റോമില്‍ സംരക്ഷിക്കപ്പെടുന്ന മാതാവിന്റെ മൂന്ന് അപൂര്‍വ്വ ചിത്രങ്ങള്‍

നയനമനോഹരങ്ങളായ നിര്‍മ്മിതികള്‍, അത്യാകര്‍ഷകമായ സ്മാരകങ്ങള്‍, വിശുദ്ധമായ കല എന്നിവയെല്ലാം സംഗമിക്കുന്ന ഒരിടമാണ് റോം നഗരം. ലോകം കണ്ടിട്ടുള്ളവയേക്കാള്‍ കാണാത്തവയാണ് റോമിന്റെ ശേഖരത്തില്‍ കൂടുതലും. അക്കൂട്ടത്തിലുള്ളവയാണ് മൂന്ന് മരിയന്‍ ചിത്രങ്ങള്‍. ലോകത്തിന് അത്രമേല്‍ പരിചിതമല്ലാത്ത ആ മരിയന്‍ ചിത്രങ്ങളെ പരിചയപ്പെടാം…

1. സ്തുത്യര്‍ഹയായ മറിയം

ട്രിനിറ്റി ഡി മോണ്ടി എന്ന ആശ്രമത്തിലാണ് ഈ ചിത്രമുള്ളത്. 15-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഈ ആശ്രമം പിന്നീട് ലിയോ പന്ത്രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്ത് സേക്രട്ട് ഹാര്‍ട്ട് സഭയ്ക്ക് നല്‍കുകയായിരുന്നു. 1800 -കളില്‍ പൗളില്‍ പെട്രോ എന്ന ഫ്രഞ്ച് പെണ്‍കുട്ടിയാണ് ഈ ചിത്രം വരച്ചതെന്നാണ് ചരിത്രം. പിന്നീട് സന്യാസ സഭയില്‍ അംഗമായ ഈ പെണ്‍കുട്ടിക്ക് ചിത്രകലയില്‍ വലിയ താല്‍പര്യമായിരുന്നു.

മദര്‍ സുപ്പീരിയറുടെ അനുവാദം വാങ്ങി ആശ്രമത്തിന്റെ കൊറിഡോറില്‍ മാതാവിന്റെ ഒരു ചിത്രം വരയ്ക്കാന്‍ അവള്‍ തീരുമാനിച്ചു. ഓരോ ഘട്ടത്തിലും പരിശുദ്ധ മറിയത്തിന്റെ സഹായം തേടിക്കൊണ്ട് മാസങ്ങളോളം മണിക്കൂറുകള്‍ ചെലവഴിച്ച് ചിത്രം പൂര്‍ത്തിയാക്കിയെങ്കിലും ചിത്രത്തിലെ നിറങ്ങള്‍ കടുപ്പമേറിയതായി തോന്നിയതു കൊണ്ട് അത് ഒരു കര്‍ട്ടന്‍ ഉപയോഗിച്ച് മറച്ചു. ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒമ്പതാം പീയൂസ് മാര്‍പാപ്പ ആശ്രമം സന്ദര്‍ശിച്ച വേളയില്‍ ആ കര്‍ട്ടനു പിന്നില്‍ എന്താണെന്ന് അന്വേഷിക്കുകയും അതിമനോഹരമായ ആ ചിത്രം കാണുകയും ചെയ്തു. അപ്പോഴേക്കും ചിത്രത്തിലെ നിറവും മയപ്പെട്ടിരുന്നു. ചിത്രം കണ്ട പരിശുദ്ധ പിതാവ് ആദ്യം പറഞ്ഞ വാചകം ഇതായിരുന്നു ‘സ്തുത്യര്‍ഹയായ മറിയം.’ അങ്ങനെയാണ് പ്രസ്തുത ചിത്രത്തിന് ആ പേര് ലഭിച്ചതും.

പിന്നീട് ചിത്രത്തെയും അതിന്റെ മനോഹാരിതയേയും കുറിച്ച് കേട്ടറിഞ്ഞ് അനേകര്‍ ആശ്രമത്തിലെത്തി പ്രാര്‍ത്ഥിക്കുകയും പലരുടെയും അര്‍ത്ഥനകള്‍ അത്ഭുതകരമായ രീതിയില്‍ ഫലമണിയുകയും ചെയ്തു. പിന്നീട് ചിത്രം ഇരുന്ന സ്ഥലം ചാപ്പലാക്കി മാറ്റി. ഇന്നും അനേകം തീര്‍ത്ഥാടകരും വിശ്വാസികളും റോമില്‍ മാതാവിന്റെ ഈ രൂപത്തിനു മുന്നിലെത്തി പ്രാര്‍ത്ഥിക്കുകയും അനുഗ്രഹങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവരുന്നു.

2. സന്തോഷത്തിന്റെ ഉറവിടമായ മറിയം

റോമിലെ ഏറ്റവും ചെറിയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മഡോണ ഓഫ് ദ ലിറ്റില്‍ ആര്‍ച്ചിലാണ് അടുത്ത അപൂര്‍വ്വ മരിയന്‍ ചിത്രമുള്ളത്. 1600 -കളില്‍ ഡോമനിക്കോ മുരറ്റോറി എന്ന കലാകാരനാണ് മറിയത്തിന്റെ ഈ ചിത്രം വരച്ചതെന്നു കരുതപ്പെടുന്നു.

1696 -ല്‍ ഈ ചിത്രത്തിലെ മാതാവിന്റെ കണ്‍പോളകള്‍ ചലിച്ചു എന്ന് സാക്ഷ്യം ഉണ്ടായതിനെ തുടര്‍ന്ന് ചിത്രം പ്രത്യേകം നിരീക്ഷിക്കുകയും പൊതുവണക്കത്തിന് സമര്‍പ്പിക്കുകയും ചെയ്തു. 1796 ജൂലൈ 9 -ന് വീണ്ടും ചിത്രത്തിലെ മാതാവ് കണ്ണുകള്‍ ചലിപ്പിക്കുകയും കണ്ണുനീര്‍ ഒഴുക്കുകയും ചെയ്തതായി സാക്ഷ്യവും പിന്നീട് സ്ഥിരീകരണവുണ്ടായി. വി. മാക്‌സിമില്ല്യണ്‍ കോള്‍ബെ, വി. ബനഡിക്ട് ജോസഫ്, വി. വിന്‍സെന്റ് പാലോട്ടി, വി. ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ എന്നിവരെല്ലാം സന്തോഷത്തിന് കാരണമായ പരിശുദ്ധ മറിയത്തിന് സമര്‍പ്പിച്ചവരാണ്.

3. മഡോണ ഓഫ് സാന്‍ സിസ്റ്റോ

വത്തിക്കാനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലത്തില്‍ ഡോമിനിക്കന്‍ സന്യാസഭവനത്തിലാണ് മാതാവിന്റെ ഈ അപൂര്‍വ്വ ചിത്രമുള്ളത്. വി. ലൂക്കാ വരച്ച ചിത്രം എന്ന നിലയിലാണ് ഈ ചിത്രം വണങ്ങപ്പെടുന്നത്. പിന്നീട് ഒരുകാലത്ത് വി. അഗതയുടെ കൈയ്യിലൂടെയും കടന്നുപോയ മാതാവിന്റെ ചിത്രമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. സ്വര്‍ണ്ണകരങ്ങളുള്ള മാതാവെന്നും ഈ ചിത്രത്തിലെ മാതാവ് അറിയപ്പെടുന്നു.

റോം തീര്‍ത്ഥാടനം നടത്തുന്നവരെല്ലാം ഈ മൂന്നു ചിത്രങ്ങളുടെ മുമ്പിലൂടെയും കടന്നുപോയി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചാണ് മടങ്ങാറ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.