പുരോഹിതശാസ്ത്രജ്ഞർ 70: ബൊനവന്തൂര കാവലിയേരി (1598-1647)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ഇറ്റലിയിൽ നിന്നുള്ള ഒരു ഗണിതശാസ്ത്ര പണ്ഡിതനാണ് സന്യാസ വൈദികനായിരുന്ന ബൊനവന്തൂര കാവലിയേരി. നയനശാസ്ത്രം, പരമാണുശാസ്ത്രം എന്നിവയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹമാണ് വർഗ്ഗമാനസംഖ്യ (logarithms) ഇറ്റലിയിൽ അവതരിപ്പിച്ചത്. ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ടു പതിനൊന്നു പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൊനവന്തൂരയുടെ ശാസ്ത്രസംഭാവനകൾക്കുള്ള ആദരമായി ഒരു ചന്ദ്രഗർത്തം ‘കാവലേരിയൂസ്’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

ഇറ്റലിയിലെ മിലാനിൽ 1598-ലാണ് അദ്ദേഹം ജനിച്ചത്. പതിനഞ്ചാമത്തെ വയസിൽ ജെസുവാത്തി എന്ന സന്യാസ സമൂഹത്തിലെ അംഗമായി അദ്ദേഹം ചേർന്നു. (വാഴ്ത്തപ്പെട്ട ജൊവാന്നി കൊളംബിനി സ്ഥാപിച്ച സഭയാണിത്). ഈ സമയത്ത് ബൊനവന്തൂര ഫ്രാഞ്ചെസ്‌കോ കാവലിയേരി എന്ന നാമം സ്വീകരിച്ചു. 1616-ൽ പീസാ സർവ്വകലാശാലയിൽ ക്ഷേത്രഗണിതം (geometry) പഠിക്കുന്നതിനായി അദ്ദേഹം ചേർന്നു. ഇവിടെ ബെനദേത്തോ കസ്തെല്ലി എന്ന ഗുരുവിലൂടെ ഗലീലിയോയെ പരിചയപ്പെട്ടു. ഈ പരിചയം ജലീലിയോയുടെ കൃതികൾ വായിക്കുന്നതിനും അദ്ദേഹത്തിന്റെ ശാസ്ത്ര പരീക്ഷണങ്ങളെ അടുത്തറിയുന്നതിനും അവസരമൊരുക്കി. അധികം താമസിയാതെ ഗുരുവായിരുന്ന കസ്തെല്ലിക്ക് പകരമായി ഗണിതശാസ്ത്ര അദ്ധ്യാപകനായി അദ്ദേഹം ഇവിടെ നിയമിതനായി.

1620-ൽ മിലാനിലെത്തുകയും മിലാനിലെ ആർച്ചുബിഷപ്പായിരുന്ന കർദിനാൾ ചാൾസ് ബൊറമേയോയുടെ ഡീക്കനായി ജോലി ചെയ്യുകയും ചെയ്തു. 1629-ൽ ബൊളോഞ്ഞ സർവ്വകലാശാലയിലെ ഗണിതശാസ്ത്രവിഭാഗം തലവനായി അദ്ദേഹം നിയമിക്കപ്പെട്ടു. ഇത് ഗലീലിയോയുടെ സ്വാധീനം കൊണ്ട് സാധിച്ചതാണ് എന്ന് പറയപ്പെടുന്നു. ഇവിടെ ആയിരിക്കുമ്പോഴാണ് ബൊനവന്തൂര തന്റെ മിക്ക കൃതികളും പ്രസിദ്ധീകരിച്ചത്. ‘ജ്യോമെത്രിയ ഇൻഡിവിസിബിലിയൂസ്’ എന്ന കൃതിയിൽ അവിഭാജ്യഘടകങ്ങളുടെ പ്രത്യേകതകളെക്കുറിച്ചു അദ്ദേഹം വിവരിക്കുന്നു. ഈ കൃതിക്കെതിരെ ഉണ്ടായ വിമർശനങ്ങൾക്കുള്ള ഉത്തരമാണ് ‘എക്സർസിറ്റാസിയോണസ് ജ്യോമത്രിക്ക’ എന്ന ഗ്രന്ഥം. ഗലീലിയോയ്ക്ക് ബൊനവന്തൂര ശാസ്ത്രവിഷയങ്ങൾ സംബന്ധിച്ച് 112 കത്തുകൾ എഴുതിയിട്ടുണ്ട്. തന്റെ സുഹൃത്തിനെക്കുറിച്ചു ഗലീലിയോ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: “ആർക്കമഡീസിനു ശേഷം ക്ഷേത്രഗണിതശാസ്ത്രം ബൊനവന്തൂരയെപ്പോലെ ആഴത്തിൽ പഠിച്ചിട്ടുള്ളവർ ചുരുക്കമാണ്”.

ബൊനവന്തൂര കാവലിയേരിയുടെ ജീവിതത്തിന്റെ അവസാന നാളുകളിൽ സന്ധിവാതം മൂലം വളരെയധികം പ്രയാസം അനുഭവിച്ചിരുന്നു. 1647-ൽ മിലാനിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്.

ബൊനവന്തൂരയുടെ ആദ്യത്തെ കൃതി ‘കത്തുന്ന കണ്ണാടി’ (The Burning Mirror) എങ്ങനെയാണ് ആർക്കമിഡീസ് കണ്ണാടി തന്റെ ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് വിജയകരമായി ഉപയോഗിച്ചത് എന്ന് വിവരിക്കുന്നു. ഇതിൽ പ്രകാശം പ്രതിഫലിക്കുന്ന രീതിയെക്കുറിച്ചും അനുവൃത്തങ്ങളുടെ (parabolas) ഗുണവിശേഷങ്ങളെക്കുറിച്ചും ആഴമായ അറിവുകൾ അടങ്ങിയിരിക്കുന്നു. അണ്ഡാകൃതിയിലുള്ള കണ്ണാടിയിൽ പ്രകാശം പതിക്കുമ്പോൾ അതിന് പരിമിതവും നിർണ്ണായകവുമായ വേഗത ഉണ്ടാകുന്നു എന്ന് അദ്ദേഹം പരീക്ഷണങ്ങളിലൂടെ തെളിയിച്ചു. ഈ കണ്ടുപിടുത്തം അന്നുണ്ടായിരുന്ന ദൂർദർശിനികളേക്കാൾ മെച്ചമായ പ്രതിച്ഛായകൾ സൃഷ്ടിക്കാൻ ബൊനവന്തൂരയെ സഹായിച്ചു. അതുപോലെതന്നെ ഒരു പരവലയത്തിൻ്റെ അച്ചുതണ്ടിന് സമാന്തരമായ ഒരു പ്രകാശകിരണം, ഒരു കേന്ദ്രബിന്ദുവിലൂടെ കടന്നുപോകുമ്പോൽ സംഭവിക്കുന്ന പ്രതിഫലനം സമാനമായ കിരണത്തിന് തുല്യമാണെന്നും അദ്ദേഹം തെളിയിച്ചു.

ഗലീലിയോയുടെ കൃതികളുടെ സ്വാധീനത്താൽ ബൊനവന്തൂര ഒരു പുതിയ ജ്യാമിതീയ സമീപനം വികസിപ്പിച്ചെടുക്കുകയും ഇതേക്കുറിച്ചു ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തു. വാനശാസ്ത്രസംബന്ധമായ രണ്ടു ഗ്രന്ഥങ്ങൾ തന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ അദ്ദേഹം പ്രസിദ്ധീകരിച്ചു. ജ്യോതിശ്ശാസ്ത്രത്തെയും ഭൂമിശാസ്ത്രത്തെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ വർഗ്ഗമാനസംഖ്യ (logarithms) സംബന്ധിച്ച ഒരു പട്ടിക അദ്ദേഹം പ്രസിദ്ധീകരിച്ചു. തന്റെ ആശ്രമത്തിന്റെ ആവശ്യത്തിനായും മാന്തുവായിലെ ഡ്യൂക്കിന്റെ ആവശ്യപ്രകാരവും ജലമർദ്ദത്തിൽ പ്രവർത്തിക്കുന്ന രണ്ടു പമ്പുകൾ അദ്ദേഹം നിർമ്മിച്ചു. അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളും നടത്തിയ ശാസ്ത്രീയ പരീക്ഷണങ്ങളും ശാസ്ത്രലോകത്ത് ബൊനവന്തൂരയ്ക്ക് സ്ഥിരപ്രതിഷ്ഠ നേടികൊടുക്കുന്നതിന് കാരണമായി.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.