അമ്മക്കരുതൽ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ബാംഗ്ലൂരിൽ നിന്നും ആന്ധ്രയിലേക്കുള്ള ട്രെയിൻ യാത്ര. ശേഷാദ്രി എക്സ്പ്രസ്  കൂകിവിളിച്ച് താളത്തിൽ കുതിക്കുന്നു. രാത്രിയായപ്പോൾ അത്താഴം കഴിച്ച് ഓരോരുത്തരും അവരവരുടെ ബർത്തുകളിൽ സ്ഥാനം പിടിച്ചു. ഇങ്ങനെയുള്ള  യാത്രകളിൽ പൊതുവെ നല്ല ഉറക്കം ലഭിക്കാറില്ല. അന്നും അതു തന്നെ സംഭവിച്ചു. രാത്രിയിലെപ്പോഴോ ഒരു കുടുംബം ട്രെയിനിൽ കയറി. അപ്പനും അമ്മയും കൈക്കുഞ്ഞും അടങ്ങുന്ന കുടുംബം. സൈഡ് ലോവർ ബർത്തിൽ അമ്മയും കുഞ്ഞും കിടന്നു; മിഡിൽ ബർത്തിൽ അപ്പനും. കൈക്കുഞ്ഞിനെ തനിക്കരികിൽ ജനലിനോട് ചേർത്തുകിടത്തി ആ സ്ത്രീ മയങ്ങിത്തുടങ്ങി. മയക്കത്തിലും കുഞ്ഞ് അനങ്ങുന്നതും തിരിയുന്നതുമെല്ലാം അവര്‍ അറിയുന്നുണ്ടായിരുന്നു.

ഏറെക്കഴിഞ്ഞപ്പോൾ കുഞ്ഞ് ചെറുതായി കരയാൻ തുടങ്ങി. പിന്നീട് കണ്ട കാഴ്ച ഏറെ ഹൃദ്യമായിരുന്നു. യുവതിയായ അമ്മ നിവർന്നുകിടന്നു. തന്റെ മാറിൽ കുഞ്ഞിനെ കമഴ്ത്തിക്കിടത്തി. വലതു കൈ കൊണ്ട് കുഞ്ഞിനെ തലോടി. ട്രെയിൻ അങ്ങോട്ടുമിങ്ങോട്ടും ആടിയുലയുന്ന താളത്തിൽ ഊഞ്ഞാലിലെന്നപോലെ അമ്മയുടെ മാറിൽ കിടന്ന്, ആടിയാടി, ആ കുഞ്ഞ് അഗാധനിദ്രയിലാണ്ടു;
കൂടെ അമ്മയും.

ഏറ്റവും സുരക്ഷിതമായ ഇടത്തിലാണ് താനെന്ന ചിന്ത കുഞ്ഞിന് ധൈര്യം പകർന്നിരിക്കണം. ഞങ്ങൾക്ക് ഇറങ്ങേണ്ട സ്റ്റേഷൻ അടുത്തപ്പോൾ അടുത്ത ബർത്തിൽ കിടന്ന വൈദികസുഹൃത്തിനെ വിളിച്ച് ഞാന്‍ ഈ രംഗം കാണിച്ചുകൊടുത്തു കൊണ്ടു പറഞ്ഞു: “എത്ര സുന്ദരമായ കാഴ്ച. അമ്മയുടെ നെഞ്ചിൽ കമിഴ്ന്ന് കിടന്നുറങ്ങുമ്പോൾ ട്രെയിനിന്റെ കൂകലോ, ഉലച്ചിലോ കുഞ്ഞിനെ ശല്യം ചെയ്യുന്നില്ല. തന്റെ മാറിൽ കിടക്കുന്ന കുഞ്ഞ് ഏറ്റവും സുരക്ഷിതമായ ഇടത്തിലാണെന്ന് അമ്മയും വിശ്വാസിക്കുന്നുണ്ടാകും.”

ഭൂമിയിലെ അമ്മമാർ നമ്മെ ഇത്രമാത്രം കരുതുന്നെങ്കിൽ സ്വർഗ്ഗീയ അമ്മയും ദൈവപിതാവും നമ്മെ എത്രമാത്രം കരുതുന്നുണ്ടാകും? രോഗം, ജോലിയില്ലാത്ത അവസ്ഥ, കടബാധ്യത, പരസ്പര കലഹങ്ങൾ തുടങ്ങി ഒരുപാട് പ്രതിസന്ധികൾക്കു നടുവിലാണ് നമ്മുടെ ജീവിതയാത്രയും മുന്നോട്ടു നീങ്ങുന്നത്. എല്ലാം ശരിയായി എന്ന് കരുതി സന്തോഷിച്ചിരിക്കുന്ന സമയത്തായിരിക്കും ഏതെങ്കിലും ഒരു ദുഃഖം നമ്മെ തേടിയെത്തുന്നതും ജീവിതത്തെ പിടിച്ചുലക്കുന്നതും. പ്രതിസന്ധികളുടെ ഈ സമയത്തെല്ലാം ദൈവം നമ്മുടെ കൂടെയുണ്ടെന്ന് വിശ്വസിക്കാൻ ചിലപ്പോഴെങ്കിലും നമുക്ക് കഴിയുന്നില്ല. അപ്പോഴാണ് പലരും വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കുന്നതും ദൈവത്തെ ചോദ്യം ചെയ്യുന്നതുമെല്ലാം.

ക്രിസ്തുശിഷ്യന്റെ യാത്രയിലെ ആനന്ദം സർവ്വം ലഭിക്കുന്നതിന്റെ ആനന്ദമല്ലെന്ന് നമ്മൾ തിരിച്ചറിയണം. ചോദിക്കുന്നത് പലതും ലഭിക്കാതിരിക്കുമ്പോഴും അപ്രതീക്ഷിതമായ പ്രതിസന്ധികൾക്കു നടുവിലും ദൈവത്തിൽ വിലയം പ്രാപിക്കാൻ കഴിയുന്നിടത്താണ് ക്രിസ്തീയജീവിതം ശ്രേഷ്ഠമാകുന്നത്. എല്ലാം ഉപേക്ഷിച്ച് നിന്നെ അനുധാവനം ചെയ്യുന്ന ഞങ്ങൾക്കെന്തു ലഭിക്കുമെന്ന പത്രോസിന്റെ ചോദ്യത്തിന് ക്രിസ്തു നൽകുന്ന ഉത്തരം മനോഹരമാണ്: “എന്റെ നാമത്തെപ്രതി ഭവനത്തെയോ, സഹോദരന്മാരെയോ, സഹോദരിമാരെയോ, പിതാവിനെയോ, മാതാവിനെയോ, മക്കളെയോ, വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവൻ അവകാശമാക്കുകയും ചെയ്യും” (മത്തായി 19:29).

എല്ലാറ്റിനേക്കാൾ വലിയ സമ്പാദ്യം ക്രിസ്തുവാണെന്ന് തിരിച്ചറിയുന്നിടത്താണ് പലതും ഉപേക്ഷിക്കാനും ദൈവത്തിൽ ആശ്രയിക്കാനും സാധിക്കൂ. അല്ലാത്തപ്പോൾ സമൃദ്ധികൾക്കു നടുവിലും വിങ്ങുന്ന ഹൃദയവുമായ് നമ്മൾ യാത്ര തുടരും. ദൈവം കൂടെയുണ്ടെന്നും നഷ്ടങ്ങളെല്ലാം നേട്ടങ്ങളാകുമെന്നും വിശ്വസിക്കാനായാൽ ജീവിതത്തോണി ആടിയുലയുമ്പോഴും നമ്മുടെ മനസ് ശാന്തമാകും.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.