പരിശുദ്ധ കന്യകാമറിയത്തിന്റെ ഏറ്റം നിർമ്മലമായ ഹൃദയം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിപ്പതിനെട്ടാം ദിനം, സെപ്റ്റംബർ 01, 2022 

ബഹുമാനപ്പെട്ട മാത്യു ആലക്കളം അച്ചൻ 1949-ൽ രചിച്ച ‘പരിശുദ്ധ ദൈവമാതാവിന്റെ തിരുഹൃദയഭക്തി’ എന്ന ഗ്രന്ഥത്തിൽ നിന്നുള്ള വിചിന്തനങ്ങളായിരിക്കും സെപ്റ്റംബർ മാസത്തിലെ നമ്മുടെ വഴികാട്ടി. ഈശോയുടെ വളർത്തുപിതാവും പരിശുദ്ധ കന്യകാമറിയത്തിന്റെ വിരക്തഭർത്താവും പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിന്റെ കാവൽക്കാരനുമായ വി. യൗസേപ്പിതാവിനാണ്, ആലക്കളത്തിലച്ചൻ ഈ ഗ്രന്ഥം സമർപ്പിച്ചിരിക്കുന്നത്. ഈ മാസത്തിലെ ഓരോ ദിനവും മത്തായി അച്ചന്റെ ഓരോ ചെറിയ വിചിന്തനവും പ്രാർത്ഥനയും ഉൾച്ചേർക്കുന്നു.

“ദൈവം തന്റെ പ്രത്യേക കൃപയാൽ ഉത്ഭവത്തിൽ തന്നെ മറിയത്തെ നിർമ്മലയായി സൃഷ്ടിച്ചു. ഈശോ മിശിഹായുടെ മനുഷ്യസ്വഭാവം കഴിഞ്ഞാൽ ദൈവതൃക്കരങ്ങളിൽ നിന്നും പുറപ്പെട്ട ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടി മറിയത്തിന്റെ ആത്മാവാകുന്നു. ഇതിലധികം സുന്ദരമാക്കാൻ ദൈവത്തിന് കഴിയാത്തവണ്ണം അത്ര പരിപൂർണ്ണവും പരിശുദ്ധവുമാകുന്നു മറിയത്തിന്റെ ഹൃദയം. അന്ധകാരത്തിൽ പ്രകാശം വീശുന്ന നവഗ്രഹങ്ങളുടെ ഇടയിൽ സൂര്യൻ എപ്രകാരമോ, അപ്രകാരം മറ്റെല്ലാ സൃഷ്ടികളുടെയും മധ്യേ മറിയത്തിന്റെ ആത്മാവ് വിളങ്ങിത്തിളങ്ങുന്നു. സ്നേഹതീഷ്ണതയാൽ അത് വിശുദ്ധരുടെ ഗണങ്ങളെ ഉല്ലംഘിക്കുകയും ജ്ഞാനദീപ്തിയാൽ മാലാഖമാരുടെ വൃന്ദങ്ങളെ അതിശയിപ്പിക്കുകയും ചെയ്യുന്നു.”

ജപം

സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയും മനുഷ്യവർഗ്ഗത്തിന്റെ കരുണയുള്ള മാതാവുമായ മറിയത്തിന്റെ വിമലഹൃദയമേ, ഞങ്ങൾ ഐശ്വര്യത്തിലും അനർത്ഥത്തിലും സമ്പത്തിലും ദാരിദ്രത്തിലും സുഖത്തിലും സുഖക്കേടിലും ജീവിതത്തിലും മരണത്തിലും നിനക്കുള്ളവരായിരിപ്പാൻ നീ ഞങ്ങളുടെ മേൽ വാഴുക. കന്യകളുടെ രാജ്ഞിയായ മറിയത്തിന്റെ വിമലഹൃദയമേ, അശുദ്ധതയുടെ പ്രളയത്തിൽ നിന്നു ഞങ്ങളെ സംരക്ഷിക്കണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.