പുരോഹിതശാസ്ത്രജ്ഞർ 74: എമ്മാനുവൽ മൈഗ്നൻ (1601-1676)

ഫ്രാൻസിൽ നിന്നുള്ള ഒരു ഗണിത-ഭൗതീകശാസ്ത്രജ്ഞനായിരുന്നു സന്യാസവൈദികനായ എമ്മാനുവൽ മൈഗ്നൻ. ഫ്രഞ്ച് എഴുത്തുകാരനായ പിയറി ബൈലെ ‘പതിനേഴാം നൂറ്റാണ്ടിലെ വലിയ തത്വജ്ഞാനികളിൽ ഒരാൾ’ എന്നാണ് എമ്മാനുവലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നയനശാസ്ത്രത്തിലും ഉപകരണ നിർമ്മാണത്തിലും വലിയ അറിവുണ്ടായിരുന്ന ഇദ്ദേഹത്തിന് അടുത്തകാലം വരെ ശാസ്ത്രലോകത്ത് വലിയ അംഗീകാരം ലഭിച്ചിരുന്നില്ല.

ഫ്രാൻസിലെ ടുളൂസ് പട്ടണത്തിൽ എ.ഡി. 1601 ജൂലൈ 17-ന് അവിടുത്തെ പ്രശസ്തമായ അർമാഗ്നാക് പ്രഭുകുടുംബത്തിൽ അദ്ദേഹം ജനിച്ചു. അദ്ദേത്തിന്റെ പിതാവ് അവിടുത്തെ ചാൻസറിയിലെ ഡീനും അമ്മ ടുളൂസ് സർവകലാശാലയിലെ മെഡിക്കൽ അധ്യാപികയുമായിരുന്നു. ടുളൂസിലെ ജെസ്വിട്ട് സ്‌കൂളിലാണ് അദ്ദേഹം തന്റെ പഠനം ആരംഭിച്ചത്. പിന്നീട് പവോളയിലെ വി. ഫ്രാൻസിസ് പതിനഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിച്ച മിനിമ്സ് എന്ന സന്യാസ സമൂഹത്തിൽ ചേർന്നു.

തത്വശാസ്ത്ര പഠനത്തേക്കാൾ എമ്മാനുവലിനു താത്പര്യം ഗണിതശാസ്ത്രത്തോടായിരുന്നു. പഠനമെല്ലാം പൂർത്തിയാക്കി 1636 മുതൽ 1650 വരെ റോമിലെ മോന്തേ പിഞ്ചിയോയിലെ മിനിമ്സ് ആശ്രമത്തിൽ തത്വശാസ്ത്ര-ഗണിതശാസ്ത്ര വിഷയങ്ങൾ പഠിപ്പിച്ചു. ഇക്കാലയളവിലാണ് സൂര്യഘടികാരത്തെ സംബന്ധിച്ച ഒരു സുപ്രധാന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചത്. എങ്ങനെയാണ് ഈ ഉപകരണം നിർമ്മിക്കുന്നതെന്നു മാത്രമല്ല, അത് വലിയ ദൈവാലയങ്ങളുടെ താഴികക്കുടങ്ങളിൽ എങ്ങനെ സ്ഥാപിക്കണമെന്നും അദ്ദേഹം വിവരിക്കുന്നു. കൂടാതെ, ചില ചുവർചിത്രങ്ങൾ പല സ്ഥലത്തുനിന്നും വീക്ഷിക്കുമ്പോൾ വ്യത്യസ്തങ്ങളായി കാണപ്പെടുന്ന ഒരു ചിത്രരചനാരീതിയും അദ്ദേഹം വികസിപ്പിച്ചു. എ.ഡി. 1642-ൽ അദ്ദേഹം റോമിലെ ഒരു മഠത്തിന്റെ ചുവരിൽ പവോളയിലെ വി. ഫ്രാൻസിസിന്റെ ഇപ്രകാരം വരച്ച ഒരു ചിത്രം ഇന്നും അവിടെയുണ്ട്.

എ.ഡി. 1650-ൽ അദ്ദേഹത്തെ ടുളൂസിലേക്ക് തിരികെവിളിച്ച് ആശ്രമത്തിന്റെ പ്രൊവിൻഷ്യൻ ആയി നിയമിച്ചു. മൂന്നുവർഷത്തെ ഈ ദൗത്യം പൂർത്തിയായ ഉടൻതന്നെ അദ്ദേഹം തന്റെ ശാസ്ത്രപഠനത്തിലേക്ക് തിരികെപ്പോവുകയാണുണ്ടായത്. എന്നാൽ ലൂയി പതിനാലാമൻ രാജാവ് ഇദ്ദേഹത്തിന്റെ യന്ത്രങ്ങൾ നിർമ്മിക്കാനുള്ള കഴിവിൽ ആകൃഷ്ടനായി പാരീസിലേക്ക് വിളിപ്പിച്ചു പുതിയ ഉത്തരവാദിത്വങ്ങൾ ഏല്പിച്ചു. കർദിനാൾ മസറീനെ സ്വാധീനിച്ചു തന്റെ ശിഷ്ടകാലം ആശ്രമത്തിലെ ഏകാന്തതയിൽ ചിലവഴിക്കുന്നതിന് അദ്ദേഹം ശ്രമിച്ചു. അവിടെ വച്ച് 1676 ഒക്ടോബർ 29-ന് അദ്ദേഹം അന്തരിച്ചു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.