ലൂര്‍ദിലെ പരിശുദ്ധ അമ്മ

ലോകത്തിലെ ഏറ്റവും വലിയ മരിയൻ തീർഥാടനകേന്ദ്രങ്ങളിലൊന്നാണ് ഫ്രാൻസിലെ പിരനീസ് പർവതനിരകളുടെ താഴ്‌വാരത്ത് സ്ഥിതിചെയ്യുന്ന ലൂർദ് മാതാവിന്റെ തീർഥാടനകേന്ദ്രം. ബർണദീത്താ സുബേരൂസ് എന്നു പേരുള്ള പതിനാലുകാരി പെൺകുട്ടിക്ക് 1858 ഫെബ്രുവരി 11 മുതൽ ജൂലൈ 16 വരെ പതിനെട്ടു പ്രാവശ്യമാണ് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടത്.

ഫെബ്രുവരി മാസത്തിൽ ബർണദീത്തയയും രണ്ടു കൂട്ടുകാരും ഗേവ് നദിയുടെ തീരത്ത് വിറക് ശേഖരിക്കാന്‍പോയ സമയത്താണ് അവിടെയുള്ള ഒരു പാറക്കെട്ടിൽ പരിശുദ്ധ മറിയം ദർശനം നൽകിയത്. നീലക്കരയുള്ള വെള്ളവസ്ത്രം ധരിച്ച പരിശുദ്ധ അമ്മയുടെ കൈകളിൽ ജപമാല ഉണ്ടായിരുന്നു. ജപമാല ചൊല്ലാന്‍ മറിയം ബർണദീത്തയോടു ആവശ്യപ്പെട്ടിരുന്നു. പരിശുദ്ധ മറിയം ഒൻപതാം പ്രാവശ്യം ബർണദീത്തായ്ക്കു പ്രത്യക്ഷപ്പെട്ടപ്പോൾ (ഫെബ്രുവരി ഇരുപത്തിനാലാം തീയതി) മറിയം, കാണിച്ചുകൊടുത്ത നീരുറവയിൽനിന്ന് ജലം പാനംചെയ്യാൻ ബർണദീത്തയോടു ആവശ്യപ്പെട്ടു. പിൽക്കാലത്ത് ലൂർദിലെ രോഗസൗഖ്യങ്ങൾക്കു നിമിത്തമായ നീരുറവയായിത്തീർന്നു ഇത്.

മാര്‍ച്ച് 25-ന് മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തിൽ പരിശുദ്ധ മറിയം തന്റെ നാമം വെളിപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “ഞാൻ അമലോത്ഭവയാണ്.” 1854 ഡിസംബർ 8-ന് ഒൻപതാം പീയൂസ് മാർപാപ്പ ‘അവര്‍ണ്ണനീയമായ ദൈവം’ (Ineffabilis Deus) എന്ന തിരുവെഴുത്തുവഴി ദൈവമാതാവിന്റെ അമലോത്ഭവസത്യം വിശ്വാസ സത്യമായി പ്രഖ്യാപിച്ചതിന്റെ സ്ഥിതീകരണമായിരുന്നു ഇത്. 1862-ൽ സഭാധികാരികൾ ലൂർദിലെ പ്രത്യക്ഷീകരണങ്ങളെ ഔദ്യോഗികമായി അംഗീകരിച്ചു. 1907-ൽ വി. പത്താം പീയൂസ് മാർപാപ്പയുടെ കല്പനയെ തുടർന്ന് ലൂർദ് മാതാവിന്റെ തിരുനാൾ ആഗോളസഭയിൽ ആഘോഷിക്കാൻ തുടങ്ങി. എല്ലാവർഷവും ഫെബ്രുവരി പതിനൊന്നാം തീയതി ലൂർദ് മാതാവിന്റെ തിരുനാൾ തിരുസഭയിൽ ആലോഷിക്കുന്നു.

1866 ജൂലൈയില്‍ ബർണദീത്ത ഉപവിയുടെ സന്യാസ സഭയിൽ ചേരുകയും സിസ്റ്റര്‍ മരിയ ബര്‍ണദെത്ത്‌ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. മുപ്പത്തിയഞ്ചാം വയസ്സിൽ 1879 ഏപ്രില്‍ പതിനാറാം തീയതി ഫ്രാന്‍സിലെ നെവേഴ്‌സില്‍വച്ച്‌ പരിശുദ്ധ മാതാവ്‌ വാഗ്‌ദാനം ചെയ്‌ത നിത്യസമ്മാനം സ്വന്തമാക്കാനായി അവള്‍ ദൈവസന്നിധിയിലേക്കു യാത്രയായി. ഇന്നും വി. ബര്‍ണദീത്തയുടെ ശരീരം അഴുകാതെയിരിക്കുന്നു. 1933 ഡിസംബർ എട്ടാം തീയതി പതിനൊന്നാം പീയുസ് മാർപാപ്പ ബർണദീത്തയെ വിശുദ്ധപദവിയിലേക്ക് ഉയർത്തി.

51 ഹെക്ടർ വിസ്തൃതിയിൽ വിശാലമായിക്കിടക്കുന്ന സാങ്ക്ച്യുറി ഓഫ് ഔവർ ലേഡി ഓഫ് ലൂർസ് 22 പ്രത്യേക ആരാധനാലയങ്ങളും ഉൾപ്പെടുന്ന ഒരു സമുച്ചയമാണ്. ഈ തീർഥാടനകേന്ദ്രത്തിലെ ഏറ്റവും പവിത്രമായ സ്ഥലമായി കരുതുന്ന സ്ഥലം പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടുവെന്നു വിശ്വസിക്കുന്ന ഗ്രോട്ടോ ഓഫ് മസബിയല്ലൽ (Grotto of Massabielle) ആണ്. മസബിയേൽ എന്ന വാക്കിന്റെ അർഥം പഴയ പാറ എന്നാണ്. എഴുപതിനും എൺപതു ലക്ഷത്തിനുമിടയ്ക്കു വിശ്വാസികൾ ഓരോവർഷവും ഈ ആഗോള മരിയൻതീർഥാടനകേന്ദ്രത്തിലെത്തുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.