പുരോഹിത ശാസ്ത്രജ്ഞർ 113. കാർലോസ് ദെ സിഗുവെൻസ ഗൊൺഗോറ (1645-1700)

മെക്‌സിക്കോയിൽ നിന്നുള്ള ഒരു ബുദ്ധിജീവിയും, ഭാഷാപണ്ഡിതനും, കവിയുമായിരുന്നു അവിടുത്തെ രൂപതാ വൈദികനായിരുന്ന കാർലോസ് ദെ സിഗുവെൻസ ഗൊൺഗോറ. മെക്സിക്കോയുടെ ആദ്യകാല ചരിത്രവും സ്പാനിഷ് കോളനി വത്ക്കരണത്തിന് മുൻപുള്ള സംസ്കാരവും പഠിക്കുന്നതിനു അദ്ദേഹത്തിന്റെ രചനകൾ സഹായകമായിട്ടുണ്ട്. മെക്സിക്കോയുടെയും ലാറ്റിൻ അമേരിക്കയുടെയും ബൗദ്ധിക വളർച്ചക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കാരണം ‘മെക്സിക്കോയുടെ ഡാവിഞ്ചി’ എന്നാണ് അദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നത്.

മെക്സിക്കോയിലെ മെക്സിക്കോ നഗരത്തിൽ 1645-ലാണ് കാർലോസ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളായ ഡോൺ കാർലോസ് ബെനിത്തോയും ഡോണ ദിയോനീഷ്യയും സ്പെയിനിൽ നിന്നും ‘പുതിയ സ്പെയിനെ’ന്നു അറിയപ്പെട്ടിരുന്ന മെക്സിക്കോയിലേക്ക് കുടിയേറിയവരാണ്. രാജകുടുംബത്തിന്റെ അധ്യാപകനായിരുന്ന പിതാവ് തന്നെയാണ് കാർലോസിനെ ഗണിതവും വാനശാസ്ത്രവും പഠിപ്പിച്ചത്. അദ്ദേഹത്തിന് നാല് സഹോദരിമാരും അഞ്ചു സഹോദരന്മാരും ഉണ്ടായിരുന്നു. പ്രസിദ്ധ സ്പാനിഷ് കവിയായിരുന്ന ലൂയി ദെ ഗൊൺഗോറ ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവാണ്.

പതിനഞ്ചാമത്തെ വയസ്സിൽ കാർലോസ് ഈശോസഭാ സന്യാസ സമൂഹത്തിൽ വൈദിക പരിശീലനത്തിനായി ചേർന്നു. ഇക്കാലത്തു തന്നെ അദ്ദേഹം കവിതകൾ എഴുതിയിരുന്നുവെന്ന് ജീവചരിത്രകാരന്മാർ പറയുന്നു. എന്നാൽ 1667-ൽ ആശ്രമത്തിലെ നിയമങ്ങൾ ലംഘിച്ചുവെന്നതിന്റെ പേരിൽ അദ്ദേഹത്തെ സമൂഹത്തിൽ നിന്നും പുറത്താക്കി. അദ്ദേഹം തെറ്റ് തിരുത്തി അവിടെ തുടരാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അധികാരികൾ അതിന് സമ്മതിച്ചില്ല. (ജീവിതത്തിന്റെ അവസാന കാലങ്ങളിൽ സമൂഹം ഇദ്ദേഹത്തെ അംഗീകരിക്കുകയും അങ്ങനെ ജെസ്വിട്ട് ആശ്രമത്തിൽ താമസിക്കുകയും ചെയ്തു.) മെക്സിക്കോയിലെ പൊന്തിഫിക്കൽ അക്കാദമിയിൽ ചേർന്ന് ഗണിതം, വാനശാസ്ത്രം, സഭാനിയമം തുടങ്ങിയ വിഷയങ്ങൾ പഠിച്ചു. 1672-ൽ ഇവിടുത്തെ ശാസ്ത്ര-ഗണിത വിഭാഗത്തിന്റെ അധ്യക്ഷനായി കാർലോസിനെ നിയമിച്ചു. പിറ്റേവർഷം തന്നെ അദ്ദേഹം ഒരു രൂപതാവൈദികനായി അഭിഷിക്തനായി. അതിനു ശേഷവും അദ്ദേഹം തന്റെ അധ്യാപനം തുടർന്നു. മെക്സിക്കോ സർവ്വകലാശാലയിലെ അധ്യാപക ജോലിക്ക് പുറമെ ശാസ്ത്ര വിഷയങ്ങളിൽ ഭരണാധികാരികളുടെ ഉപദേഷ്ടാവായും അദ്ദേഹം വർത്തിച്ചു.

കാർലോസ് താൻ ജീവിച്ച സമൂഹത്തിന്റെ പ്രായോഗിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടു ശാസ്ത്രീയ-ജ്യോതിശാസ്ത്ര പഞ്ചാംഗങ്ങളും കലണ്ടറുകളും പുറത്തിറക്കി. ഇത് സമൂഹത്തിൽ അദ്ദേഹത്തിന് വലിയ പ്രശസ്തിയും അംഗീകാരവും അദ്ദേഹത്തിന് നേടിക്കൊടുത്തു. കാർലോസ് വാനശാസ്ത്രം പഠിക്കുകയും വാൽനക്ഷത്രങ്ങളെക്കുറിച്ച് എഴുതുകയും ചെയ്തു. മെക്സിക്കോയെക്കുറിച്ചുള്ള ആദ്യത്തെ വിശദമായ ഭൂപടം നിർമ്മിച്ചതും ഇദ്ദേഹമാണ്. അന്നത്തെ ഭരണാധികാരികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപപ്പെടുത്തിയതെങ്കിലും പിൽക്കാല തലമുറയ്ക്ക് ഇത് വലിയ പ്രയോജനം ചെയ്തു. കൂടാതെ കോളനിവത്ക്കരണത്തിന് മുൻപുള്ള സംസ്കാരത്തെക്കുറിച്ചും ഭാഷയെക്കുറിച്ചും അദ്ദേഹം എഴുതുകയും മെസോ അമേരിക്കൻ സംസ്കാരങ്ങളുടെ പ്രത്യേകതകൾ വിശദമായി പഠിക്കുകയും ചെയ്തു.

കാർലോസിന്റെ ആദ്യകാല കവിതകൾ ഭക്തി സംബന്ധിയായിരുന്നെങ്കിൽ പിന്നീട് ചരിത്രപരവും, രാഷ്ട്രീയ പരവുമായ വിഷയങ്ങളെക്കുറിച്ചും അദ്ദേഹം എഴുതി. ഗ്വാഡലൂപ്പെ മാതാവിനെക്കുറിച്ചും അദ്ദേഹം നിരവധി കവിതകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. 1690-അദ്ദേഹം എഴുതിയ ‘അലോൻസോയുടെ ദൗർഭാഗ്യങ്ങൾ’ എന്ന ഗ്രന്ഥമാണ് ലാറ്റിൻ അമേരിക്കയിലെ ആദ്യത്തെ നോവൽ. ഒരു പ്യോട്ടോറിക്കൻ ബാലനെ ഇംഗ്ളീഷ് കടൽക്കൊള്ളക്കാർ ഫിലിപ്പീനോ ദ്വീപുകളിൽ നിന്നും തടവുകാരനായി പിടിച്ച കഥ പറയുന്ന ഈ ഗ്രന്ഥം ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയിരിക്കുന്നതാണ്. 1692-ൽ പട്ടിണിയും ഭക്ഷ്യക്ഷാമവും ഭരണ പരാജയവും കാരണം മെക്സിക്കോയിൽ വലിയ കലാപം പൊട്ടിപ്പുറപ്പെട്ടു. നഗരത്തിലെ പുരാവസ്തുക്കളും പുസ്തകങ്ങളും ചിത്രങ്ങളും മറ്റും സംരക്ഷിക്കുന്നതിനായി കാർലോസ് മുന്നിട്ടിറങ്ങുകയും അതുവഴിയായി വിലപിടിപ്പുള്ള പല ചരിത്ര രേഖകളും സംരക്ഷിക്കപ്പെടുകയും ചെയ്തു. 1700 ഓഗസ്റ്റ് 9-ന് അമ്പത്തഞ്ചാം വയസ്സിൽ മെക്‌സിക്കോ സിറ്റിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.