ഇതാ നിന്റെ അമ്മ – 2

ജീവിതത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടുപോയ ഒരമ്മയും മകളും. സംരക്ഷിക്കേണ്ടവർ ഉള്ളതെല്ലാം കൈക്കലാക്കി അവരെ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നു. ആൾബലവും സ്വാധീനവുമില്ലാത്ത അവർക്ക് പരാതി പറയാൻപോലും ആരുമുണ്ടാകുന്നില്ല. ജീവിതത്തിന്റെ പകിടകളിയിൽ നാടും വീടുമുപേക്ഷിച്ച് അവർ ദൂരെയെവിടെയോ ചേക്കേറുകയാണ്. പലരുടെയും കാരുണ്യത്തിലും നന്മയിലും അവർ ജീവിതം മുൻപോട്ട് കൊണ്ടുപോകുന്നു. എങ്ങനെയൊക്കെയോ മകൾ ജോലിസമ്പാദിച്ച് ജീവിതം മുൻപോട്ട് തുഴയുകയാണ്. ആരെയെങ്കിലുമൊക്കെ ചേർത്തുനിർത്താനും സ്വന്തമാക്കാനുമുള്ള അവരുടെ പരിശ്രമങ്ങളെല്ലാം പലവുരു പരാജയപ്പെട്ടു. പലരും ആ അവസരങ്ങൾ ചൂഷണംചെയ്തു എന്നുപറയുന്നതാകും കൂടുതൽ ശരി. ഇനി പ്രതീക്ഷകൾക്ക് വകയില്ല. സമയം, ഒന്നുംകണ്ടില്ല എന്ന ഭാവത്തിൽ കുതിച്ചോടുകയാണ്. അവർക്കതിനെ പിടിച്ചുനിർത്താനുമാകുന്നില്ല.

ആരും സ്വന്തമല്ലാതെയും ആരുടേയും സ്വന്തമാകാതെയും മഴവെള്ളത്തിൽ കുട്ടികൾ ഇറക്കിവിടുന്ന തോണികൾപോലെ അവരിങ്ങനെ വലിയ ലക്ഷ്യങ്ങളൊന്നുമില്ലാതെ ജീവിതം തുടരുകയാണ്. രണ്ടുപേരും രോഗികളാണ്. ഒരാൾക്ക് അസുഖം വന്നാൽ മറ്റെയാളുടെ ശ്വാസം നിലയ്ക്കും. അസുഖം വരുന്നയാളേക്കാളും സങ്കടപ്പെടുന്നതും ക്ഷീണിക്കുന്നതും മറ്റേയാളായിരിക്കും. രോഗം കടന്നാക്രമിക്കുന്ന ദിവസങ്ങളിൽ, ഒന്ന് കൂട്ടിരിക്കാൻപോലും ആരുമില്ലാതെ അവർ തീർത്തും ഒറ്റപ്പെടുമ്പോൾ അവർക്ക് ഒറ്റ അപേക്ഷയേ ഉള്ളൂ.

“ഞങ്ങൾ മരിക്കുമ്പോൾ ഒരുമിച്ചു മരിക്കാൻവേണ്ടി അച്ചൻ പ്രാർഥിക്കണം.” അമ്മയില്ലാതെ മകൾക്കോ, മകളില്ലാതെ അമ്മയ്‌ക്കോ ജീവിക്കാനാകില്ലതന്നെ.

കാര്യമായ ബന്ധുബലമോ, സാമ്പത്തിക സുസ്ഥിതിയോ ഇല്ലാതെ ഒരു മകനെ മാത്രം സ്വപ്നംകണ്ട് ജീവിതം തള്ളിനീക്കിയ അമ്മയായിരുന്നു മറിയവും. അവൾക്ക് ആകെയുള്ളതും സ്വന്തമായുള്ളതും അവൻ മാത്രമായിരുന്നു. അവനൊന്നും സംഭവിക്കാതിരിക്കാൻ ആ അമ്മ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്, പ്രാർഥിക്കുന്നുണ്ട്, പലവുരു അവനൊന്നും സംഭവിക്കില്ല എന്നുറപ്പിക്കാൻ അവനെ അന്വേഷിച്ച് അലയുന്നുണ്ട്. പക്ഷേ, അവളുടെ പ്രാർഥനകളെല്ലാം അസ്ഥാനത്താക്കിക്കൊണ്ട്  അവൻ പിടിക്കപ്പെടുകയാണ്. മരണത്തിൽ കുറഞ്ഞ യാതൊന്നും അവനു നൽകാൻപാടില്ലെന്ന് അന്നത്തെ അധികാരവർഗം വിധിയെഴുതി.

പീലാത്തോസിഥി മുൻപിലേക്ക് എത്തപ്പെടുന്നതിനു മുൻപുള്ള രാത്രിയിൽ ആ അമ്മയും മകനും എത്രയോ നീറിപ്പുകഞ്ഞിട്ടുണ്ടാകും? തന്റെ അമ്മയെ ഒരു നോക്ക് കാണാൻപോലുമാകുമോ എന്ന് അവൻ ഭയപ്പെട്ടിരിക്കണം. അമ്മയെ ആരെ എല്പിക്കും എന്നതും മനുഷ്യസഹജമായ വേദനയാണ്. ഭൂമിയിൽ ഇത്രയുംകാലം ജീവിച്ചിരുന്നിട്ടും ഒരു മകനടുത്ത സംരക്ഷണവും കരുതലും നൽകാൻ സാധിക്കാത്തതിലും അവൻ നൊമ്പരപ്പെട്ടിട്ടുണ്ടാകും. മാനുഷികമായ ചിന്തയിൽ താൻ വെറുമൊരു പരാജയമായല്ലോ എന്നും തോന്നിക്കാണും.

അകലെ മറിയത്തിന്റെ അവസ്ഥയും വിഭിന്നമല്ല. നാളെ നേരംവെളുക്കുമ്പോഴേക്കും മകന്‌ എന്തെങ്കിലും സംഭവിക്കുമോ എന്നവൾ ഭയപ്പെടുന്നു. ഉറക്കമില്ലാത്ത, സമയത്തിന് ചലനം നഷ്ടപ്പെട്ട രാത്രി. ആ രാത്രിയിൽ ഒരുപക്ഷേ മറിയവും ഭയന്നിരുന്നത് താനിനി ഒറ്റയ്ക്കാകും എന്നുള്ളതല്ലേ? ഇതുവരെ അടുത്തില്ലെങ്കിലും അവൻ എവിടെയോ ഉണ്ടെന്ന സമാധാനമുണ്ടായിരുന്നു. എന്നാൽ ഇനിമുതൽ!

ആരുമില്ലാത്തവന്റെ വേദന മനസ്സിലാക്കാൻ മറിയത്തെപ്പോലെ സാധിക്കുന്ന ഒരാളില്ല. കാരണം അവൾ ആ ദുഃഖം ആവോളം അനുഭവിച്ചവളാണ്. ജീവിതത്തിന്റെ നിമ്നോന്നതകളിൽ എപ്പോഴെങ്കിലുമൊക്കെ കൂടെയുള്ളവരെ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥകളുണ്ടാകും. ചിലപ്പോൾ മറ്റുള്ളവർ അറിഞ്ഞുകൊണ്ടുതന്നെ നമ്മെ ഒറ്റപ്പെടുത്തിയെന്നുംവരാം. സാരമില്ല, ആരും കൂടെയില്ലെങ്കിലും ഒരാൾ എന്നും കൂടെയുണ്ടാകും. അത് നമ്മുടെ പരിശുദ്ധ അമ്മ തന്നെയാണ്. ആരും കൂട്ടിരിക്കാനില്ലാത്തവർക്ക് കൂട്ടിരിക്കാൻ കൂട്ടുനഷ്ടപ്പെട്ടതിന്റെ നൊമ്പരം പേറിയ അമ്മയ്ക്കല്ലാതെ ആർക്കാണ് കഴിയുക?

ഫാ. സിജോ കണ്ണമ്പുഴ OM 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.