നവീകരണത്തിൻ്റെ ആത്മക്കൊടുങ്കാറ്റ്

ഡോ. ഫാ. ജോഷി മയ്യാറ്റില്‍
ഡോ. ഫാ. ജോഷി മയ്യാറ്റില്‍

ഇന്ന് 2022 പെന്തക്കുസ്താദിനം മുതൽ 2025 പെന്തക്കുസ്താദിനം വരെ കേരളസഭയുടെ നവീകരണകാലമായി നമ്മൾ ആചരിക്കുകയാണ്. 2021 ഡിസംബറിൽ സമ്മേളിച്ച കേരള കത്തോലിക്കാ മെത്രാൻ സമിതി പരിശുദ്ധാത്മപ്രേരിതമായ സ്വയം തിരിച്ചറിവിലൂടെ എടുത്തതാണ് അത്തരമൊരു തീരുമാനം. സഭയുടെയും സമൂഹത്തിൻ്റെയും സമകാലീനാവസ്ഥകൾ വിശകലനം ചെയ്ത മെത്രാൻ സമിതി ആത്മവിമർശനപരമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. സഭയുടെ നവീകരണം സമൂഹത്തിൻ്റെ നവീകരണത്തിനു കാരണമാകണം എന്ന താല്പര്യവും ഈ ഇടപെടലിനു പിന്നിലുണ്ട്. കർദിനാൾമാരും മെത്രാന്മാരും മുതൽ അച്ചനും സന്യാസീ -സന്യാസിനികളും അല്മായരും വരെ കടന്നുപോകേണ്ട മാനസാന്തരകാലഘട്ടമാണ് ഈ മൂന്നു വർഷങ്ങൾ.

അസ്ഥിപ്രശ്‌നങ്ങളും അസ്തിത്വപ്രതിസന്ധിയും

ഏഴ് അനുതാപകീര്‍ത്തനങ്ങളില്‍ അഞ്ചിലും അസ്ഥിസംബന്ധിയായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്നുള്ളത് കൗതുകകരമാണ്: ”കര്‍ത്താവേ, എന്റെ അസ്ഥികള്‍ ഇളകിയിരിക്കുന്നു” (6,2); ”ഞാന്‍ മൗനമായിരുന്നതുകൊണ്ട്, ദിവസംമുഴുവനുമുള്ള എന്റെ രോദനംമൂലം, എന്റെ അസ്ഥികള്‍ ക്ഷയിച്ചുപോയി” (32,3); ”എന്റെ അസ്ഥികളില്‍ ആരോഗ്യമില്ല” (38,3); ”അവിടന്ന് തകര്‍ത്ത എന്റെ അസ്ഥികള്‍ ആനന്ദിക്കട്ടെ!” (51,8); ”എന്റെ അസ്ഥികള്‍ തീക്കൊള്ളിപോലെ എരിയുന്നു” (102,3). സങ്കീ 22,13; 31,10; 42,10; 141,7 എന്നീ വിലാപഗീതങ്ങളിലും സമാനരീതിയിലുള്ള ‘അസ്ഥി’പ്രയോഗം കാണാം.

ക്രമത്തിന്റെയും കരുത്തിന്റെയും സ്ഥായിത്വത്തിന്റെയും ചലനത്തിന്റെയും നിമിത്തങ്ങളും പ്രതീകങ്ങളുമാണ് അസ്ഥികള്‍. ശരീരശാസ്ത്രപരമായ അവയുടെ ധര്‍മവും അതുതന്നെയാണല്ലോ. അസ്ഥികള്‍ക്കു പ്രശ്‌നം സംഭവിക്കുകയെന്നാല്‍, അസ്തിത്വത്തിനു കോട്ടംതട്ടുക എന്നാണ് അര്‍ത്ഥം. ജീവിതം ദുര്‍ബലവും ക്രമരഹിതവും അസന്തുഷ്ടകരവുമാകുന്ന അവസ്ഥയാണത്. കൂനിപ്പോകുന്ന അവസ്ഥയാണത് – ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെടുന്ന അവസ്ഥ; തന്റേടത്തോടെ നില്ക്കാനാകാത്ത അവസ്ഥ; ജീവിതം വഴിമുട്ടിനില്ക്കുന്ന അവസ്ഥ. ഇത്തരം അവസ്ഥകള്‍ ദൈവജനത്തിന് അപരിചിതമല്ലെന്നും വ്യക്തിഗതവും സാമൂഹികവുമായ മാനങ്ങള്‍ അവയ്ക്കുണ്ടെന്നും സമകാലീന യാഥാർത്ഥ്യങ്ങൾ വ്യക്തമാക്കുന്നു.

അസ്ഥികള്‍ ഒടിഞ്ഞുതൂങ്ങിയ, കാതുകള്‍ക്ക് കനംതൂങ്ങിയ കേരളസഭ

ക്രിസ്തുവിന്റെ മൗതികശരീരത്തിന്റെ ശ്രേഷ്ഠത കേരളസഭയ്ക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ് എന്ന തിരിച്ചറിവാണ് മൂന്നു വര്‍ഷം നീളുന്ന നവീകരണകാലം പ്രഖ്യാപിക്കാന്‍ മെത്രാന്‍സമിതിയെ പ്രേരിപ്പിച്ചിട്ടുള്ളത്. വിശ്വാസികള്‍ ഒന്നായിരിക്കേണ്ടതിനായി പ്രാര്‍ത്ഥിച്ച ഗുരുവിനെ (cf. യോഹ 17) തീര്‍ത്തും പരിചയമില്ലാത്തവരെപ്പോലെ വെറും ലത്തീനും സുറിയാനിയും മലങ്കരയും ആയിക്കഴിഞ്ഞിരിക്കുന്ന നമുക്ക് യഥാര്‍ത്ഥമായ സഭാബോധത്തിലേക്കും സഭാജീവിതത്തിലേക്കും തിരിച്ചെത്തേണ്ടതുണ്ട്. പാരമ്പര്യങ്ങളുടെ പേരുപറഞ്ഞ് കഥയില്ലാത്ത പുറംമോടികളും വ്യതിരിക്തതകളും പെരുപ്പിക്കുന്നതും പൊലിപ്പിക്കുന്നതും കേരളസഭയുടെ ഏകതയ്ക്കു തുരങ്കംവയ്ക്കാനേ ഉതകൂ. വിഭാഗീയതയും പ്രതിഷേധപ്രകടനങ്ങളും ഭീഷണികളും കേസുകളും വ്യാജപ്രചാരണങ്ങളും പരിഹാസങ്ങളുംകൊണ്ട് പൊതുസമൂഹത്തില്‍ സഭ കോമാളിയായിത്തീരുകയാണ്. നമ്മുടെ ആരാധനക്രമമേഖലപോലും ക്രമസമാധാനപാലകരുടെ ഇടപെടല്‍ ആവശ്യമുള്ള ഇടമായിത്തീര്‍ന്നിരിക്കുന്നു എന്നത് അങ്ങേയറ്റം ഖേദകരമാണ്. നമ്മുടെ ആത്മീയതയ്ക്ക് ക്രിസ്തുവിന്റെ കൈയൊപ്പില്ല, ആത്മാവിന്റെ സ്‌നിഗ്ധതയില്ല!

കുടുംബങ്ങള്‍ ചുരുങ്ങുമ്പോഴും, ചേരികള്‍ പടരുമ്പോഴും, മൂലമ്പിള്ളികള്‍ മുമ്പില്‍നില്ക്കുമ്പോഴും, ചെറുപ്പക്കാര്‍ ഗതിയില്ലാതെ നാടുവിടുമ്പോഴും വമ്പന്‍ കെട്ടിടങ്ങളുടെയും പ്രോജക്റ്റുകളുടെയും മെഗാലോമേനിയ ബാധിച്ച ഒരു സമുദായമായി നാം അധ:പതിച്ചുകൊണ്ടിരിക്കുന്നു. സുവിശേഷത്തിന്റെ ആനന്ദം എന്ന അപ്പസ്‌തോലികാഹ്വാനത്തില്‍ ഫ്രാന്‍സിസ് പാപ്പ പറയുന്നത് ഇവിടെ പ്രസക്തമാണ്: ”സംവിധാനങ്ങള്‍ മിഥ്യയായ സുരക്ഷിതത്വബോധം നല്കുന്നു. നമ്മെ കാര്‍ക്കശ്യമുള്ള ന്യായാധിപന്മാരാക്കുന്ന നിയമങ്ങള്‍ക്കുള്ളില്‍, സുരക്ഷിതരെന്നു തോന്നിപ്പിക്കുന്ന ശീലങ്ങള്‍ക്കുള്ളില്‍ നാം അടച്ചുപൂട്ടപ്പെടുന്നു. അതേസമയം നമ്മുടെ വാതില്ക്കല്‍ ജനങ്ങള്‍ പട്ടിണിയനുഭവിക്കുന്നു” (സുവിശേഷത്തിൻ്റെ ആനന്ദം, 47). ജനത്തിന്റെ വിഷയം എന്നും മെത്രാന്റെയും അച്ചന്റെയും സന്ന്യസ്തരുടെയും വിഷയം എന്നുമുള്ള തരംതിരിവ് ജനത്തിന് നന്നായി അനുഭവപ്പെടുന്നുണ്ട്. ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കാര്യത്തില്‍ ഔദ്യോഗിക സഭ കാണിക്കുന്ന ശുഷ്‌കാന്തിയുടെ പത്തിലൊന്ന് ജനത്തിന്റെ വിഷയങ്ങളിലില്ല എന്ന പൊതുവായ വിലയിരുത്തല്‍ അടിസ്ഥാനമില്ലാത്തതല്ല എന്നതിന് കാലികമായ തെളിവുകള്‍ പലതുമുണ്ടല്ലോ. സ്ഥാപനങ്ങളും പള്ളികളും മേടകളും മണിമാളികകളും കൊടിമരങ്ങളും ഉയര്‍ന്നുപൊങ്ങുന്നതാണ് മതാത്മകത എന്നു നാം ധരിച്ചുവശാകുകയാണോ?

ദൈവം തന്ന വടിയുടെ കരുത്തറിയാതെ, അതും പിടിച്ച് ചെങ്കടലിന്റെ തീരത്തുനിന്ന് വിലപിക്കുന്ന മോശയെപ്പോലെയാണ് ഇന്നു പല മെത്രാന്മാരും! ഒരുതരം ശുഷ്‌കതയും മന്ദതയും പലരെയും ബാധിച്ചുകഴിഞ്ഞിരിക്കുന്നു. നമ്മുടെ അജപാലകര്‍ പള്ളി മാനേജര്‍മാരും ഉദ്യോഗസ്ഥരുമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരും ന്യായമായി സംശയിച്ചുപോകാം. സന്ന്യാസസമൂഹങ്ങളാകട്ടെ, തങ്ങളുടെ വരദാനങ്ങളെല്ലാം മാര്‍ക്കറ്റിന് അടിയറവുവച്ച മട്ടാണ്! നമ്മുടെ കുടുംബങ്ങള്‍ക്ക് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ശീതളിമ കൈമോശം വരുന്നില്ലേ? നമ്മുടെ ദമ്പതികള്‍ക്കിടയില്‍ ശിശുവിരുദ്ധമനസ്സ് പ്രബലപ്പെട്ടിരിക്കുന്നു. നമ്മുടെ ചെറുപ്പക്കാര്‍ക്ക് സ്വപ്നങ്ങളില്ലാതായിരിക്കുന്നു. വിദേശങ്ങളിലേക്ക് അവര്‍ ചേക്കേറുന്നതുപോലും ട്രെന്റിനൊത്തുള്ള നീക്കം മാത്രമാണെന്നാണ് എന്റെ നിരീക്ഷണം. അവര്‍ ഭാവിയോട് ഭാവാത്മകമായി പ്രതികരിക്കാന്‍ കഴിവില്ലാത്തവരും ഉണര്‍വില്ലാത്തവരും ആയിരിക്കുന്നു. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ പൊതുനന്മയും സാമുദായികനന്മയും ഉയര്‍ത്തിപ്പിടിക്കാന്‍ കെല്പുള്ള, ക്രിസ്തുസ്‌നേഹവും സഭാസ്‌നേഹവും പ്രകടമാക്കുന്ന, ഏതെങ്കിലും ഒരു നേതാവ് നമ്മുടെയിടയില്‍നിന്ന് ഈ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ടോ?

മേല്പറഞ്ഞ കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത് സമകാലീന കേരളസഭയുടെ അസ്തിത്വപ്രതിസന്ധിയാണ്, പാപംമൂലം അസ്ഥികളില്‍ ആരോഗ്യമില്ലാതാവുകയോ അസ്ഥി തകരുകയോ ചെയ്ത ഒരു സഭയുടെ വിവിധ അവസ്ഥകളാണ്. ക്രിസ്തുവിന്റെ നിലവാരത്തിലേക്ക് ഉയരാന്‍ സഭ ഇനിയും അടിമുടി എത്രയധികം മാറാനുണ്ട് എന്നതിന്റെ സൂചനകളാണ് ഇവ. ഇത് കഥയില്ലായ്മയുടെ അനുഭവമാണ്; പക്ഷേ, ദുരന്തസൂചകമല്ല. ദുരന്താത്മകവും നിഷേധാത്മകവുമായ അവസ്ഥകള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കും കഥയില്ലായ്മയ്ക്കും നിശ്ശൂന്യാനുഭവങ്ങള്‍ക്കും, ദൈവിക പദ്ധതിയിൽ, മനുഷ്യരെയും സമൂഹങ്ങളെയും സംവിധാനങ്ങളെയും അഗാധമായ പശ്ചാത്താപത്തിലേക്കും അടിമുടിയുള്ള ശൈലീനവീകരണത്തിലേക്കും നയിക്കാന്‍ കരുത്തുണ്ട്.

നവീകരണം വാഞ്ഛിക്കുന്ന സഭ

ദൈവത്തിന്റെ കരുണയിലാണ് മനുഷ്യന്റെ ആശ്രയം. സഭയോട് കരുണ കാണിക്കുന്ന കര്‍ത്താവുതന്നെയാണ് നവീകരണത്തിന്റെ നാഥന്‍. അവിടത്തോട് അന്തരംഗത്തില്‍ ജ്ഞാനം പകരാനായി സങ്കീര്‍ത്തകനോടൊപ്പം (സങ്കീ 51,6) പ്രാര്‍ത്ഥിക്കുന്നത് സമുചിതമാണ്. മനുഷ്യന്റെ ആഗ്രഹത്തിനും തീരുമാനത്തിനും ശ്രമത്തിനുമപ്പുറം ദൈവത്തിന്റെ കൃപയാണ് ജീവിതനവീകരണത്തിനും സഭാനവീകരണത്തിനും നിമിത്തമാകുന്നത്. ”സംശുദ്ധമായ ഹൃദയം എനിക്കായി സൃഷ്ടിക്കണമേ” (സങ്കീ 51,10) എന്ന പ്രാര്‍ത്ഥന പുതുസൃഷ്ടിയായിത്തീരാനുള്ള സഭയുടെ ആഗ്രഹം സുന്ദരമായി പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമാണ്.
ഭീകരമായ ഗര്‍ത്തവും കുഴഞ്ഞ ചേറും (സങ്കീ 40,2) ഇന്നിന്റെ സഭാനുഭവങ്ങള്‍തന്നെയാണ്.

പക്ഷേ, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മതപരസാഹചര്യങ്ങള്‍ സഭയെ വല്ലാതെ ശ്വാസംമുട്ടിക്കുന്ന ഇക്കാലഘട്ടത്തിലും കര്‍ത്താവ് സഭയെ കൈവിട്ടിട്ടില്ല. സഭാനവീകരണം അനിവാര്യമാണെന്ന സഭയുടെ തിരിച്ചറിവിന് സത്യാരാധനയുടെ ആത്മാവിന്റെ കൈയൊപ്പുണ്ട്. തകര്‍ന്ന ചൈതന്യവും തകര്‍ന്നുനുറുങ്ങിയ ഹൃദയവും ആണ് യഥാര്‍ത്ഥത്തില്‍ സഭയുടെ കരുത്ത്. കര്‍ത്താവിന്റെ ദാസനാകാനുള്ള പരിശീലനക്കളരിയില്‍നിന്ന് ‘ഹിന്നേനീ’ (‘ഇതാ, ഞാൻ’) പ്രഖ്യാപനവുമായി സമ്പൂര്‍ണസമര്‍പ്പണം പുതുക്കുന്ന സഭ എത്ര സുന്ദരമായ കാഴ്ചയാണ്!

പ്രേഷിതയാകേണ്ട സഭ

പാപിനിയായ സഭയില്‍നിന്ന് പ്രവാചികയും പ്രേഷിതയുമായ സഭയിലേക്ക് ഒരു മാനസാന്തരദൂരം മാത്രമേയുള്ളൂ. യഥാര്‍ത്ഥമായ ഏതു മാനസാന്തരവും പ്രേഷിതശിഷ്യത്വത്തിലേക്കുള്ളതായിരിക്കും. ”സുവിശേഷം പ്രഘോഷിക്കാനുള്ള പ്രസരിപ്പും കരുത്തും ശക്തിയും നിലനിറുത്താന്‍ സഭ ആഗ്രഹിക്കുന്നെങ്കില്‍ അവള്‍ നിരന്തരം സുവിശേഷവത്കരിക്കപ്പെടണം” എന്ന വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ പ്രബോധനം (സുവിശേഷ പ്രഘോഷണം, 15) ഇവിടെ സ്മര്‍ത്തവ്യമാണ്. സഭയുടെ പ്രേഷിതപരമായ മാനസാന്തരത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പയും ഏറെ വാചാലനാകുന്നുണ്ട്. ”സഭയുടെ ആചാരങ്ങളും പ്രവര്‍ത്തനശൈലിയും സമയങ്ങളും സമയവിവരപ്പട്ടികയും ഭാഷയും സംവിധാനങ്ങളും സ്വന്തം സംരക്ഷണത്തിന് എന്നതിനെക്കാള്‍ ഇന്നത്തെ ലോകത്തിന്റെ സുവിശേഷവത്കരണത്തിനായി തിരിച്ചുവിടുന്നതിനുവേണ്ടി ഒരു പ്രേഷിതത്വതിരഞ്ഞെടുപ്പ് – എല്ലാം പരിവര്‍ത്തനം ചെയ്യിക്കാന്‍ കഴിവുള്ള ഒരു പ്രേഷിതത്വപ്രചോദനം – ഞാന്‍ സ്വപ്നം കാണുന്നു” എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം (സുവിശേഷത്തിൻ്റെ ആനന്ദം, 27) എത്ര ശക്തമാണ്!

കേരളസഭയുടെ നവീകരണം അടിസ്ഥാനപരമായും പ്രായോഗികമായും പ്രേഷിതപരമായ മാനസാന്തരത്തിലാണ് അടങ്ങിയിരിക്കുന്നത്. ദൈവഹിതം കേരളസഭയുടെ നിരന്തരധ്യാനവും മനനവുമായിത്തീര്‍ന്ന്, സ്വാത്മാവബോധത്തില്‍ സഭ വളരുമ്പോള്‍ നമ്മുടെ മൂല്യശ്രേണി മിഷന്‍പ്രാമുഖ്യമുള്ളതാകും. വിലപ്പെട്ടതെന്ന് ഇപ്പോള്‍ നാം കരുതുന്ന പലതും വിലകെട്ടതെന്നു തിരിച്ചറിയാനും വലിച്ചെറിയാനും നമുക്കു കഴിയും. മറിച്ച്, ക്രിസ്തു നമുക്ക് സ്വര്‍ണവും വിലപിടിച്ച വെള്ളിയും ആയിത്തീരും; നാം ഏകശ്രദ്ധ നല്കുന്ന വൻ ആനന്ദം ക്രിസ്തുപ്രഘോഷണമായി മാറും! അത് എല്ലാ സൃഷ്ടികൾക്കും ലോകത്തിലെ സകലജനതകൾക്കും അനുഗ്രഹവും രക്ഷയും ആയിഭവിക്കും.

ഫാ. ജോഷി മയ്യാറ്റിൽ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.