെയ്യാം.
ഓറൽ സബ്മ്യൂക്കസ് ഫൈബ്രോസിസ് (Oral Submucous Fibrosis – OSMF) ഒരു ‘ഓറൽ പൊട്ടൻഷ്യൽ മൈലിഗ്നന്റ് ഡിസോർഡർ’ (Oral Potentially Malignant Disorder) ആണ്. അതായത്, പിന്നീട് അർബുദമായി മാറാൻ സാധ്യതയുള്ള രോഗാവസ്ഥകളിൽ ഒന്നാണിത്. എന്നാൽ എല്ലാ OSMF രോഗികളിലും അർബുദം ഉണ്ടാകണമെന്നില്ല. ലഹരിയുടെ ഉപയോഗം പൂർണ്ണമായി നിർത്തുകയും കൃത്യമായ ചികിത്സയും തുടർപരിശോധനയും നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
മാസത്തിൽ ഒരിക്കൽ സ്വയം പരിശോധന നടത്തേണ്ട വിധം
മുഖകണ്ണാടിക്കു മുന്നിൽ രണ്ടോ, മൂന്നോ മിനിറ്റ് മതി. നല്ല വെളിച്ചത്തിൽ, ആവശ്യമെങ്കിൽ മൊബൈൽ ഫോണിന്റെ ടോർച്ചിന്റെ സഹായത്തോടെ വായയുടെ ഉൾഭാഗം പരിശോധിക്കാം.
പരിശോധിക്കേണ്ട ഭാഗങ്ങൾ:
1. ചുണ്ടുകൾ – അകത്തും പുറത്തും.
2. കവിളിന്റെ ഉൾവശം – ഇരുവശങ്ങളിലും.
3. മോണകൾ – മുകളിലും താഴെയും.
4. നാവ് – മുകളിലും താഴെയും ഇരുവശങ്ങളിലും.
5. വായുടെ അടിഭാഗം (Floor of the mouth).
6. അണ്ണാക്ക് (Roof of the mouth).
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- വെളുത്തതോ, ചുവന്നതോ ആയ പാടുകൾ.
- ഭേദമാകാത്ത മുറിവുകൾ.
- അസാധാരണമായ മുഴകളോ, കട്ടികളോ.
- നിറത്തിലോ, രൂപത്തിലോ ഉണ്ടാകുന്ന മാറ്റങ്ങൾ.
- നാവിന്റെയോ, കവിളിന്റെയോ ചലനത്തിൽ ഉണ്ടാകുന്ന അസ്വാഭാവികതകൾ.
ഇത്തരം മാറ്റങ്ങൾ കണ്ടാൽ ഭയപ്പെടേണ്ടതില്ല; എന്നാൽ അവഗണിക്കരുത്. ദന്തഡോക്ടറെ സമീപിച്ച് പരിശോധന നടത്തണം. പക്ഷേ, ഒരു കാര്യം ഓർക്കേണ്ടതുണ്ട്. സ്വയം പരിശോധന ഒരു പ്രാഥമിക പരിശോധന മാത്രമാണ്. കണ്ണാടിയിൽ കാണാൻ കഴിയാത്ത, വായുടെ പിൻഭാഗങ്ങളിലെയും തൊണ്ടയിലെയും മാറ്റങ്ങൾ ഇതിലൂടെ കണ്ടെത്താൻ കഴിയണമെന്നില്ല. അതിനാൽ സ്വയം പരിശോധന ദന്തഡോക്ടറുടെ പരിശോധനയ്ക്കു പകരമാകില്ല.
വായിലെ അർബുദം തടയാനാകുമോ?
വായിലെ അർബുദത്തിന്റെ വലിയൊരു ശതമാനം അപകടസാധ്യതകൾ ഒഴിവാക്കുന്നതിലൂടെ തടയാൻ കഴിയും.
- പുകയിലയുടെ എല്ലാ രൂപങ്ങളും പൂർണ്ണമായി ഉപേക്ഷിക്കുക.
- അടയ്ക്ക, പാൻമസാല, ഗുട്ട്ക, ഖൈനി തുടങ്ങിയവ ഉപയോഗിക്കരുത്.
- മദ്യപാനം ഒഴിവാക്കുക.
- ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുക.
- ദിവസത്തിൽ രണ്ടുതവണ പല്ല് വൃത്തിയാക്കുക.
- കൃത്യമായ ഇടവേളകളിൽ ദന്തപരിശോധന നടത്തുക.
- വായിൽ അസാധാരണമായ മാറ്റങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ പരിശോധന നടത്തുക.
ലോകാരോഗ്യ സംഘടനയുടെ ഭാഗമായ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) പുകയിലയെയും അടയ്ക്കയെയും (Areca nut) ഗ്രൂപ്പ് 1 കാർസിനോജനുകൾ (Group 1 Carcinogens) ആയിട്ടാണ് തരംതിരിച്ചിരിക്കുന്നത്. അതായത്, ഇവ മനുഷ്യരിൽ അർബുദത്തിനു കാരണമാകുന്നു എന്നതിന് മതിയായ ശാസ്ത്രീയ തെളിവുകളുണ്ട്. അടയ്ക്ക വെറുതെ ചവയ്ക്കുന്നതു പോലും, പുകയില ചേർത്തോ അല്ലാതെയോ, വായയിലും തൊണ്ടയിലുമുള്ള കാൻസറിന് നേരിട്ട് കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ ഇത്തരം ശീലങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നത് രോഗങ്ങൾ തടയാൻ അത്യാവശ്യമാണ്.
ആദ്യഘട്ടത്തിൽ രോഗം കണ്ടെത്തിയാൽ ചികിത്സയുടെ വിജയസാധ്യത പൊതുവേ കൂടുതലാണ്. എന്നാൽ രോഗം പുരോഗമിച്ച ഘട്ടത്തിൽ കണ്ടെത്തുമ്പോൾ ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി തുടങ്ങിയ സങ്കീർണ്ണമായ ചികിത്സകൾ ആവശ്യമായിവരാം. വായിലെ എല്ലാ വെളുത്ത പാടുകളും എല്ലാ വായ്പുണ്ണുകളും അർബുദമല്ല. എന്നാൽ, രണ്ടാഴ്ച കഴിഞ്ഞിട്ടും മാറാത്ത ഏതൊരു മുറിവോ, പാടോ, അസാധാരണമായ മാറ്റമോ ഉണ്ടെങ്കിൽ അത് അവഗണിക്കരുത്.
വായിലെ അർബുദത്തിന്റെ പല പ്രാരംഭലക്ഷണങ്ങളും കണ്ണാടിയിൽ സ്വയം പരിശോധിക്കുമ്പോൾ കണ്ടെത്താൻ കഴിയും. എന്നാൽ, അവ തിരിച്ചറിയാതെ അവഗണിക്കുന്നതാണ് പലപ്പോഴും രോഗനിർണ്ണയം വൈകാൻ കാരണമാകുന്നത്. മാസത്തിൽ ഒരിക്കൽ രണ്ടുമിനിറ്റ് സ്വയം പരിശോധന നടത്തുക, കൃത്യമായ ഇടവേളകളിൽ ദന്തപരിശോധന നടത്തുക, പുകയിലയുടെയും അടയ്ക്കയുടെയും ഉപയോഗത്തിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുക – ഇതാണ് നമ്മൾ ചെയ്യണ്ടത്. നേരത്തെയുള്ള രോഗനിർണ്ണയം ചികിത്സ കൂടുതൽ ഫലപ്രദമാക്കാനും ഒരു ജീവൻ രക്ഷിക്കാനും സഹായിക്കും. രണ്ട് മിനിറ്റ് ഇന്ന് മാറ്റിവയ്ക്കൂ, നിങ്ങളുടെ ആരോഗ്യത്തിനായി!
സി. ഡോ. സംഗീത SVM, MDS



