മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ഭയത്തെ എങ്ങനെ മറികടക്കാം?

നമ്മൾ നമ്മളെക്കുറിച്ച് എത്രത്തോളം കുറച്ചു ചിന്തിക്കുന്നുവോ, അത്രത്തോളം കൂടുതൽ നമ്മൾ നമ്മളായിത്തീരും. മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് ചിന്തിക്കുമെന്ന ഭയം എന്നെ അലട്ടാറുണ്ടോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നെക്കുറിച്ച് മാത്രമുള്ള ചിന്തകളിൽ നിന്ന് എന്റെ മനസ്സിനെ തിരിച്ചുവിടാൻ എന്തുചെയ്യാൻ സാധിക്കും എന്ന് വിശകലനം ചെയ്യാം.

1. മുൻകൂട്ടിയുള്ള തയ്യാറെടുപ്പ്

മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ഭയം മറികടക്കാൻ മുൻകൂട്ടിയുള്ള തയ്യാറെടുപ്പ് വലിയ രീതിയിൽ സഹായിക്കും. അമിത ചിന്തയുള്ള ഒരു വ്യക്തിക്ക് തന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് കൃത്യമായി അറിയുകയും അതിനായി വേണ്ടത്ര തയ്യാറെടുക്കാൻ കഴിയുകയും ചെയ്യുമ്പോൾ, അത് അയാൾക്ക് സ്വാതന്ത്ര്യം നൽകുന്നു. നമ്മൾ ആ കാര്യത്തെ കുറിച്ച് അമിതമായി ചിന്തിക്കുകയോ വലിയ ദുരന്തങ്ങൾ സംഭവിക്കുമെന്ന് വിചാരിച്ച് ഭ്രാന്ത് പിടിക്കുകയോ ചെയ്യേണ്ടതില്ല. പകരം, ശ്രദ്ധ മുഴുവൻ നമ്മളിൽ നിന്ന് മാറി ചെയ്യേണ്ട ജോലിയിലേക്ക് തിരിയുകയാണ് വേണ്ടത്.

2. ശ്രദ്ധ മാറ്റുക

അമിത ചിന്തയുള്ള ആളുകൾ അവരുടെ ശ്രദ്ധ തങ്ങളിൽ നിന്ന് മാറ്റി മറ്റുള്ളവരിലേക്കും പൊതുവായ കാര്യങ്ങളിലേക്കും തിരിക്കാൻ ശ്രമിക്കണമെന്ന് മനഃശാസ്ത്രജ്ഞർ ശുപാർശ ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ അടുത്തതായി എന്ത് പറയണം എന്ന് മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിന് പകരം, മറ്റേ വ്യക്തി പറയുന്നത് ശ്രദ്ധിക്കാനും അവരുടെ ചിന്തകളോട് പ്രതികരിക്കാനും ശ്രദ്ധിക്കുക. പ്രാർഥനയിൽ, വാക്കുകൾ എത്രത്തോളം മനോഹരമാണെന്ന് ചിന്തിക്കുന്നതിന് പകരം ആർക്കുവേണ്ടിയാണോ പ്രാർഥിക്കുന്നത് ആ ആളുകളെക്കുറിച്ച് ചിന്തിക്കുക.

അത് ഒരു പൊതു പ്രാർഥനയാണെങ്കിൽ, ഒപ്പം പ്രാർഥിക്കുന്ന മറ്റുള്ളവരിലേക്ക് ശ്രദ്ധ തിരിക്കുകയും സമൂഹത്തിന്റെ കൂട്ടായ്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. അമിത ചിന്തയുള്ള ആളുകൾ വരുത്തുന്ന വലിയൊരു തെറ്റ്, എല്ലാം നമ്മളെക്കുറിച്ചാണെന്ന് കരുതുന്നതാണ്. ഈ അർഥത്തിൽ, ഈ അമിത ചിന്ത (self-consciousness) ഒരുതരം അഹങ്കാരമാണ്. നമ്മളെക്കുറിച്ച് മറക്കാനും മറ്റുള്ളവർക്ക് ശ്രദ്ധ നൽകാനും പഠിക്കുന്നത് ഈ തെറ്റിനെ മാത്രമല്ല, അതിന്റെ ഫലമായുണ്ടാകുന്ന അമിത ചിന്തയെയും സുഖപ്പെടുത്താൻ തുടങ്ങും.

3. അഭിപ്രായങ്ങൾ ചോദിച്ചറിയുക

മറ്റുള്ളവർക്ക് നമ്മെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ചോദിച്ചറിയുക. നമ്മൾ ഭയപ്പെടേണ്ടതില്ല. എല്ലാവരും നമ്മളെ വിധിക്കാൻ നോക്കുകയാണെന്ന് കരുതി ഒറ്റപ്പെട്ട വ്യക്തികളായി ജീവിക്കേണ്ടതില്ല. നാണക്കേടിൽ നിന്നും പരിഹാസത്തിൽ നിന്നും സ്വയം പ്രതിരോധിക്കാൻ എപ്പോഴും ശ്രമിക്കേണ്ടതില്ല. അതെ, തെറ്റുകൾ സംഭവിക്കാം, പക്ഷേ നമ്മൾ എല്ലാവരും ഒപ്പമുള്ളവരാണ്. ഏറ്റവും പ്രധാനം, ദൈവം നമ്മുടെ പക്ഷത്തുണ്ട്. നമ്മൾ ഒരിക്കലും ഒറ്റയ്ക്കല്ല, മറിച്ച് അവിടുത്തെയും പരസ്പരവും ബന്ധപ്പെട്ടിരിക്കുന്നു. നമ്മൾ ഇവിടെയുള്ളത് നൽകാനും സ്നേഹിക്കാനും സൃഷ്ടിക്കാനുമാണ്. ദൈവം നമ്മളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് കൃത്യമായി പറഞ്ഞുതരുന്നു – അവിടുന്ന് നമ്മെ എപ്പോഴും സ്നേഹിക്കുകയും ക്ഷമിക്കുകയും ചെയ്യും.

മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ചിന്ത അഹങ്കാരത്തിന്റെ ഒരു കെണിയാണ്. അങ്ങനെയുള്ളവർ നമ്മിൽ നിന്ന് ശ്രദ്ധ മാറ്റി മറ്റുള്ളവരിലേക്ക് തിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദൈവത്തിന് എല്ലാം വിട്ടുകൊടുക്കുക. അവിടുത്തെ സ്നേഹിക്കുക. എനിക്ക് ചുറ്റുമുള്ള ആളുകളെ സ്നേഹിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.