
പ്രിയപ്പെട്ടവരുടെ വിയോഗം മനുഷ്യജീവിതത്തിൽ ബാക്കിവച്ചുപോകുന്ന ശൂന്യത എത്ര വലുതാണ്! എക്കാലവും നമ്മോടൊപ്പമുണ്ടാകുമെന്നും ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാവില്ലെന്നും കരുതിയവർ, പെട്ടെന്നൊരു ദിവസം ഈ ലോകത്തു നിന്ന് എന്നെന്നേക്കുമായി യാത്രപറഞ്ഞു പോകുമ്പോൾ ആ ആഘാതം ഹൃദയത്തെ വേരോടെ പിഴുതെറിയുന്ന അനുഭവമാണ് സമ്മാനിക്കുന്നത്. അവരുടെ സാന്നിധ്യം കൊണ്ട് പ്രകാശപൂരിതമായിരുന്ന വീടും നാടും പെട്ടെന്ന് ഇരുണ്ടുപോവുകയും വാക്കുകളും ചിരിയും നിറഞ്ഞ ഇടങ്ങൾ കനത്ത നിശ്ശബ്ദതയിലേക്ക് വഴുതിവീഴുകയും ചെയ്യുന്നു. ആ ഏകാന്തതയും ശൂന്യതയും ജീവിച്ചിരിക്കുന്നവരെ കടുത്ത അരക്ഷിതാവസ്ഥയിലേക്കും അനന്തമായ വേദനയിലേക്കുമാണ് തള്ളിവിടുന്നത്. മരണത്തിന്റെ ഏറ്റവും ക്രൂരമായ മുഖം ദൃശ്യമാകുന്നത് ഈ വേർപാടിന്റെയും വിരഹത്തിന്റെയും നിമിഷങ്ങളിലാണ്.
പ്രശസ്ത റഷ്യൻ സാഹിത്യകാരനായ അന്റോൺ ചെക്കോവിന്റെ ‘ദുഃഖം’ (Misery/ Toska) എന്ന വിഖ്യാതമായ കഥയിൽ, ഈ ഏകാന്തതയുടെയും വേർപാടിന്റെയും ആഴം ഹൃദയസ്പർശിയായി ചിത്രീകരിച്ചിട്ടുണ്ട്. മഞ്ഞുമൂടിയ സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിലെ തിരക്കുപിടിച്ച വഴികളിലൂടെ വണ്ടിയോടിക്കുന്ന അയൊന പൊതൊപൊവ് എന്ന പാവം കുതിരവണ്ടിക്കാരന്റെ മകൻ മരണപ്പെട്ടിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. മകന്റെ വേർപാടിലുണ്ടായ ഒടുങ്ങാത്ത ദുഃഖത്തിന്റെ ഭാരം താങ്ങാനാവാതെ, ആ നീറ്റൽ ആരെങ്കിലുമൊരാളോട് പങ്കുവച്ച് മനസ്സിന്റെ ഭാരമിറക്കാൻ അയാൾ കൊതിക്കുന്നുണ്ട്.
എന്നാൽ, ആധുനിക സമൂഹത്തിന്റെ കഠിനമായ അനാസ്ഥയും ക്രൂരതയുമാണ് അയാൾക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്. തന്റെ വണ്ടിയിൽ കയറുന്ന മിലിട്ടറി ഓഫീസറോടും, പിന്നീട് കയറുന്ന ക്രൂരന്മാരും ബഹളക്കാരുമായ മൂന്ന് ചെറുപ്പക്കാരോടും, വഴിവക്കിൽ കണ്ട ആളോടും അയാൾ തന്റെ മകന്റെ വിയോഗത്തെക്കുറിച്ച് പറയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അവരാരും ആ വൃദ്ധന്റെ കണ്ണീര് ഗൗനിച്ചില്ല. ചിലർ അയാളെ പരിഹസിക്കുകയും മാറ്റിനിർത്തുകയും ചെയ്തപ്പോൾ മറ്റുചിലർ തികഞ്ഞ അനാസ്ഥയോടെ അയാളെ പാടെ അവഗണിച്ചു.
തണുത്തുറഞ്ഞ രാത്രിയിൽ പണി അവസാനിപ്പിച്ച് ഇരുണ്ട വണ്ടിപ്പുരയിലേക്ക് തിരിച്ചെത്തുമ്പോഴും അയാൾ ആശ്വാസം തിരയുന്നുണ്ട്. അവിടെ ഉറങ്ങിക്കിടക്കുന്ന മറ്റൊരു വണ്ടിക്കാരനെ ഉണർത്തി സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാൾ വീണ്ടും ആഴത്തിലുള്ള ഉറക്കത്തിലേക്കു വീണുപോകുന്നു. ഒടുവിൽ, തന്റെ വേദനയുമായി ആ ലോകത്ത് പൂർണ്ണമായും ഒറ്റപ്പെട്ട അയാൾ, ഗത്യന്തരമില്ലാതെ തൊഴുത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു. തന്റെ പാവം കുതിരയോട്, ആ മനുഷ്യൻ തന്റെ മകന്റെ വേർപാടിന്റെയും ഉള്ളിലെ നീറ്റലിന്റെയും കഥ മുഴുവൻ കണ്ണീരോടെ പങ്കുവയ്ക്കുന്നു. തനിക്ക് വൈക്കോൽ നൽകുന്ന ഉടമസ്ഥനെ നിശ്ശബ്ദയായി ആ കുതിര കേട്ടുനിന്നു. ചുറ്റും മനുഷ്യർ ഉണ്ടായിട്ടും തന്റെ സങ്കടം കേൾക്കാൻ ഒരു മനുഷ്യൻ പോലും തയ്യാറാകാതെ വരുമ്പോൾ, ഒരു മൃഗത്തിന്റെ കാതുകളിലേക്ക് തന്റെ ദുഃഖം പകർന്നുനൽകേണ്ടിവരുന്ന ആ മനുഷ്യന്റെ വേദന എത്ര വലുതാണ്! ആ തീവ്രമായ ഏകാന്തതയാണ് അന്റോൺ ചെക്കോവ് ഈ കഥയിലൂടെ വരച്ചുകാട്ടുന്നത്.
നമ്മുടെ സ്വന്തം ജീവിതത്തിലേക്കും കുടുംബവഴികളിലേക്കും ഒന്ന് തിരിഞ്ഞുനോക്കൂ. നമ്മെ വിട്ടുപിരിഞ്ഞുപോയ മാതാപിതാക്കളുടെയോ, പ്രിയപ്പെട്ടവരുടെയോ ഓർമ്മകൾ ഇന്നും നമ്മുടെ നെഞ്ചിനെ നോവിക്കാറില്ലേ? ഇടയ്ക്കിടെ പെയ്യുന്ന കണ്ണീരായി, അടക്കാനാവാത്ത നെടുവീർപ്പായി ആ വേർപാട് തന്ന ശൂന്യത ഇന്നും നമ്മുടെ ഉള്ളിൽ ബാക്കിയുണ്ട്. ആ ശൂന്യത നികത്താൻ ഈ ലോകത്തിലെ മറ്റൊന്നിനും കഴിഞ്ഞിട്ടില്ലെന്നതാണ് പരമാർഥം. ഒരുകാലത്ത് നമ്മുടെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും പങ്കാളിയായിരുന്നയാൾ ഇനിയൊരിക്കലും തിരിച്ചുവരില്ല എന്ന യാഥാർഥ്യം നമ്മെ വല്ലാതെ തളർത്തുന്നു.
എങ്കിലും, ഈ സാഹചര്യത്തിൽ നമ്മെ ആശ്വസിപ്പിക്കുന്ന ഒരു ദിവ്യസാന്നിധ്യമുണ്ട്. വിശുദ്ധ ഗ്രന്ഥത്തിൽ, തന്റെ പ്രിയ സുഹൃത്തായ ലാസറിന്റെ വേർപാടിൽ ദുഃഖിതരായ മർത്തയെയും മറിയത്തെയും കണ്ട്, അവരുടെ ദുഃഖത്തിൽ പങ്കുചേർന്ന് കണ്ണീർ പൊഴിക്കുന്ന യേശു. “യേശു കണ്ണുനീർ വാർത്തു” (യോഹ. 11:35) എന്നാണ് എഴുതിവച്ചിരിക്കുന്നത്.
വേർപാടിന്റെയും വിരഹത്തിന്റെയും വേദനയനുഭവിക്കുന്ന മനുഷ്യന്റെ കണ്ണീരിനെ ദൈവം സ്വന്തം കണ്ണീരായി കാണുന്നുണ്ട് എന്നതിന്റെ വലിയ അടയാളമാണ് ഈ തിരുവെഴുത്ത്. കണ്ണീരും വേദനയും ശൂന്യതയും ജീവിതത്തിന്റെ ഭാഗമാണെങ്കിലും, ആ ആഴമേറിയ ഏകാന്തതയിൽ നമ്മെ ചേർത്തുപിടിക്കാൻ, നമ്മുടെ വേദന കേൾക്കാൻ ഒരു ദൈവമുണ്ടെന്ന യാഥാർഥ്യം ഏത് കടുത്ത ഇരുട്ടിലും നമുക്ക് വലിയ പ്രത്യാശ പകരുന്നു.
പ്രായോഗികം
ഇന്നത്തെ ദിവസം നമുക്ക് നമ്മോടു തന്നെ ചോദിക്കാം: വേർപാടിന്റെ വേദനയിൽ കഴിയുന്ന ആരുടെയെങ്കിലും കണ്ണീരൊതുക്കാൻ എനിക്ക് എന്തുചെയ്യാൻ കഴിയും?
ചിന്ത
കണ്ണീരിന്റെ ആഴങ്ങളിൽ മനുഷ്യൻ തളരുമ്പോൾ, ആ നിശ്ശബ്ദതയിൽ ദൈവം അവനോടൊപ്പം നടക്കുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS




