പുരോഹിതശാസ്ത്രജ്ഞർ 71: ജൊവാന്നി ബാറ്റിസ്റ്റ റിക്കോളി (1598-1671)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ഇറ്റലിയിൽനിന്നുള്ള ഒരു വാനശാസ്ത്രജ്ഞനായിരുന്നു ജെസ്വിട്ട് വൈദികനായ ജൊവാന്നി ബാറ്റിസ്റ്റ റിക്കോളി. വാനനിരീക്ഷണവുമായി ബന്ധപ്പെട്ട് അദ്ദേഹം നിരവധി കണ്ടെത്തലുകൾ നടത്തുകയും ധാരാളം ഗ്രന്ഥങ്ങൾ രചിക്കുകയുംചെയ്തു. ഇദ്ദേഹത്തിന്റെ കൃതികൾ പല ശാസ്ത്രജ്ഞരുടെയും പാഠപുസ്തകങ്ങളായിരുന്നു. ഇന്ന് ശാസ്ത്രലോകം ഉപയോഗിക്കുന്ന, ചന്ദ്രനിലെ പല സ്ഥലനാമങ്ങളും ജൊവാന്നി നൽകിയതാണ്.

ഇറ്റലിയിലെ ഫെറാറ നഗരത്തിൽ 1598 ഏപ്രിൽ നാലിനാണ് ജൊവാന്നി ജനിച്ചത്. പതിനാറാമത്തെ വയസ്സിൽ അദ്ദേഹം ഈശോസഭാ സന്യാസ സമൂഹത്തിൽ ചേർന്നു. ആദ്യം ഫെറാറയിലും പിന്നീട് പിയചെൻസയിലും അദ്ദേഹം തന്റെ പഠനം നടത്തി. 1620 മുതൽ 1628 വരെ പാർമ കോളേജിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. ഈ പഠനം പൂർത്തിയായ ഉടൻ അദ്ദേഹത്തിനു വൈദികപട്ടം നൽകി.

പാർമ കോളേജിലെ പഠനകാലയളവിൽ പ്രശസ്തരായ ജെസ്വിട്ട് ശാസ്ത്രജ്ഞരെ പരിചയപ്പെടാൻ സാധിച്ചത് അദ്ദേഹത്തിന്റെ ശാസ്ത്രചിന്തയെ ഗണ്യമായി സ്വാധീനിച്ചു. വിദൂരദേശങ്ങളിൽ ചെന്ന് മിഷനറി വൈദികനായി സേവനംചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചെങ്കിലും പാർമ കോളേജിൽ പഠിപ്പിക്കാനുള്ള നിയോഗമാണ് അധികാരികൾ അദ്ദേഹത്തിനു നൽകിയത്. ഇവിടെ തർക്കശാസ്ത്രം, ഭൗതികശാസ്ത്രം, തത്വമീമാംസ തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം പഠിപ്പിച്ചു. 1636-ൽ ബൊളോഞ്ഞയിൽ ദൈവശാസ്ത്ര അധ്യാപകനായി അദ്ദേഹം നിയമിക്കപ്പെട്ടു. ദൈവശാസ്‌ത്രത്തെക്കാൾ അദ്ദേഹത്തിന്റെ അഭിരുചി വാനശാസ്ത്രത്തിലാണ് എന്ന് അധികാരികൾ തിരിച്ചറിയുകയും ജൊവാന്നിയുടെ ആഗ്രഹത്തിനനുസരിച്ചു പ്രവർത്തിക്കാൻ അനുവദിക്കുകയുംചെയ്തു.

ബൊളോഞ്ഞയിൽ അദ്ദേഹം ഒരു വാനനിരീക്ഷണകേന്ദ്രം നിർമ്മിച്ചു. ഇവിടെ പഠനത്തിനായി ദൂർദർശിനി, കോണദൂരം അളക്കാനുള്ള ഉപകരണം, ചതുർഥാംശം തുടങ്ങിയ പരമ്പരാഗത ശാസ്ത്രോപകരണങ്ങൾ ഉണ്ടായിരുന്നു. ഈ വിഷയത്തിൽ അഭിരുചിയുള്ള ശാസ്ത്രജ്ഞന്മാരെ തന്റെ പഠനത്തിൽ പങ്കാളികളാക്കുന്നതിനും അദ്ദേഹത്തിന് വളരെയധികം താത്പര്യമുണ്ടായിരുന്നു. ജൊവാന്നിയുടെ ശാസ്ത്രീയകണ്ടുപിടുത്തങ്ങൾക്കുള്ള അംഗീകാരമായി ഫ്രാൻസിലെ ലൂയി പതിനാലാമൻ രാജാവ് ഇദ്ദേഹത്തിന് ബഹുമതികൾനൽകി ആദരിച്ചു. ബൊളോഞ്ഞായിൽവച്ച് ജൂൺ 25-നാണ് അദ്ദേഹം അന്തരിച്ചത്.

ജൊവാന്നിയുടെ ഏറ്റം പ്രധാനപ്പെട്ട ഗ്രന്ഥമാണ് 1651-ൽ പ്രസിദ്ധീകരിച്ച ‘അൽമാഗെസ്തും നോവും.’ 1500 പേജുകളുള്ള ഈ ഗ്രന്ഥം യൂറോപ്പിലെ വാനനിരീക്ഷകരുടെ സാങ്കേതിക പരാമർശഗ്രന്ഥമായി മാറി. ഈ പുസ്തകത്തിൽ രണ്ടു വാല്യങ്ങളിലായി പത്തു അധ്യായങ്ങളിലൂടെ താഴെപ്പറയുന്ന വിഷയങ്ങൾ അദ്ദേഹം ചർച്ച ചെയ്തിരിക്കുന്നു.

  • ആകാശമണ്ഡലം, ഭൂമധ്യരേഖ, ക്രാന്തിവൃത്തം, രാശിചക്രം
  • ഭൂമി, അതിന്റെ വലിപ്പം, ഗുരുത്വാകർഷണം, പെൻഡുലത്തിന്റെ ചലനം
  • സൂര്യൻ, അതിന്റെ വലിപ്പവും ദൂരവും, അതിന്റെ ചലനം, അതിന്റെ നിരീക്ഷണവലയം
  • ചന്ദ്രൻ, അതിന്റെ അവസ്ഥാന്തരങ്ങൾ, അതിന്റെ വലിപ്പവും ദൂരവും (ദൂരദർശിനിയിലൂടെ കാണുന്ന ചന്ദ്രന്റെ വിശദമായ ഭൂപടങ്ങൾ ഈ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്)
  •  ചന്ദ്ര-സൂര്യഗ്രഹണങ്ങൾ
  • സ്ഥിരനക്ഷത്രങ്ങൾ
  • വിവിധ ഗ്രഹങ്ങളും അവയുടെ ചലനങ്ങളും (ദൂരദർശിനിയിലൂടെ കണ്ട ഇവയുടെ പ്രതിരൂപങ്ങളും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്)
  • ധൂമകേതുക്കളും പുതിയ നക്ഷത്രങ്ങളും
  • പ്രപഞ്ചത്തിന്റെ ഘടന – സൂര്യകേന്ദ്രീകൃതവും ഭൂകേന്ദ്രീകൃതവുമായ സിദ്ധാന്തങ്ങൾ
  • ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട കണക്കുകൂട്ടലുകൾ.

ഗുരുത്വാകർഷണത്താൽ താഴെവീഴുന്ന വസ്തുക്കളുടെ വേഗത ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ ജൊവാന്നിയാണ്. സമയം കൃത്യമായി അളക്കുന്നതിനുള്ള ഉപകരണമെന്ന നിലയിൽ പെൻഡുലത്തിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചു. ചന്ദ്രനെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്തിയ അദ്ദേഹം പലതരത്തിലുള്ള രൂപരേഖകൾ തയ്യാറാക്കി. ചന്ദ്രനിലെ സ്ഥലങ്ങൾക്ക് അദ്ദേഹം നൽകിയ നാമങ്ങൾ ഇന്നും ഉപയോഗിച്ചുവരുന്നു. 1969-ൽ അപ്പോളോ 11എന്ന ശൂന്യകാശപേടകത്തിലൂടെ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ സ്ഥലം ജൊവാന്നി നാമകരണം ചെയ്ത ‘ശാന്തതയുടെ സമുദ്രം’ (The Sea of Tranquility) എന്ന സ്ഥലത്തായിരുന്നു. അതുപോലെതന്നെ ചന്ദ്രനിൽ ജീവജാലങ്ങൾ ഉണ്ടാകാമെന്ന ശാസ്ത്രജ്ഞന്മാരുടെ ധാരണ തെറ്റാണെന്നും അദ്ദേഹം തന്റെ നിരീക്ഷണങ്ങളുടെ പിൻബലത്തോടെ എഴുതി.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.