പ്ലാൻ ചെയ്യാം കുടുംബമൊത്തുള്ള അവധിക്കാല വിനോദയാത്ര

അവധിക്കാലത്തിലാണ് കുഞ്ഞുങ്ങൾ കളിച്ചുതിമിർക്കാൻ പോകുന്നത്. കുട്ടികൾക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ അവർക്കൊപ്പം ഒരു യാത്രപോകാനുള്ള സമയം കൂടിയാണിത്. ഈ വേനലവധിക്ക് നിങ്ങൾ മക്കളുമായി ഒരു ടൂർ സ്വപ്നംകാണുന്നുണ്ടോ? എവിടെയാകാം നിങ്ങളുടെ സ്വപ്നസങ്കേതം? എന്തെല്ലാമാണ് കടമ്പകൾ

അവധിക്കാലത്ത് കുടുംബസമേതം ടൂർ പോകുന്ന രീതി മലയാളികളുടെ ഇടയിലും വേരൂന്നിക്കഴിഞ്ഞു എന്നുതന്നെ പറയാം. രണ്ടുദിവസം വീണുകിട്ടിയാൽ പുതിയ ഒരു സ്ഥലം കാണാൻ പുറപ്പെടുക എന്നതാണ് യൂറോപ്യൻ രീതി. എന്നാൽ സമ്പാദ്യപ്രിയരായ മലയാളികൾ ഇത്തരം ‘ധൂർത്തിൽ’ നിന്നും അകന്നുനിന്നു. ആഗോളവത്ക്കരണം ടൂറിസം മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. അതുകൊണ്ട് വിനോദയാത്രകൾ നമ്മുടെ ഇടയിലും പതിവായിക്കഴിഞ്ഞിരിക്കുന്നു.

ഈ വെക്കേഷനിൽ കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്കു പോകണമെന്ന് തീരുമാനിച്ചിരിക്കുന്ന അനേകരിൽ ഒരാളാകാം നിങ്ങളും. പോകേണ്ട സ്ഥലം തീരുമാനിച്ചിട്ടില്ലെങ്കിൽ, വേഗമാകട്ടെ! നേരത്തെ പ്ലാൻ ചെയ്താൽ യാത്ര ഏറെ സുന്ദരവും ആസ്വാദ്യകരവുമാക്കാം.

അവധിക്കാലം പ്ലാൻ ചെയ്യുക ഒരുതരത്തിൽ എളുപ്പമാണ്; മറ്റൊരുതരത്തിൽ അത്ര എളുപ്പമല്ലാതാനും. എന്താണ് നമ്മൾ ഈ യാത്രയിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ബാക്കി തീരുമാനങ്ങൾ ഉരുത്തിരിയുക. എങ്ങോട്ടുപോകും എന്ന് തീരുമാനിക്കുന്നതിനുമുമ്പ് എന്തു ചെയ്യുന്നതിലാണ് നമുക്ക് താല്പര്യം എന്നു കണ്ടെത്തുക. ഒരുപക്ഷേ, പച്ചപ്പുള്ള സ്ഥലത്ത് ക്യാംപ് അടിക്കാനായിരിക്കാം, അല്ലെങ്കിൽ ബോട്ടിംഗ് നടത്താനാകാം, കടൽത്തീരത്തിരുന്ന് ഉല്ലസിക്കാനാകാം, ചൂണ്ടയിടാനായിരിക്കാം ഇങ്ങനെ പലതുമാകാം. നമ്മുടെ താത്പര്യങ്ങളാണ് ഏതു സ്ഥലത്തു പോകണമെന്നു തീരുമാനിക്കാൻ നമ്മെ സഹായിക്കേണ്ടത്.

അതിനുശേഷമാണ് മനസ്സിലെ ആഗ്രഹങ്ങൾക്കിണങ്ങിയ ഒരു സ്ഥലം കണ്ടെത്തേണ്ടത്. ഇതിന് ഇന്ന് ധാരാളം മാർഗങ്ങളുണ്ട്. കൂടുതൽ അറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചു പഠിക്കുക; അത് സുഹൃത്തുക്കളിൽ നിന്നാകാം, ഇന്റർനെറ്റിൽ നിന്നാകാം, അതുമല്ലെങ്കിൽ ടൂർ ഏജൻസികളിൽ നിന്നുമാകാം. യാത്രാ ലഘുരേഖകളും വിവരണങ്ങളും ഏജൻസികളിൽ ലഭ്യമാണ്, അതല്ലെങ്കിൽ ഇന്റർനെറ്റിൽ ഓർഡർ ചെയ്യാം; ഇവ പലപ്പോഴും സൗജന്യമായി ലഭിക്കുകയും ചെയ്യും. പോകാനുള്ള സ്ഥലത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാൻ ഇവ നമ്മെ സഹായിക്കും. നേരത്തെ പ്ലാൻ ചെയ്താൽ, പല സ്ഥലങ്ങളെക്കുറിച്ചും പഠിച്ച് ഏറ്റവും നല്ലത് നമുക്ക് തെരഞ്ഞെടുക്കാം.

അറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ച് ആദ്യം മനസ്സിലാക്കുക. അതായിരിക്കും കൂടുതൽ എളുപ്പം. ഈ സ്ഥലങ്ങളിലേക്ക് ടൂർ നടത്തിയിട്ടുള്ള അയൽക്കാരോടോ, സുഹൃത്തുക്കളോടോ, സഹപ്രവർത്തകരോടോ ഇതിനെക്കുറിച്ച്‌ ചർച്ചചെയ്യുന്നത് ഏറെ സഹായിക്കും. ലളിതമായ ഒരു ‘ഫാമിലി പിക്‌നിക്’ ആണ് നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ ഏതെങ്കിലുമൊരു അമ്യൂസ്‌മെന്റ് പാർക്ക് തിരഞ്ഞെടുക്കാം. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ പല സൗകര്യങ്ങളോടുകൂടിയ ഇത്തരം പാർക്കുകൾ നിലവിലുണ്ട്. നമ്മുടെ സമീപത്തുള്ള ഒരു പാർക്ക് തെരഞ്ഞെടുക്കാം. അതുമല്ലെങ്കിൽ ട്രെയിനിലോ മറ്റോ യാത്ര ചെയ്ത് അല്പം ദൂരെയുള്ള സ്ഥലം തിരഞ്ഞെടുക്കുകയുമാകാം.

ബീച്ച് ആണ് നമ്മുടെ മനസ്സിനിണങ്ങിയതെങ്കിൽ അതിനും ഏറെ സൗകര്യങ്ങളുണ്ട്. കേരളം, ഗോവ, ബോംബെ, മദ്രാസ് എന്നിവിടങ്ങളിലെ ബീച്ചുകൾ ഏറെ പ്രശസ്തിയാർജിച്ചവയാണുതാനും. ഈ നഗരങ്ങളിലെ കാഴ്ചകൾകൂടി ശ്രദ്ധാപൂർവം തിരഞ്ഞെടുത്താൽ അത് ഒരു ‘അടിപൊളി’ വെക്കേഷൻ ട്രിപ്പ് ആകുകയും ചെയ്യും.

നമ്മുടെ രാജ്യം ഏറെ വൈവിധ്യങ്ങൾ നിറഞ്ഞതാണ്. പലതരത്തിലുള്ള കാലാവസ്ഥ, പഴങ്ങൾ, ചെടികൾ, ജന്തുക്കൾ, രീതികൾ, കെട്ടിടങ്ങൾ, ശില്പങ്ങൾ, ഉദ്യാനങ്ങൾ തുടങ്ങിയവ നമ്മുടെ സമ്പത്താണ്. ഇവയെല്ലാം കണ്ടുതീർക്കാൻ ഒരു ജന്മംപോര. അതിനാൽ യാത്രകൾ തീർച്ചയായും നമ്മുടെ അനുഭവങ്ങളും അറിവും വർധിപ്പിക്കും.

കുടുംബത്തോടൊപ്പമുള്ള വിനോദയാത്രകൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള സ്‌നേഹബന്ധം വളർത്തുന്നതിന് ഏറെ സഹായകമാണ്. കത്തിനിൽക്കുന്ന പ്രശ്‌നങ്ങൾകൂടി അലിഞ്ഞുപോകുന്നത് ഇത്തരം നിമിഷങ്ങളിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.