

ജ്യോതിശാസ്ത്രം, സസ്യശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഫ്രാൻസിൽ നിന്നുള്ള കത്തോലിക്കാ സന്ന്യാസവൈദികനായിരുന്നു ലൂയി ഫെയിയെ (Louis Éconches Feuillée). മിനിമ് സന്ന്യാസ സഭയിലെ അംഗമായിരുന്ന അദ്ദേഹം വിവിധ പ്രദേശങ്ങളിലേക്ക് നടത്തിയ പഠനയാത്രകളിലൂടെ അവിടങ്ങളിലെ പ്രകൃതിയെക്കുറിച്ചും മറ്റും യൂറോപ്പിൽ വലിയ അറിവ് പകർന്നു. ആകാശഗോളങ്ങൾ, കടൽത്തീരങ്ങൾ, വിവിധ സസ്യങ്ങൾ എന്നിവ അദ്ദേഹം താത്പര്യപൂർവം പഠിച്ചു.
1660-ൽ ഫ്രാൻസിലെ പ്രോവൻസ് പ്രദേശത്ത്, ഫോർകാൽക്കിയേറിനു സമീപമുള്ള മാനേ എന്ന സ്ഥലത്താണ് ഫെയിയെ ജനിച്ചത്. ബാല്യകാലത്ത് മിനിമ് സന്ന്യാസിമാരുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും പിന്നീട് അവിഞ്ഞോണിലും അദ്ദേഹം പഠനം നടത്തി. മതപരമായ കാര്യങ്ങളും ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവും ഇക്കാലയളവിൽ അദ്ദേഹം പഠിച്ചു. പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവയിലെ പല പ്രതിഭാസങ്ങളുടെയും കാരണങ്ങൾ അന്വേഷിക്കാനും ഈ വിദ്യാഭ്യസം അദ്ദേഹത്തെ സഹായിച്ചു. 1680-ൽ അദ്ദേഹം മിനിമ് സന്ന്യാസസഭയിൽ വ്രതവാഗ്ദാനം നടത്തുകയും തുടർന്ന് സന്ന്യാസ പരിശീലനം പൂർത്തിയാക്കുകയും ചെയ്തു.
വൈദികനായതിന് ശേഷം സസ്യങ്ങളെക്കുറിച്ചും വിവിധ സ്ഥലങ്ങളുടെ സ്ഥാനം നിർണയിക്കുന്നതുമായ പഠനങ്ങൾ അദ്ദേഹം നടത്തി. ചന്ദ്രഗ്രഹണവും ആകാശത്ത് സംഭവിക്കുന്ന പ്രതിഭാസങ്ങളും അദ്ദേഹം നിരീക്ഷിക്കുകയും തന്റെ നിഗമനങ്ങൾ മറ്റ് ശാസ്ത്രജ്ഞന്മാരുമായി പങ്കുവയ്ക്കുകയും ചെയ്തു. 1699 മുതൽ രാജകീയ ശാസ്ത്ര അക്കാദമിയുടെ അംഗമായി അദ്ദേഹം പ്രവർത്തിച്ചു. ഫ്രഞ്ച് ചരിത്ര-ശാസ്ത്ര സമിതിയുടെ നേതൃത്വത്തിൽ നടന്ന കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശങ്ങളിലെ തുറമുഖങ്ങളുടെയും നഗരങ്ങളുടെയും സ്ഥാനം നിർണയിക്കാനുള്ള ഗവേഷണദൗത്യത്തിൽ അദ്ദേഹം പങ്കെടുത്തു. ഒരു തുറമുഖം എവിടെയാണെന്നു നിർണ്ണയിക്കുന്നതിന് ജ്യോതിശ്ശാസ്ത്ര-ഭൂമിശാസ്ത്ര അറിവുകൾ ആവശ്യമായിരുന്നു. 1703-ൽ അദ്ദേഹം കരീബിയൻ ദ്വീപുകളിലെ സസ്യജാലങ്ങളെയും ഭൂമിശാസ്ത്ര പ്രത്യേകതകളെയും പഠിക്കുന്നതിനായി അവിടേക്ക് യാത്ര ചെയ്തു. യൂറോപ്പിൽ പരിചിതമായ സസ്യങ്ങളിൽനിന്നു വ്യത്യസ്തമായ അനേകം സസ്യങ്ങളെ നിരീക്ഷിക്കാനും ശേഖരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. അവിടെനിന്നും തെക്കേ അമേരിക്കയുടെ വടക്കൻ തീരപ്രദേശങ്ങളിലും അദ്ദേഹം സഞ്ചരിച്ചു. വിവിധ തുറമുഖങ്ങളിൽ നിരീക്ഷണങ്ങൾ നടത്തുകയും സസ്യസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. 1706-ൽ ഫ്രാൻസിൽ തിരിച്ചെത്തിയപ്പോൾ രാജകീയ ഗണിതശാസ്ത്രജ്ഞൻ എന്ന പദവി നൽകി രാജാവ് അദ്ദേഹത്തെ ആദരിച്ചു. 1707 -ൽ അർജന്റീനയിലും പിന്നീട് 1709 ചിലിയിയും യാത്രചെയ്തു അവിടുത്തെ ഭൂമിശാസ്ത്രവും സസ്യങ്ങളെയും ജീവികളെയും സംബന്ധിച്ച പഠനങ്ങളും നടത്തി. ഫെയിയെയുടെ സസ്യശാസ്ത്രപ്രവർത്തനങ്ങളിൽ ഔഷധസസ്യങ്ങൾക്ക് അദ്ദേഹം പ്രത്യേക പ്രാധാന്യം നൽകിയിരുന്നു. പെറുവിലും ചിലിയിലും ആളുകൾ വ്യാപകമായി ഉപയോഗിച്ചിരുന്ന സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം സമാഹരിച്ചു. ഒരു സസ്യത്തിന്റെ പൂർണരൂപത്തോടൊപ്പം പൂവിന്റെയും ഫലത്തിന്റെയും വിശദാംശങ്ങളും ചിത്രങ്ങളിലൂടെയും അദ്ദേഹം രേഖപ്പെടുത്തി. അങ്ങനെ യൂറോപ്യൻ ശാസ്ത്ര ലോകത്തിനു അന്യമായിരുന്ന അനേകം ചിത്രങ്ങളെ ഇവിടെ അദ്ദേഹം പരിചയപ്പെടുത്തി. യാത്രകളിൽ സമാഹരിച്ച വിവരങ്ങൾ അദ്ദേഹം ഗ്രന്ഥരൂപത്തിൽ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ അടങ്ങിയ ഈ ഗ്രന്ഥ സമാഹാരം ശാസ്ത്രലോകത്തിന് ലഭിച്ച വലിയ സംഭാവന ആയിരുന്നു. ഈ ഗ്രന്ഥസമുച്ചയത്തിൽ പെറുവിലെയും ചിലിയിലെയും ഔഷധസസ്യങ്ങളെക്കുറിച്ചുള്ള പ്രത്യേക വിഭാഗങ്ങളും ഉൾപ്പെട്ടിരുന്നു. പ്രകൃതിയെ വിവിധ തരത്തിൽ മനസ്സിലാക്കാനുള്ള പരിശ്രമത്തിന്റെ പ്രതിഫലനമായിരുന്നു ഈ ഗ്രന്ഥങ്ങൾ. ഫ്രാൻസിലെ ലൂയി പതിനാലാമൻ രാജാവ് അദ്ദേഹത്തിന്റെ ശാസ്ത്ര പഠനത്തിന് എല്ലാ പിന്തുണയും നൽകുകയും ചെയ്തു.
1732 ഏപ്രിൽ 18-ന് മാർസെയിൽവച്ചാണ് ഫെയിയെ അന്തരിച്ചത്. സന്ന്യാസജീവിതത്തോടൊപ്പം ശാസ്ത്രീയ അന്വേഷണവും മുന്നോട്ടുകൊണ്ടുപോയ അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഒരു സസ്യത്തിന് ‘ഫെവില്ലിയ’ എന്ന പേര് നൽകിയിട്ടുണ്ട്. ശാസ്ത്രീയ അറിവ് സമ്പാദിക്കുന്നതിലും അത് മറ്റുള്ളവർക്കു പ്രയോജനപ്പെടുന്ന രീതിയിൽ അവതരിപ്പിക്കുന്നതിലും ശ്രദ്ധിച്ച ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. പ്രകൃതിയെ ക്ഷമയോടെ നിരീക്ഷിക്കുകയും കണ്ടെത്തലുകൾ വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്ത പുരോഹിത ശാസ്ത്രജ്ഞനായി അദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നു.
ഫാ. മാത്യു ചാർത്താക്കുഴിയിൽ




