പുരോഹിത ശാസ്ത്രജ്ഞർ 120: ജൊവാക്കിം ബുവെ (1656–1730)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ഗണിതശാസ്ത്രം, ചൈനീസ് സംസ്കാരം, മതചിന്ത തുടങ്ങിയ മേഖലകളിൽ സമഗ്ര സംഭാവന നല്കിയ ഫ്രാൻസിൽ നിന്നുള്ള ഈശോസഭാ വൈദികനായിരുന്നു ജൊവാക്കിം ബുവെ. ചൈനയിലെ കാങ്‌സി ചക്രവർത്തിയുടെ കൊട്ടാരത്തിൽ അധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം യൂറോപ്യൻ ശാസ്ത്രവിജ്ഞാനം അവിടെ പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. അദ്ദേഹം ചൈനയുടെ പുരാതന ഗ്രന്ഥങ്ങളെ ആഴത്തിൽ പഠിക്കുകയും ആ അറിവ് യൂറോപ്യൻ ജനതയ്ക്ക് പകർന്നു നൽകുകയും ചെയ്തു. വ്യത്യസ്ത ഭാഷകളെയും സംസ്കാരങ്ങളെയും സമന്വയിപ്പിക്കുന്നതിൽ വിജയിച്ച ശാസ്ത്രജ്ഞൻ എന്ന നിലയിലാണ് ബുവെയുടെ ജീവിതം ശ്രദ്ധേയമാകുന്നത്.

1656 ജൂലൈ 18-ന് ഫ്രാൻസിലെ മൈൻ പ്രവിശ്യയിലെ ലെ മാൻ നഗരത്തിലാണ് ബുവെ ജനിച്ചത്. 1673-ൽ, ചൈനയിൽ മിഷനറിയായി പ്രവർത്തിക്കാനുള്ള ആഗ്രഹത്തോടെ അദ്ദേഹം ഈശോസഭയിൽ ചേർന്നു. തത്ത്വശാസ്ത്രം ദൈവശാസ്ത്രം ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം ഇക്കാലയളവിൽ പഠിച്ചു. പഠനത്തിന് ശേഷം കുറേക്കാലം അധ്യാപനവും നടത്തിയതിന് ശേഷം ചൈനയിൽ മിഷൻ സേവനത്തിനായി അദ്ദേഹത്തിന് പരിശീലനം ലഭിച്ചു.

ഫ്രഞ്ച് രാജാവായ ലൂയി പതിനാലാമൻ ഏഷ്യയിലേക്ക് ശാസ്ത്രപരിശീലനം നേടിയ ഈശോസഭാ വൈദികരെ അയക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ ബുവെയും ഉണ്ടായിരുന്നു. 1685-ൽ യൂറോപ്പിൽനിന്നു പുറപ്പെട്ട സംഘം 1688-ൽ തായ്ലൻഡ് വഴി ബെയ്ജിങ്ങിലെത്തി. കാങ്‌സി ചക്രവർത്തി അവരെ സ്വീകരിക്കുകയും കൊട്ടാരത്തിൽ ശാസ്ത്രജ്ഞരായി നിയമിക്കുകയും ചെയ്തു. ചക്രവർത്തിയുമായുള്ള ബന്ധം വഴി അനേകം ചൈനീസ് പണ്ഡിതരെയും ഗ്രന്ഥങ്ങളെയും പരിചയപ്പെടാനും അദ്ദേഹത്തിന് സാധിച്ചു. ചക്രവർത്തിയെ യൂറോപ്യൻ ഗണിതവും ജ്യാമിതീയ ആശയങ്ങളും അദ്ദേഹം പഠിപ്പിച്ചു. യൂറോപ്യൻ ശാസ്ത്രഗ്രന്ഥങ്ങൾ ചൈനീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതിനും ചൈനയിലെ പരമ്പരാഗത വൈദ്യശാസ്ത്രം പഠിക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. ശാസ്ത്രപഠനത്തിനു ഭാഷാപഠനവും ചരിത്രബോധവും ആവശ്യമായിരുന്നു എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

1693-ൽ കാങ്‌സി ചക്രവർത്തി ബുവെയെ തന്റെ പ്രതിനിധിയായി ഫ്രാൻസിലേക്കയച്ചു. ഫ്രാൻസിൽ ആയിരിക്കുമ്പോൾ ചൈനയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ എഴുതി പ്രസിദ്ധം ചെയ്തു. ചൈനീസ് ചക്രവർത്തിയുടെ വ്യക്തിത്വവും ഭരണവും വിവരിക്കുന്ന ഒരു കൃതിയും ചൈനയെ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തുന്ന മറ്റൊരു കൃതിയും ഇക്കാലയളവിൽ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഈ രചനകൾ മുഖാന്തിരം ചൈനയെക്കുറിച്ച് യൂറോപ്യൻ വായനക്കാർക്ക് കൂടുതൽ അറിയാൻ സഹായിച്ചു.

ചൈനയിലെ പുരാതന ഗ്രന്ഥങ്ങളിലൊന്നായ ‘ഈ ചിങ്’ ബുവെ പ്രത്യേകമായി പഠിച്ചു. പൂജ്യവും ഒന്നും മാത്രം ഉപയോഗിച്ച് സംഖ്യകളെ രേഖപ്പെടുത്തുന്ന രീതിക്ക് അദ്ദേഹം വലിയ പ്രചാരണം നൽകി. ‘ഈ ചിങ്’ പഠനം വഴി ചൈനയുടെ പുരാതന ഗ്രന്ഥങ്ങളിൽ ക്രൈസ്തവ വിശ്വാസത്തിന്റെ സൂചനകൾ കണ്ടെത്താമെന്ന് അദ്ദേഹം കരുതി. ബൈബിളിലെ ആശയങ്ങളുടെയും വ്യക്തികളുടെയും മുൻസൂചനകൾ ചൈനീസ് പാരമ്പര്യങ്ങളിലും നിലനിൽക്കുന്നു എന്ന് തെളിയിക്കുക ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അങ്ങനെ ചൈനീസ് പണ്ഡിതർക്ക് പരിചിതമായ ഗ്രന്ഥങ്ങളിലൂടെ ക്രിസ്തുവിനെ പകർന്നു നൽകാം എന്ന് അദ്ദേഹം ചിന്തിച്ചു.

ചൈനീസ് സാഹിത്യത്തെ ഗൗരവമായി പഠിക്കാനും അതിന്റെ വിവിധ വശങ്ങളെക്കുറിച്ചു സംവദിക്കാനും അദ്ദേഹം പരിശ്രമിച്ചു. ചൈനീസ് പാരമ്പര്യങ്ങളും ക്രൈസ്തവവിശ്വാസവും പരസ്പരം ബന്ധിപ്പിക്കുന്നതിനെക്കുറിച്ചു സഭയിൽ ഇക്കാലയളവിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ചൈനീസ് സംസ്കാരത്തെയും മതപാരമ്പര്യത്തെയും യൂറോപ്പിലുള്ളവർക്ക് മെച്ചമായി മനസ്സിലാക്കാൻ ബുവെയുടെ രചനകൾ വഴി സാധിക്കുമെന്ന് ചൈനീസ് ചക്രവർത്തിയും ചിന്തിച്ചിരുന്നു. സംസ്കാരങ്ങൾ തമ്മിലുള്ള സംഭാഷണത്തിന് ഭാഷാജ്ഞാനം മാത്രം പോരെന്നും മതപരവും രാഷ്ട്രീയവുമായ അധികാരബന്ധങ്ങളും അതിനെ സ്വാധീനിക്കുമെന്നും അദ്ദേഹത്തിന്റെ അനുഭവം വ്യക്തമാക്കുന്നു. ജീവിതത്തിന്റെ അവസാനനാളുകളിലും ബുവെ ബെയ്ജിങ്ങിൽ പഠനവും ക്രൈസ്തവസമൂഹത്തിനിടയിലെ സേവനവും തുടർന്നു. 1730 ജൂൺ 28-ന് ബെയ്ജിങ്ങിൽവച്ചാണ് അദ്ദേഹം അന്തരിച്ചത്. ചൈനീസിലും ലത്തീനിലും തയ്യാറാക്കിയ നിരവധി കൈയെഴുത്തുപ്രതികൾ പിൽക്കാല ഗവേഷകർക്കായി അദ്ദേഹം നൽകി.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.