നല്ല രക്ഷിതാവ് ആകണോ? ഇതാ പത്തു കുറുക്കുവഴികള്‍

ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പാദ്യമാണ് മക്കൾ. ആ സമ്പാദ്യത്തിനായിട്ടാണ് ഓരോ രക്ഷകര്‍ത്താവും പ്രയത്നിക്കുന്നത്. സമൂഹത്തിനും കുടുംബത്തിനും മാതൃകയാകുന്ന കുട്ടികളെ വാര്‍ത്തെടുക്കുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല. ഓരോ രക്ഷിതാവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണത്. ആ കടമ ഭംഗിയായി ചെയ്യാന്‍ എല്ലാവരും ശ്രമിക്കാറുണ്ടെങ്കിലും, അതിനായി സ്വീകരിക്കുന്ന ചില മാര്‍ഗങ്ങള്‍മൂലം പലപ്പോഴും പാളിച്ചകള്‍ ഉണ്ടാവുന്നു. ഇത് കുട്ടികളുടെ ഭാവിയെതന്നെ ബാധിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളിൽ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് പലർക്കും അറിയില്ല. അതിനായി ഇതാ പത്തു കുറുക്കുവഴികള്‍.

1. മാതാപിതാക്കളെ കണ്ടാണ്‌ മക്കൾ വളരുന്നത്

അമ്മ സാരി ഉടുക്കുന്നതുപോലെ ഉടുക്കാനും അച്ഛന്റെ നടപ്പിനെ അനുകരിക്കാനുമൊക്കെ കുരുന്നുകൾ ശ്രമിക്കുന്നത് ആര്‍ക്കും ഒരു പുതിയ കാഴ്ച ആയിരിക്കില്ല. എന്നാല്‍ അത് വലിയൊരു സൂചനയാണ് – അച്ഛനമ്മമാരെ കണ്ടും അനുകരിച്ചുമാണ് കുട്ടികള്‍ വളരുന്നത് എന്ന സൂചന. അതിനാല്‍തന്നെ നമ്മുടെ ഓരോ പ്രവൃത്തികളും സംസാരവും വളരെ മികച്ച രീതിയിൽ ആയിരിക്കണം.

നമ്മൾ മറ്റുള്ളവരോടു പെരുമാറുന്ന രീതിയും നമ്മുടെ ആരോഗ്യപരിപാലനശൈലിയും ദിനചര്യകളുമൊക്കെയാണ് മക്കൾ കണ്ടുപഠിക്കുക. അതിനാല്‍ അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മാതൃകയായി മാതാപിതാക്കൾ ജീവിക്കുക.

2. ലാളിച്ചു വഷളാക്കരുത്

മക്കളെ അതിയായി സ്നേഹിക്കുന്നവരാണ് നാമെല്ലാവരും. കാരണം, അതിലും പവിത്രമായ ഒരു ബന്ധം ഈ ലോകത്തില്ല. നമ്മുടെ ജീവന്റെ ഒരു കണികയാണ് അവര്‍. അതുകൊണ്ടുതന്നെ നമുക്ക് മക്കളോട് അളവറ്റ സ്നേഹമുണ്ടാകും. എങ്കിലും അവരോട് ഗൗരവമായ ഒരു കാര്യം പറയാനോ, തെറ്റുകൾ കണ്ടാൽ അവരെ ശാസിക്കാന്‍ കഴിയാതെവരികയോ ഒക്കെ ചെയ്യുന്നത് വലിയ വിപത്താണ്.

സ്നേഹത്തിന്റെ പുറത്ത്, മക്കൾ ആവശ്യപ്പെടുന്നതൊക്കെ വാങ്ങിക്കൊടുക്കാനും തെറ്റുകള്‍ക്കുനേരെ കണ്ണടയ്ക്കാന്‍ ആരംഭിക്കുന്നതുമൊക്കെ ഫലത്തില്‍ മക്കളെ  കൂടുതല്‍ മോശമാക്കുകയേ ഉള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ അധികം ലാളിച്ചുവഷളാക്കരുത് എന്നര്‍ഥം. ഇത്തരത്തിലുള്ള സ്നേഹപ്രകടനങ്ങൾ പലപ്പോഴും കുട്ടികളില്‍, വ്യക്തികളേക്കാളധികം വസ്തുക്കളില്‍ ഇഷ്ടംകൂടാന്‍ ഇടയാക്കും. ഇത് അവരില്‍നിന്നും മനുഷ്യത്വത്തെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജനം ചെയ്യും.

3. കുട്ടികളുടെ ജീവിതവുമായി ഇടപഴകുക

കുട്ടികളുടെ ജീവിതത്തില്‍ അവരോടൊപ്പം ആയിരിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. അതിനായി സമയം കണ്ടെത്തുക. നിങ്ങളുടെ കാര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമായി കണ്ടെത്തുന്ന സമയത്തിൽ കുറച്ചുസമയം മക്കൾക്കായി നൽകുക. അവരോടൊപ്പം ഇരിക്കാനും അവരുടെ കുഞ്ഞുകുഞ്ഞുകഥകള്‍ കേള്‍ക്കാനും അവരുടെ ആശങ്കകള്‍ പരിഹരിക്കാനുമൊക്കെ സമയം കണ്ടെത്തണം. ഇത് കുട്ടികള്‍ക്ക് നിങ്ങളുമായുള്ള അടുപ്പവും സ്നേഹവുമൊക്കെ വര്‍ധിക്കാൻ സഹായിക്കും.

4. കുട്ടികള്‍ക്കു യോജിച്ച രീതിയില്‍ രക്ഷകര്‍തൃത്വം വഹിക്കുക

നമ്മുടെ കുട്ടികള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കുക. അതായത്, ഓരോ പ്രായത്തിലും അവരോട് എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഓരോ മാതാപിതാക്കൾക്കും ഉണ്ടായിരിക്കണം. കുട്ടികള്‍ വളര്‍ന്നുകഴിയുമ്പോള്‍ അവരെ വീണ്ടും പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ പരിഗണിക്കുന്നത് മക്കളുടെ വ്യക്തിത്വത്തെതന്നെ ബാധിക്കും.

അതുപോലെ, ഓരോ പ്രായത്തിലും അവര്‍ക്കു നല്‍കേണ്ട ഉത്തരവാദിത്വങ്ങളും ശീലങ്ങളും പഠിപ്പിക്കണം. അഞ്ചുവയസ്സുകാരനെ സ്വന്തമായി പ്രഭാതകൃത്യങ്ങളും, 13 വയസ്സുകാരനെ തീന്‍മേശയിലെ ചിട്ടകളും പഠിപ്പിക്കണം എന്ന ബോധം മാതാപിതാക്കള്‍ക്കു ഉണ്ടാവണം.

5. ചില നിയമങ്ങള്‍ നിര്‍മ്മിക്കുകയും അവ പാലിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയുക 

ചെറിയ പ്രായത്തില്‍ കുട്ടികളുടെ സ്വഭാവം നിയന്ത്രിക്കാന്‍ മാതാപിതാക്കൾക്കു കഴിയാതെവന്നാൽ, അവർ വലുതാകുമ്പോഴോ, നമ്മുടെ അടുത്തുനിന്നും ദൂരെ ആകുമ്പോഴോ അവരെ നിയന്ത്രിക്കാന്‍ കഴിയാതെവരും. കുട്ടികള്‍ക്കായുള്ള നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ മൂന്നേമൂന്നു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുകയേ വേണ്ടൂ.

എന്റെ കുട്ടി എവിടെയാണ്, എന്റെ കുട്ടി ആര്‍ക്കൊപ്പമാണ്, എന്റെ കുട്ടി ഇപ്പോള്‍ എന്തുചെയ്യുകയാണ്?

ഈ മൂന്നു ചോദ്യങ്ങള്‍ക്ക് രാത്രിയെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ മറുപടി കണ്ടെത്താന്‍ മാതാപിതാക്കൾക്കു കഴിയണം. അതിനു സഹായിക്കുന്ന ചിട്ടകള്‍ കുട്ടികളെ പരിശീലിപ്പിക്കുക.

6. മക്കളുടെ സ്വാതന്ത്ര്യത്തെ മാനിക്കുക

ചില ചിട്ടകള്‍, കുട്ടികള്‍ക്ക് ആത്മസംയമനവും നല്ല ജീവിതരീതികളും നൽകാൻ സഹായിക്കുമെങ്കിലും അത് പരിധികടക്കുന്നത് തീരുമാനങ്ങളെടുക്കാനുള്ള അവരുടെ കഴിവിനെയും സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാനുള്ള ക്ഷമതയെയും നശിപ്പിക്കും. ചില കാര്യങ്ങളില്‍ അവര്‍ തങ്ങളുടെ തീരുമാനം പറയുമ്പോള്‍ അത് എത്രത്തോളം ശരിയാണെന്നും, അത് തെറ്റാണെങ്കില്‍ അതിന്റെ രീതിക്ക് അവരെ മനസ്സിലാക്കിപ്പിക്കാന്‍ സാധിക്കുകയുംവേണം. കുട്ടികളുടെ എതിരഭിപ്രായത്തെ അവരുടെ അഹങ്കാരമായും അനുസരണക്കേടായും കാണരുത്. അതിന്റെ എല്ലാവശങ്ങളും അവരുമായി സംസാരിച്ചുപരിഹരിക്കുകയാണു വേണ്ടത്.

7. തീരുമാനങ്ങള്‍ ഉറച്ചതായിരിക്കണം

ഓരോ ദിവസവും ഓരോ നിയമങ്ങള്‍ പുതുതായി സൃഷ്ടിക്കുകയും അവ അടിക്കടി മാറ്റുകയുമൊക്കെ ചെയ്യുന്നത് കുട്ടികളുടെ സ്വഭാവത്തെ വല്ലാതെ സ്വാധീനിക്കും. ഇങ്ങനെയുണ്ടാകുന്ന സ്വഭാവം മോശമാണെങ്കില്‍ അതിന് മക്കളെ പഴിക്കുന്നതില്‍ അര്‍ഥമില്ല. മക്കൾക്കു പിന്തുടരാന്‍ കഴിയുന്നതും അവര്‍ക്കു യോജിച്ചതുമായ രീതികൾമാത്രമേ അവരെക്കൊണ്ട് അനുസരിപ്പിക്കാന്‍ ശ്രമിക്കാവൂ.

8. കാർക്കശ്യം അരുത് 

കുട്ടികളെ ഉപദ്രവിക്കാതെ അവരെക്കൊണ്ട് അനുസരിപ്പിക്കുന്നതിലാണ് കാര്യം. ഉപദ്രവിച്ചും വഴക്കുപറഞ്ഞും നാം മക്കളെ അനുസരണ പഠിപ്പിക്കുമ്പോള്‍ അവരും മറ്റുള്ളവരോട്, തന്റെ ശാരീരികമോ, മാനസികമോ ആയ മേധാവിത്വം ഉപയോഗിച്ച് കാര്യങ്ങള്‍ നേടാന്‍ ആരംഭിക്കും.

കുട്ടികളിൽ അനുസരണാശീലം ഉണ്ടാക്കിയെടുക്കാന്‍ അതിലും നല്ല മാര്‍ഗങ്ങളുണ്ട്. അവര്‍ ചെയ്യുന്ന നല്ല പ്രവൃത്തികള്‍ക്ക് ചെറിയ ചെറിയ സമ്മാനങ്ങള്‍ നല്‍കിയും അവരെ പ്രോത്സാഹിപ്പിച്ചും മുന്നോട്ടുനീങ്ങുന്നതാണ് ഉചിതം.

9. ചിട്ടകളും തീരുമാനങ്ങളും വ്യക്തമായി പറഞ്ഞുകൊടുക്കണം

മുമ്പ് പറഞ്ഞതുപോലെതന്നെ, ഓരോ പ്രായക്കാരോടും ഓരോ രീതിയിലാണ് ഇടപെടേണ്ടത്. സാധാരണ കൊച്ചുകുട്ടികളോട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും എന്നാല്‍ കൗമാരക്കാരോട് കുറച്ചുമാത്രം പറയുകയും ചെയ്യുന്നവരാണ് കൂടുതല്‍ മാതാപിതാക്കളും. ഇതു മാറണം. ഓരോ പ്രായത്തിലും അവര്‍ അറിയേണ്ടത് അവരോട് പങ്കുവയ്ക്കണം.

10. കുട്ടികളെയും ബഹുമാനിക്കുക

ബഹുമാനം ലഭിക്കണമെങ്കില്‍ നാം അതു നല്‍കണം. കുട്ടികളെ മറ്റേതൊരു സാധാരണവ്യക്തിയെയും ബഹുമാനിക്കുന്നതുപോലെ ബഹുമാനിക്കണം. അവരോട് സഭ്യമായി പെരുമാറുകയും ചെറിയ കാര്യങ്ങളിലായാല്‍പോലും അവരുടെ അഭിപ്രായങ്ങള്‍ കേൾക്കുകയും അതിനു വിലകല്പിക്കുകയും ചെയ്യണം. അവര്‍ക്കു  നമ്മോടു എന്താണു പറയാനുള്ളതെന്നു കേള്‍ക്കുകയും അവയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യവും ബഹുമാനവും നല്‍കാനും ശ്രദ്ധിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.