
റിപ്പയർ അഥവാ പുനർനിർമ്മാണം. ഇത് എന്തിന്റെയായാലും പ്രതീക്ഷ പകരുന്ന ഒന്നാണ്. യുദ്ധം മൂലം വർഷങ്ങളായി തകർച്ചയുടെ വക്കിൽ ആയിരിക്കുന്ന ഉക്രേനിയൻ ജനതയ്ക്കും ഈ പുനർനിർമ്മാണം പകരുന്നത് വലിയ പ്രതീക്ഷയാണ്. വർഷങ്ങൾ നീണ്ട യുദ്ധം സമ്മാനിച്ച തകർച്ചയ്ക്കിടയിൽ ഉക്രൈനിൽ അതിജീവനത്തിന്റെ പുതിയ വഴികൾ വെട്ടിത്തുറക്കുകയാണ് റിപ്പയർ മൂവ്മെന്റ് എന്ന പുതിയ പ്രസ്ഥാനം. കേടായ സാധനങ്ങൾ നന്നാക്കുക എന്ന ലളിതമായ പ്രവൃത്തിക്ക് യുദ്ധകാലത്ത് പുതിയൊരു അർഥവും അതിജീവനത്തിന്റെ പ്രതീകവുമാണ് ഈ കൂട്ടായ്മ നൽകുന്നത്.
രാജ്യത്ത് റഷ്യൻ അധിനിവേശം തുടരുമ്പോഴും പരിസ്ഥിതി സംരക്ഷണത്തിനും ജനങ്ങളുടെ നിലനിൽപ്പിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ പുതിയ ജീവിത രീതി ഇവിടെ സജീവമാകുന്നത്. ഇതിന്റെ ഭാഗമായി ഒരു റിപ്പയർ ഫെസ്റ്റിവൽ തന്നെ നടത്താൻ ഒരുങ്ങുകയാണ് ഇവർ. സൈക്കിളുകൾ, ഇലക്ട്രോണിക് വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ നന്നാക്കുന്നതിനുള്ള പരിശീലനങ്ങളും പ്രദർശനങ്ങളും ഇവിടെ നടക്കും. കൂടാതെ, സാധാരണ വസ്തുക്കളുടെ ഉൾഭാഗം എങ്ങനെയെന്ന് കുട്ടികൾക്ക് മനസ്സിലാക്കാനായി ‘ടേക്ക് മി അപാർട്ട്’ (Take Me Apart) എന്ന പരീക്ഷണശാലയും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
“നാം കേടായ വസ്തുക്കളെ വീണ്ടും ജീവസ്സുറ്റതാക്കുമ്പോൾ, നമ്മുടെ ചുറ്റുമുള്ള ജീവിതത്തെയും ഇടങ്ങളെയും എങ്ങനെ പുനഃസ്ഥാപിക്കാമെന്ന് കൂടിയാണ് നാം പഠിക്കുന്നത്”- സംഘാടകയായ നതാലിയ പസെങ്കോ പറയുന്നു. ഇന്നോ നാളെയോ യുദ്ധം അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്ന ഒരു ജനത. ഓരോ നാൾ കഴിയുമ്പോഴും ആ പ്രതീക്ഷകൾ നീണ്ടു പോവുകയാണ്. അതിടയിൽ എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാം എന്ന ഭീതിയും. പ്രിയപ്പെട്ടവരിൽ പലരും മരണമടയുമ്പോഴും നല്ലൊരു ഭാവി, സമാധാനപരമായ ജീവിതം എന്ന് സംഭവിക്കും എന്ന് അറിയാത്ത അനശ്ചിതത്വത്തിന്റെ നാളിൽ ഈ റിപ്പയർ മൂവ്മെന്റ് ജനങ്ങളെ അതിജീവനത്തിന്റെ പാഠങ്ങളിലേക്ക് ക്ഷണിക്കുകയാണ്. പ്രതിസന്ധികൾക്കിടയിലും തളരാതെ, പ്രതീക്ഷയുടെയും പുനരുജ്ജീവനത്തിന്റെയും പുതിയ പാഠങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ് ഈ ഉക്രൈൻ നഗരം.




