പണം മോഷ്ടിച്ച യഥാർത്ഥ കള്ളൻ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു വീട്ടിൽ നിന്നും പതിനായിരം രൂപ മോഷണം പോയി. മോൾക്ക് ഫീസ് അടയ്ക്കാൻ മാറ്റിവയ്ക്കപ്പെട്ട തുകയിൽ നിന്നാണ് പണം നഷ്ടമായത്. മോഷണശീലമുള്ള ഭർത്താവിനെയായിരുന്നു ഭാര്യയ്ക്ക് സംശയം. ചെറിയ മോഷണശീലവും കപടതയും കൈവശമുള്ള ഭർത്താവിനെ സംശയിച്ചതിൽ തെറ്റു പറയാനില്ല.

“ഈ കടുംകൈ ചെയ്തത് നിങ്ങളാണോ ?” ഭാര്യ ചോദിച്ചു.

“ഞാനല്ല; ഞാനൊരിക്കലും ചെയ്യില്ല. അവൾ എന്റെയും മകളല്ലേ? അവൾക്ക് കോളജിൽ അടയ്ക്കേണ്ട ഫീസിൽ നിന്ന് എടുക്കാൻ എനിക്കെന്താ ഭ്രാന്തുണ്ടോ?” അയാൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.

വാർത്തയറിഞ്ഞ് അയൽവാസികളെത്തി, “നമുക്ക് പോലീസിൽ പരാതിപ്പെടാം” – ഒരാൾ പറഞ്ഞു.

“ഇങ്ങനെയൊരു കള്ളൻ ഈ വീട്ടിൽ കയറിയാൽ നാളെ നമ്മുടെ വീടുകളിലും കയറില്ലെന്ന് എന്താണുറപ്പ്?” മറ്റൊരാൾ അഭിപ്രായപ്പെട്ടു.

“പോലീസിൽ പരാതിപ്പെടണോ വേണ്ടയോ എന്ന് ഞങ്ങൾ ആലോചിക്കട്ടെ” – അതായിരുന്നു ഗൃഹനാഥന്റെ മറുപടി.

ഇതിനിടയിൽ ഭാര്യ ഒരിക്കൽക്കൂടി ഭർത്താവിനോട് ചോദിച്ചു: “സത്യം പറയൂ, നിങ്ങൾ തന്നെയല്ലേ അതെടുത്തത്? നിങ്ങളല്ല എടുത്തതെങ്കിൽ പിന്നെന്തിനാ പോലീസിൽ പരാതിപ്പെടുന്നതിനെപ്പറ്റി ആലോചിക്കാം എന്നു പറയുന്നത്?”

അതോടെ ഇളിഭ്യനായി അയാൾ ഉള്ള സത്യം പറഞ്ഞു. “ഞാനൊരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ്. അതിത്രയ്ക്ക് പുലിവാലാകുമെന്ന് കരുതിയില്ല.”

അതോടെ രോഷാകുലയായി മാറിയ ഭാര്യക്കു മുന്നിൽ എടുത്ത പണത്തിന്റെ പകുതി നൽകി അയാൾ തടിതപ്പി.

ചില കുടുംബങ്ങളിലെങ്കിലും ‘കള്ളൻ കപ്പലിൽ തന്നെ’ എന്ന പഴഞ്ചൊല്ലു പോലെ സ്വന്തം കാര്യസാധ്യത്തിനു വേണ്ടി പണവും വസ്തുക്കളും മോഷ്ടിക്കുന്ന കുടുംബാംഗങ്ങൾ ഉണ്ടെന്നത് വാസ്തവമാണ്. കുടുംബത്തോട് ഒട്ടും വിധേയത്വമില്ലാതെ ഇത്തരം പ്രവർത്തികൾ ചെയ്യാൻ അവർക്ക് യാതൊരു മനഃസാക്ഷിക്കുത്തും ഉണ്ടാകില്ല. ഭൗതീക കാര്യങ്ങളിലെ സ്ഥിതി ഇങ്ങനെയാണെങ്കിൽ ആദ്ധ്യാത്മിക വിഷയത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ?

കുടുംബപ്രാർത്ഥന കഴിയുന്ന സമയം നോക്കി വീട്ടിൽ കയറിവരുന്ന അപ്പനും മക്കളുമില്ലേ? ഞായറാഴ്ച വിശുദ്ധ ബലിയിൽ പങ്കെടുക്കേണ്ട കാര്യം പറയുമ്പോൾ നൂറുകൂട്ടം തിരക്ക് നടിക്കുന്നവരില്ലേ? ഇങ്ങനെയുള്ള വ്യക്തികളാണ് പല കുടുംബങ്ങളിലെയും കൃപയ്ക്കും സമാധാനത്തിനും തടസമാകുന്നത്. കുടുംബവും ദൈവാലയവുമെല്ലാം വിശുദ്ധ സ്ഥലങ്ങളാണ്. അവിടെയും തിന്മയുടെ കടന്നുകൂടലുകൾ വർദ്ധിക്കുന്നത് നമ്മെ കൂടുതൽ ജാഗരൂഗരാക്കണം.

സുവിശേഷത്തിലുമുണ്ട് ഇതിന് തക്ക ഉദാഹരണം. യഹൂദരുടെ പവിത്രസ്ഥലമായ സിനഗോഗിൽ ക്രിസ്തു പ്രസംഗിക്കുകയായിരുന്നു. “അശുദ്ധാത്മാവ് ബാധിച്ച ഒരുവന്‍ അവിടെയുണ്ടായിരുന്നു. അവന്‍ അലറി: നസറായനായ യേശുവേ, നീ എന്തിന്‌ ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ
നീ വന്നിരിക്കുന്നത്‌?” (മര്‍ക്കോ. 1: 23-24).

ഏറ്റവും നല്ലവരെന്നു കരുതുന്ന വ്യക്തികളിലും ഏറ്റവും പവിത്രമെന്നു കരുതുന്ന ഇടങ്ങളിലും സാത്താന് പ്രവേശനമുണ്ടെന്ന കാര്യം മറക്കാതിരിക്കാം. യഥാർത്ഥ വിവേചനത്തിനും തിരിച്ചറിവിനും വേണ്ടിയാകട്ടെ ഇന്നത്തെ നമ്മുടെ പ്രാർത്ഥന.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.