പ്രമേഹബാധിതർക്കായി മാധ്യസ്ഥം വഹിക്കാനും ഒരു വിശുദ്ധനുണ്ട്

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്, പ്രതിവർഷം നാലു ദശലക്ഷം മരണങ്ങൾക്കു കാരണമാകുന്ന രോഗമാണ് പ്രമേഹം. എന്നാൽ പ്രമേഹബാധിതരുടെ ആശ്രിതനായും യുവജനങ്ങളുടെ മാതൃകയായും കത്തോലിക്കാസഭ കണക്കാക്കുന്ന ഒരു വിശുദ്ധനുണ്ട് – സ്പെയിനിലെ റാഫേൽ അർനൈസ് ബാരോൺ.

ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധന്മാരിലൊരാളായി കണക്കാക്കപ്പെടുന്ന റാഫേലിന് പ്രമേഹം കാരണം ട്രാപ്പിസ്റ്റ് സന്യാസിയാകാനുള്ള ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞിരുന്നില്ല. തന്റെ രോഗാവസ്ഥമൂലം, ഒരു ബ്രദറാകാൻ മാത്രമേ അദ്ദേഹത്തിനു സാധിച്ചുള്ളൂ. 1911 -ൽ ബർഗോസിൽ ജനിച്ച അദ്ദേഹം തന്റെ ഹോം ടൗണിലെയും ഒവീഡോയിലെയും സൊസൈറ്റി ഓഫ് ജീസസ് സ്കൂളുകളിലാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം ജോലികാരണങ്ങളാൽ താമസംമാറി.

കുട്ടിക്കാലത്ത് റാഫേൽ പലവിധ രോഗങ്ങളാൽ കഷ്ടപ്പെട്ടിരുന്നു. പത്തു വയസ്സുള്ളപ്പോൾ, ശ്വാസകോശസംബന്ധമായ രോഗത്തിൽനിന്ന് സുഖംപ്രാപിച്ചതിനുശേഷം അവന്റെ രോഗശാന്തിക്കുള്ള നന്ദിസൂചകമായി റാഫേലിന്റെ പിതാവ് അവനെ സരഗോസയിൽ കൊണ്ടുപോയി അവർ ലേഡി ഓഫ് പില്ലറിന് (പരിശുദ്ധ കന്യകാമറിയത്തിന്) സമർപ്പിച്ചു.

വരയ്ക്കാൻ കഴിവുണ്ടായിരുന്ന റാഫേലിനെ 1930 -ൽ മാഡ്രിഡ് സ്കൂൾ ഓഫ് ആർക്കിടെക്ചറിൽ പ്രവേശിപ്പിച്ചു. വരയ്ക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് ബോധവാനായ മക്വേഡയിലെ പ്രഭു കൂടിയായ അദ്ദേഹത്തിന്റെ അമ്മാവൻ ലിയോപോൾഡോ ബാരൺ ടോറസ്, ‘From the Battlefield to the Trappe’ എന്ന പുസ്തകത്തിന്റെ പുറംചട്ട രൂപകല്പന ചെയ്യാൻ റാഫേലിനെ ചുമതലപ്പെടുത്തി. ഫ്രാങ്കോ – പ്രഷ്യൻ യുദ്ധത്തിൽ (1870-1871) ആയുധകലയിൽ പ്രശസ്തിയും ബഹുമാനവുംനേടിയ ഒരു ഫ്രഞ്ച് സൈനികന്റെ കഥയുടെ വിവർത്തനമായിരുന്നു അത്.

ഉയർന്ന സ്ഥാനങ്ങൾക്കും ബഹുമതികൾക്കുമുള്ള വഴികൾ റാഫേലിന്റെ മുൻപിൽ തുറന്നുവന്നെങ്കിലും അവന് ട്രാപ്പിസ്റ്റ് സന്യാസ സമൂഹത്തിൽ ചേരാനായിരുന്നു ആഗ്രഹം. കാരണം ഗബ്രിയേൽ മോസ്സിയർ എന്ന ഫ്രഞ്ച് സൈനികന്റെ ജീവിതം അവനെ വല്ലാതെ ആകർഷിച്ചിരുന്നു. ഒരു സൈനികനായിരുന്ന ഗബ്രിയേൽ, സിസ്റ്റർസിയൻ ഓർഡർ ഓഫ് സ്ട്രിക്റ്റ് ഒബ്സർവൻസിലെ ഒരു ബ്രദറായാണ് തന്റെ ജീവിതം അവസാനിപ്പിച്ചത്. താമസിയാതെ, പാലൻസിയയിലെ സാൻ ഇസിഡ്രോ ഡി ഡ്യൂനാസിലെ സിസ്‌റ്റെർസിയൻ മൊണാസ്റ്ററിയിൽ റാഫേൽ തന്റെ ആദ്യസന്ദർശനം നടത്തി.

സ്പെയിനിനെ ആഭ്യന്തരയുദ്ധത്തിലേക്കു നയിച്ച 1930 -കളിലെ പ്രക്ഷുബ്ധമായ വർഷങ്ങളായിരുന്നു അത്. നിർബന്ധിത സൈനികസേവനം പൂർത്തിയാക്കിയശേഷം 1934 -ൽ, റാഫേൽ തന്റെ യൂണിവേഴ്സിറ്റിപഠനം ഉപേക്ഷിച്ച് ഒരു തുടക്കക്കാരനായി പലെൻസിയ ആശ്രമത്തിൽ പ്രവേശിച്ചു. എന്നാൽ പ്രമേഹം ബാധിച്ച് ഗുരുതരാവസ്ഥയിലായതിനാൽ ആശ്രമാധികാരികൾ അദ്ദേഹത്തെ വീട്ടിലേക്ക് അയച്ചു. ഏകദേശം രണ്ടുവർഷങ്ങൾക്കുശേഷം 1936-ൽ, റാഫേൽ വീണ്ടും സാൻ ഇസിഡ്രോ ഡി ഡ്യൂനാസിൽ പ്രവേശിച്ചു. ഇത്തവണ പ്രമേഹം തടസ്സപ്പെടുത്തിയ സന്യാസിയാവാനല്ല, മറിച്ച് ഒരു ബ്രദർ ആവാനായിരുന്നു അവന്റെ ആഗ്രഹം. ഏതാനും മാസങ്ങൾക്കുശേഷം റാഫേൽ വീണ്ടും യുദ്ധമുഖത്തേക്ക് തിരിച്ചുവിളിക്കപ്പെട്ടു.

ദൈവത്തിന്റെയും സഭയുടെയും ശത്രുക്കൾക്കെതിരെ പോരാടാൻ റാഫേലിന് ദൃഢനിശ്ചയമുണ്ടായിരുന്നെങ്കിലും രോഗകാരണംമൂലം യുദ്ധത്തിന് യോഗ്യനല്ലാത്തതിനാൽ രണ്ടു മാസങ്ങൾക്കുശേഷം അദ്ദേഹം കോൺവെന്റിലേക്കു മടങ്ങി. എന്നാൽ 1937 -ൽ, യുദ്ധസമയത്ത് സന്യാസജീവിതത്തിന്റെ പ്രത്യേക ബുദ്ധിമുട്ടുകൾ കാരണം ആശ്രമാധികാരികൾ അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയയ്ക്കാൻ തീരുമാനിച്ചു. പക്ഷേ, വർഷാവസാനത്തിനുമുമ്പ്, ഡിസംബറിൽ അർനൈസ് ആശ്രമത്തിലേക്കു മടങ്ങി. നാലുമാസങ്ങൾക്കുശേഷം 1938 ഏപ്രിൽ 26 -ന്, 27 -ാം വയസ്സിൽ റാഫേൽ മരിച്ചു. ആകെ മൊത്തം 20 മാസം മാത്രമേ റാഫേലിന് ഒരു ട്രാപ്പിസ്റ്റ് ബ്രദറായി ജീവിക്കാൻ സാധിച്ചുള്ളൂ.

കാനോനൈസേഷന്റെ നീണ്ട പ്രക്രിയ

1940 -കളുടെ തുടക്കത്തിൽ, അദ്ദേഹത്തിന്റെ സവിശേഷഗുണങ്ങളെക്കുറിച്ചു  ബോധ്യപ്പെട്ട അദ്ദേഹത്തിന്റെ ചില സഹോദരന്മാർ, റാഫേലിന്റെ ശവകുടീരം ഒരു ക്ലോയിസ്റ്ററിലേക്ക് (പ്രധാന ആശ്രമത്തോടുചേർന്ന കെട്ടിടം) മാറ്റിസ്ഥാപിക്കാൻ നിർദേശിച്ചെങ്കിലും യാഥാർഥ്യമായില്ല. 1944 -ൽ, മക്വേഡയിലെ പ്രഭുവായ റാഫേലിന്റെ അമ്മാവൻ, ‘A Secret of the Trappist’ എന്നപേരിൽ റാഫേലിന്റെ ചരിത്രമെഴുതി. 20 വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ സഹോദരന്മാർ ആഗ്രഹിച്ചതുപോലെ, 1960 -ൽ കാനോനൈസേഷന്റെ പ്രക്രിയകൾ ആരംഭിക്കുകയും അദ്ദേഹത്തിന്റെ ശവകുടീരം ക്ലോയിസ്റ്ററിലേക്ക് മാറ്റുകയുംചെയ്തു.

1989 ആഗസ്റ്റിൽ സാന്റിയാഗോ ഡി കമ്പോസ്റ്റേലയിൽ നടന്ന ലോകയുവജനദിനത്തിൽ, ജോൺ പോൾ രണ്ടാമൻ മാർപാപ്പ, റഫേൽ  യുവജനങ്ങൾക്ക് മാതൃകയാണെന്നു പറഞ്ഞിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം അദ്ദേഹത്തെ വണക്കത്തിന് യോഗ്യനായി പ്രഖ്യാപിക്കുകയുംചെയ്തു.

ഒരു വർഷത്തിനുശേഷം, റാഫേലിന്റെ പേരിൽ നടന്ന അത്ഭുതങ്ങളെക്കുറിച്ചു പഠനം തുടങ്ങി. 1992 -ൽ വി. ജോൺ പോൾ രണ്ടാമൻ അദ്ദേഹത്തെ റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വച്ച് ‘ധന്യനായി’ പ്രഖ്യാപിച്ചു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കാലത്ത്, റാഫേൽ അർനൈസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള അത്ഭുതം അംഗീകരിക്കപ്പെടുകയും, 2009 ഒക്ടോബർ 11 -ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയുംചെയ്തു. രണ്ടുവർഷത്തിനുശേഷം, മാഡ്രിഡിൽ നടന്ന ലോകയുവജനദിനത്തിന്റെ മധ്യസ്ഥന്മാരിൽ ഒരാളായി അദ്ദേഹത്തെയും പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.