ജോലിക്കിടയിലും ദൈവത്തോടൊപ്പമായിരിക്കാൻ സഹായിക്കുന്ന അഞ്ച് ലളിതമായ ശീലങ്ങൾ

നാം പലപ്പോഴും ജോലിത്തിരക്കിലേക്ക് കടക്കുമ്പോൾ ദൈവത്തെ ഓർക്കാറുണ്ടോ? തീർക്കാനുള്ള ജോലികൾ, സമയപരിധികൾ, സഹപ്രവർത്തകരുമായുള്ള പ്രശ്നങ്ങൾ… അങ്ങനെ പലതും നമ്മുടെ മനസ്സിന്റെ സമാധാനം കെടുത്തിയേക്കാം. എന്നാൽ ദൈവത്തെ ഓർക്കാൻ പ്രാർഥനാസമയത്തിനായി മാത്രം കാത്തിരിക്കേണ്ടതില്ല. ജോലി ചെയ്യുമ്പോഴും മറ്റുള്ളവരോട് സംസാരിക്കുമ്പോഴും ചെറിയ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുമ്പോഴും ദൈവസാന്നിധ്യം അനുഭവിക്കാം. അതിന് സഹായിക്കുന്ന അഞ്ച് ലളിതമായ ശീലങ്ങൾ പരിചയപ്പെടാം.

1. തിരക്കിനിടയിൽ അൽപനേരം പ്രാർഥിക്കാം  

ജോലിക്കിടയിൽ മനസ്സ് അസ്വസ്ഥമാകുമ്പോൾ ഒരു നിമിഷം നിർത്തി ദൈവത്തോട് സംസാരിക്കാം. വലിയ പ്രാർഥനകൾ ആവശ്യമില്ല. “ദൈവമേ, ഈ ജോലി നന്നായി ചെയ്യാൻ എന്നെ സഹായിക്കണമേ” എന്ന ചെറിയ പ്രാർഥന പോലും മനസ്സിന് ആശ്വാസം നൽകും. തെറ്റുകൾ സംഭവിക്കുമ്പോൾ തളർന്നുപോകാതെ വീണ്ടും തുടങ്ങാനുള്ള ധൈര്യവും ലഭിക്കും.

2. ചെയ്യുന്ന ജോലി ആത്മാർഥമായി ചെയ്യാം

ചെറിയ ജോലിയായാലും വലിയ ഉത്തരവാദിത്വമായാലും അത് ശ്രദ്ധയോടെ ചെയ്യുക. ഇടയ്ക്കിടെ മൊബൈൽ നോക്കുന്നതും അനാവശ്യമായി സമയം കളയുന്നതും ഒഴിവാക്കാം. മറ്റാരും കാണുന്നില്ലെങ്കിലും സത്യസന്ധതയോടെയും ആത്മാർഥതയോടെയും ജോലി ചെയ്യുക. നമ്മുടെ ജോലിയോടുള്ള ഈ സമീപനവും ദൈവത്തോടുള്ള സ്നേഹം പ്രകടമാക്കുന്ന ഒരു വഴിയാണ്.

3. സഹപ്രവർത്തകരിൽ ദൈവത്തെ കാണാം

ജോലിസ്ഥലത്ത് എല്ലാവരും ഒരുപോലെയാകണമെന്നില്ല. ചിലരുടെ പെരുമാറ്റം നമ്മെ സന്തോഷിപ്പിക്കുമ്പോൾ മറ്റു ചിലരുടേത് വിഷമിപ്പിച്ചേക്കാം. എങ്കിലും ഓരോരുത്തരെയും ബഹുമാനത്തോടെ കാണാൻ ശ്രമിക്കാം. അവരുടെ വിഷമങ്ങൾ കേൾക്കാനും ആവശ്യമുള്ളപ്പോൾ സഹായിക്കാനും മനസ്സു കാണിക്കാം. ഒരു പുഞ്ചിരിയോ സ്നേഹത്തോടെയുള്ള സംസാരമോ പോലും ഒരാളുടെ മനസ്സിന് വലിയ ആശ്വാസമായേക്കാം.

4. നല്ല വാക്കുകൾ കൊണ്ട് സന്തോഷം പകരാം

ഒരു നല്ല വാക്കിന് ഒരാളുടെ ദിവസം തന്നെ മാറ്റാൻ കഴിയും. തെറ്റ് ചെയ്യുന്നവരെ ഉടൻ കുറ്റപ്പെടുത്തുന്നതിനുപകരം തിരുത്താൻ സഹായിക്കാം. നിരാശരായിരിക്കുന്നവർക്ക് പ്രോത്സാഹനം നൽകാം. ദേഷ്യം വരുമ്പോൾ പെട്ടെന്ന് പ്രതികരിക്കാതെ അൽപനേരം ശാന്തമായിരിക്കാം. മറ്റുള്ളവരെ വേദനിപ്പിക്കാതെ സംസാരിക്കുമ്പോൾ നമ്മുടെ വാക്കുകളിലൂടെ ദൈവസ്നേഹം പകരാൻ നമുക്കു കഴിയും.

5. ജോലിക്കൊപ്പം വിശ്രമവും പ്രാർഥനയും വേണം

ജോലികൾ കാര്യക്ഷമമായി നിർവഹിക്കുന്നതിനൊപ്പം വിശ്രമത്തിനും അർഹമായ പ്രാധാന്യം നൽകണം. ജോലിക്കിടയിൽ അൽപസമയം ഇടവേളയെടുക്കുന്നതും മനസ്സിനെ ശാന്തമാക്കുന്നതും കൂടുതൽ ഉന്മേഷത്തോടെ പ്രവർത്തിക്കാൻ സഹായിക്കും. ആഴ്ചയിൽ ലഭിക്കുന്ന ഒഴിവുസമയം ദൈവത്തോടൊപ്പവും കുടുംബത്തോടൊപ്പവും ചെലവഴിക്കാനും വിശ്രമത്തിനുമായി മാറ്റിവയ്ക്കാം. ജോലിയും വ്യക്തിജീവിതവും തമ്മിൽ നല്ലൊരു സന്തുലിതാവസ്ഥ നിലനിർത്തുന്നത് കൂടുതൽ സന്തോഷത്തോടെയും ഉത്തരവാദിത്വബോധത്തോടെയും പ്രവർത്തിക്കാൻ നമ്മെ സഹായിക്കും.

ജോലിസ്ഥലം വരുമാനം നേടാനുള്ള ഇടം മാത്രമല്ല; സ്നേഹവും കരുതലും സത്യസന്ധതയും പ്രകടമാക്കാനുള്ള അവസരം കൂടിയാണ്. ദൈവത്തെ ഓർത്തുകൊണ്ട് ജോലി ചെയ്യുമ്പോൾ സാധാരണ കാര്യങ്ങൾക്കുപോലും പുതിയൊരു അർഥം ലഭിക്കുന്നു. നമ്മുടെ കൈകൾ ചെയ്യുന്ന ജോലിയിലും ചുണ്ടുകൾ പറയുന്ന വാക്കുകളിലും ഹൃദയത്തിൽ നിറയുന്ന സ്നേഹത്തിലും ദൈവസാന്നിധ്യം പ്രകടമാകട്ടെ. അങ്ങനെ ഓരോ ജോലിദിവസവും ദൈവത്തോടൊപ്പം നടക്കുന്ന മനോഹരമായൊരു യാത്രയായി മാറട്ടെ.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.