“സിസ്റ്റര്‍, എന്റെ അടുത്ത് ഇത്തിരി നേരം ഇരിക്കാമോ?” നഴ്സസ് ദിന ചിന്തകള്‍ 

മെയ് 12 ലോക നഴ്സസ് ദിനമാണ്. ലോകമെമ്പാടുമുള്ള എല്ലാ നഴ്സുമാരുടെയും സേവനസദൃശ്യമായ ജോലിയോടുള്ള തികഞ്ഞ ആദരവ് എന്ന നിലയിലാണ് ലോക നഴ്സസ് ദിനം ആചരിക്കുന്നത്. ആധുനിക ലോകത്തിൽ ഭൂമിയിലെ മാലാഖമാർ എന്ന് വിളിക്കപ്പെടുന്ന നഴ്സുമാരെ ഓർക്കുവാനും അവര്‍ക്കുവേണ്ടി പ്രാർത്ഥിക്കുവാനുമായുള്ള ഒരു ദിനം.

വിളക്കേന്തിയ വനിത 

ആധുനിക നഴ്സിംഗ് രീതികൾക്ക് തുടക്കം കുറിച്ച മഹത് വനിതയായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് പന്ത്രണ്ടാം തീയതിയാണ് ലോക നേഴ്സസ് ദിനമായി ആചരിക്കുന്നത്. ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ഫ്ലോറൻസിന്റെ ജനനം. എല്ലാവിധ സുഖസൗകര്യങ്ങളിൽ വളർന്നിട്ടും അക്കാലത്ത് ഏറ്റവും മോശപ്പെട്ട ജോലിയായി കരുതിയിരുന്ന നഴ്സിംഗ്, പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനായി തിരഞ്ഞെടുത്തു. ക്രിമിയൻ യുദ്ധകാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി താൻ പരിശീലനം നൽകിയ 38 നഴ്സുമാരുമായി പട്ടാള ക്യാമ്പിലേക്ക് പോയി. വ്യക്തിശുചിത്വത്തിനും ചിട്ടയായ ഭക്ഷണക്രമത്തിനും പ്രാധാന്യം നൽകി അവർ മുറിവേറ്റ രോഗികളായ പട്ടാളക്കാരെ ശുശ്രൂഷിച്ചു. പകൽ ജോലി കഴിഞ്ഞാൽ രാത്രി കൈയ്യിൽ ഒരു റാന്തൽ വിളക്കുമായി ഓരോ രോഗിയെയും നേരിട്ട് കണ്ട് സുഖവിവരങ്ങൾ തിരക്കിയിരുന്നു. രാത്രിയിലും കത്തിച്ച റാന്തൽ വിളക്കുമായി നടന്ന ഫ്ലോറൻസ് ‘വിളക്കേന്തിയ വനിത’ എന്ന് പിൽക്കാലത്ത് ലോകമെങ്ങും അറിയപ്പെട്ടു.

ഭൂമിയിലെ മാലാഖമാര്‍

ലോകം മുഴുവൻ ഇന്ന് നഴ്സസ് ദിനം ആഘോഷിക്കുമ്പോഴും പരിഭവങ്ങളും പരാതികളുമില്ലാതെ ഭൂമിയിലെ മാലാഖമാർ ഇന്ന് കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ്. ഓരോ ജീവനേയും തിരിച്ചുപിടിക്കാൻ പരിശ്രമിക്കുമ്പോൾ ഈ പകർച്ചവ്യാധി തങ്ങളെയും കീഴ്പ്പെടുത്തുമോ എന്ന ഭയമില്ലാതെ സേവനസന്നദ്ധരാക്കുന്ന ഇവർ തീർച്ചയായും ഭൂമിയിലെ മാലാഖമാർ തന്നെയാണ്.

ലോകമെങ്ങും നഴ്സിംഗ് സേവനത്തിന്റെ ഉദാത്തമാതൃകയായി നമ്മുടെ മലയാളി നഴ്സുമാർ മാറുമ്പോഴും നമ്മുടെ കൊച്ചുകേരളത്തിലും ഇന്ത്യയിലും ഇന്നും ഇവർക്ക് അർഹിക്കുന്ന ആദരവ് ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്! എങ്കിലും ലോകമെമ്പാടും നാശം വിതച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയിൽ നിന്നും മാനവരാശിയെ രക്ഷിക്കാനുള്ള തീവ്രപരിശ്രമത്തിൽ ഏറ്റവും മുൻനിരയിൽ തങ്ങളുടെ ജീവൻ പണയം വച്ച് പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മുടെ നഴ്സുമാർ. സമ്പർക്കം മൂലം പകരുന്ന ഈ വ്യാധിയിലും തങ്ങളുടെ രോഗികളെ കാരുണ്യത്തിന്റെ ഉറവ വറ്റാതെ ചേർത്തുപിടിക്കുന്ന നഴ്സുമാരെ ഇന്ന് നമുക്ക് കാണുവാൻ സാധിക്കും. തങ്ങളുടെ കൂടെയുള്ളവർ രോഗബാധിതരാകുമ്പോഴും മരിക്കുമ്പോഴും തെല്ലും ഭയമില്ലാതെ ഇവർ ഈ ആദൃശ്യശത്രുവിനെതിരെ പോരാടുന്നു.

എന്റെ അടുത്ത് ഇത്തിരി നേരം ഇരിക്കാമോ?

ജീവിതത്തിൽ നാമെല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് നമ്മുടെ കൂടെയിരിക്കാൻ, നമ്മെ കേൾക്കുവാൻ, ഒന്നാശ്വസിപ്പിക്കാൻ ആരെങ്കിലും ഉണ്ടാകുക എന്നത്. ഒറ്റയ്ക്കായിരിക്കുവാൻ നാം ആരും ആഗ്രഹിക്കാറില്ല. എന്നെ ഈ ദിവസങ്ങളിൽ ഏറെ ചിന്തിപ്പിച്ച ഒരു കാര്യമാണിത്. ഒറ്റയ്ക്കായി പോകുന്ന ഒരു മനുഷ്യന്റെ മാനസികാവസ്ഥ. ഇന്ന് നമുക്കു ചുറ്റും ഏറെ പ്രത്യേകിച്ച്, ആശുപത്രികളിൽ കോവിഡ് വൈറസുമായി പൊരുതുന്ന ഓരോ വ്യക്തിയോടും ചോദിച്ചാൽ അവന് പറയാൻ കഴിയുന്ന സത്യമാണ് എത്രമാത്രം ഭീകരമാണ് ആശുപത്രി മുറികളിലെ ഒറ്റയ്ക്കുള്ള അവസ്ഥ എന്ന്. തന്റെ പ്രിയപ്പെട്ടവർ ആരും അടുത്തില്ലാത്ത അവസ്ഥ.

കോവിഡ് രോഗികളുടെ കണ്ണുകളിലെ ഭയം ഏറെക്കുറെ അടുത്ത് ആരും ഇല്ലാത്തതിന്റെയാണ്. കോവിഡ് രോഗികളെ ശുശ്രുഷിച്ചിരുന്ന ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കേട്ടിരുന്ന അല്ലങ്കിൽ രോഗികൾ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യം ഇതാണ്: “സിസ്റ്റർ, എന്റെ അടുത്ത് ഇത്തിരി നേരം ഇരിക്കാമോ? നമുക്ക് എന്തെങ്കിലും സംസാരിക്കാം.” അവരുടെ അടുത്തിരുന്ന് സംസാരിക്കുമ്പോൾ ആ കണ്ണുകളിലെ പ്രകാശം എനിക്ക് പകർന്നുതന്നത് സന്തോഷമോ അതോ ഒരു ഉൾവെളിച്ചമോ എന്ന് ഇന്നും അറിയില്ല. ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

പുഞ്ചിരിക്കുന്ന മുഖം

നമ്മുടെ നഴ്സുമാരുടെ പുഞ്ചിരിക്കുന്ന മുഖം പലർക്കും ഒരാശ്വാസമാണ്. ആശുപത്രി മുറികളിലെ ഒറ്റപ്പെടലുകൾക്കിടയിലും വേദനകൾക്കിടയിലും ഞങ്ങൾ കൂടെയുണ്ട്, ധൈര്യമായിരിക്കൂ എന്നുപറഞ്ഞ് കൂടെ കട്ടയ്ക്കു നിൽക്കുന്ന ഒരു നഴ്സ് ഏതൊരു രോഗിയുടെയും ഒരു ആത്മധൈര്യമാണ്. നമ്മുടെ ചാരെ ഒരാശ്വാസത്തിന്റെ നിഴലായി, വാക്കുകളായി ഇവർ കൂടെയുണ്ട്.

വരുംതലമുറയ്ക്കായി ജീവനെ കാത്തുസൂക്ഷിക്കുന്ന ഭൂമിയിലെ മാലാഖമാരാണ് നഴ്സുമാർ. പ്രതീക്ഷയുടെ നാളുകൾക്ക് ജീവനേകുന്നവർ. ആദ്യമായി എന്നെ ഇരുകൈകളും നീട്ടി സ്വീകരിച്ചവർ. ജീവന്റെ തുടിപ്പുകൾക്ക് നിദ്രയിലും കാവലിരിക്കുന്നവർ. ആശുപത്രി വരാന്തകളിലൂടെ ഓരോ ജീവനും ആശ്വാസമായെത്തുന്ന ഭൂമിയിലെ മാലാഖമാർക്ക് നേരാം ആത്മാർത്ഥമായി നഴ്സസ് ദിനാശംസകൾ…

സി. ലിബി ജോര്‍ജ് SdP

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.