പുരോഹിതശാസ്ത്രജ്ഞർ 69: ഫ്രാൻസിസ് ലൈൻ (1595-1675)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ഇംഗ്ലണ്ടിൽനിന്നുള്ള ഒരു ഗണിതാധ്യാപകനും കാന്തിക-സൂര്യഘടികാര നിർമ്മാതാവുമായ ശാസ്ത്രജ്ഞനായിരുന്നു ഈശോസഭാ വൈദികനായിരുന്ന ഫ്രാൻസിസ് ലൈൻ. ഐസക്ക് ന്യൂട്ടന്റെ ചില കണ്ടുപിടുത്തങ്ങളുടെ ആധികാരികതയിൽ സംശയംപ്രകടിപ്പിക്കുകയും അതുവഴി അദ്ദേഹത്തെക്കൊണ്ടു തന്നെ കൂടുതൽ വിശദീകരണത്തിന് അവസരമൊരുക്കുകയും ചെയ്തു.

ഇംഗ്ലണ്ടിലെ ലണ്ടനിൽ 1595-ലാണ് ഫ്രാൻസിസ് ലൈൻ ജനിച്ചത്. മാതാപിതാക്കൾ അദ്ദേഹത്തെ നല്ലൊരു കത്തോലിക്കാ വിദ്യാഭ്യാസം ലഭിക്കുന്നതിനായി ബെൽജിയത്തേക്ക് അയച്ചു. അവിടെയുള്ള ഇംഗ്ലീഷ് ജസ്വിട്ട് കോളേജിൽ ഹൈസ്‌കൂൾ വിദ്യഭ്യാസം നടത്തി. അതിനുശേഷം ഫ്രാൻസിലെ വാറ്റൻ നഗരത്തിലുള്ള ഈശോസഭാ സ്‌കൂളിൽ ചേർന്നു. 1623-ൽ ബെൽജിയത്തെ ലീഗിലേക്കു വരികയും അവിടുത്തെ സ്‌കൂളിൽ ഗണിതവും ഹീബ്രുഭാഷയും പഠിപ്പിക്കുകയും ചെയ്തു. 1628-ലാണ് ഒരു ഈശോസഭാ വൈദികനായി അദ്ദേഹം അഭിഷേകം ചെയ്യപ്പെട്ടത്. ഇംഗ്ലണ്ടിൽ ജനിച്ചതെങ്കിലും ബെൽജിയമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനകേന്ദ്രം. 1675 നവംബർ 15-ന് ലീഗ് നഗരത്തിൽവച്ചാണ് അദ്ദേഹം അന്തരിച്ചത്.

ജലംകൊണ്ടു പ്രവർത്തിക്കുന്ന ഒരു ഘടികാരം അദ്ദേഹം നിർമ്മിച്ചു. ഇതുകണ്ടിട്ട്, നക്ഷത്രങ്ങളുടെ ചലനം സംബന്ധിച്ച ഗലീലിയോയുടെ സിദ്ധാന്തം തെളിയിക്കുന്നതിനായി ഫാബ്രി ദെ പൈറെസ്ക് എന്ന ശാസ്ത്രജ്ഞൻ ഇദ്ദേഹത്തിന്റെ സഹായം ആവശ്യപ്പെട്ടു. ഫ്രാൻസിസ് ലൈനിനെ ശാസ്ത്രലോകത്ത് പ്രശസ്തനാക്കിയത് കാന്തികഘടികാരത്തിന്റെ കണ്ടുപിടിത്തവും നിരവധി സൂര്യഘടികാരത്തിന്റെ നിർമ്മാണവുമാണ്. 1669-ൽ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവിന്റെ നിർദേശപ്രകാരം വൈറ്റ്ഹാൾ കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ ഇത്തരത്തിലൊരു ഘടികാരം അദ്ദേഹം നിർമ്മിച്ചു. ഐസക്ക് ന്യൂട്ടന്റെ പ്രകാശത്തെയും നിറങ്ങളെയുംകുറിച്ചുള്ള സിദ്ധാന്തത്തിൽ സംശയം പ്രകടിപ്പിച്ച ശാസ്ത്രജ്ഞരിലൊരാളാണ് ഇദ്ദേഹം. ഫ്രാൻസിസ് എഴുതിയ രണ്ടു വിമർശനാത്മക ലേഖനങ്ങൾക്ക് ന്യൂട്ടൻ എതിർവാദങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതുകൂടാതെ, അക്കാലത്തെ മിക്ക ശാസ്ത്രജ്ഞന്മാരുമായി ഇദ്ദേഹം ആശയവിനിമയവും നടത്തിയിരുന്നു. ധാരാളം പ്രായോഗിക ഉപയോഗമുള്ള ഉപകരണങ്ങൾ അദ്ദേഹം നിർമ്മിച്ചിരുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.