നാം അറിയുന്ന വിശുദ്ധർ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

രണ്ട് സംഭവങ്ങളാണ് ഇന്ന് പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നത്.
ആദ്യത്തേത് സുഹൃത്തിന്റെ പ്രാർത്ഥനാനിയോഗമാണ്.

കുഞ്ഞുനാൾ മുതൽ അടുത്തറിയാവുന്ന ആ സുഹൃത്തിന്റെ ബിസിനസിൽ പ്രളയത്തിനു ശേഷം ഉയർച്ച ഉണ്ടായിട്ടില്ല. ഒരിക്കൽ ഫോണിലൂടെ അവർ പങ്കുവച്ച ദുഃഖം എന്നെ  അതിശയിപ്പിച്ചു.

“അച്ചനറിയാമല്ലോ, ഞങ്ങളുടെ ബിസിനസിനെക്കുറിച്ച്? ഇന്നത് കടത്തിൽ മുങ്ങി. കടം വീട്ടണമെങ്കിൽ ഞങ്ങൾക്കുള്ള സ്ഥലം കുറച്ച് വിൽക്കണം. വിൽക്കാൻ നോക്കുമ്പോൾ ഉചിതമായ വില കിട്ടുന്നില്ല. കുറച്ചെങ്കിലും മെച്ചം ലഭിക്കാതെ എങ്ങനെയാണ് അദ്ധ്വാനിച്ചുണ്ടാക്കിയത്  വിൽക്കുക? വേണമെങ്കിൽ ബിസിനസ് ഞങ്ങൾക്ക് വേണ്ടെന്നു വയ്ക്കാം. പക്ഷേ,  കുറേപ്പേരുടെ കണ്ണീരിന് ഉത്തരം നൽകേണ്ടി വരും.

ഞങ്ങളുടെ സ്ഥാപനത്തിൽ ജോലിയുള്ളതുകൊണ്ടും സ്ഥാപനം തകരില്ലെന്നും തങ്ങളെ പിരിച്ചുവിടില്ലെന്നും ഉറപ്പുള്ളതുകൊണ്ടും കുറേയധികം ജോലിക്കാർ ലോണെടുത്ത് വീട് വയ്ക്കുകയും മക്കളുടെ വിവാഹം നടത്തുകയും നിർമ്മാണ പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾക്കെന്തെങ്കിലും സംഭവിക്കുകയോ, ബിസിനസ് അവസാനിപ്പിക്കുകയോ ചെയ്താലുള്ള അവരുടെ അവസ്ഥ ഓർക്കുമ്പോൾ ഹൃദയം തകരുന്നു. അതുകൊണ്ട് എങ്ങനെയെങ്കിലും സ്ഥലക്കച്ചവടം നടക്കാനായി അച്ചൻ പ്രാർത്ഥിക്കണം.”

എത്ര പവിത്രമായ ചിന്ത. അല്ലേ?

രണ്ടാമത്തേത് മദ്ധ്യവയസ്കനായ പിതാവിന്റെ കഥയാണ്. അദ്ദേഹത്തിന് രണ്ട് പെൺമക്കൾ. ഒരാൾ കന്യാസ്ത്രീ, രണ്ടാമത്തെയാൾ ജോലി ചെയ്യുന്നു. ഹൃദയസംബന്ധമായ എന്തോ രോഗമുണ്ടെന്നും മുന്തിയ പരിശോധന വേണമെന്നും അടുത്തിടെയാണ് അയാൾ അറിയുന്നത്. മക്കളും ജീവിതപങ്കാളിയും ആവർത്തിച്ചു  പറഞ്ഞിട്ടും അയാൾ സ്കാനിങ്ങിനും മറ്റ് പരിശോധനകൾക്കും തയ്യാറായില്ല. “എന്റെ ഒരേയൊരു സ്വപ്നം എന്റെ കൊച്ചിന്റെ വിവാഹം നടത്തുക എന്നതാണ്. ഞാൻ നീക്കിവച്ചിരിക്കുന്ന പണം എന്റെ ചികിത്സക്കു വേണ്ടിയുള്ളതല്ല. എന്റെ പ്രാണൻ പോയാലും സാരമില്ല. മകളുടെ വിവാഹം നടന്നുകാണണം. അതിനു ശേഷം മതി രോഗനിർണ്ണയവും ചികിത്സയും മറ്റും.”

സകല വിശുദ്ധരുടെയും തിരുനാളിനെക്കുറിച്ചുള്ള ധ്യാനമാണ് ഈ ചിന്തകളിലേക്ക് നയിച്ചത്. “കുട്ടികളെ വളരെയധികം സ്നേഹത്തോടെ വളർത്തുന്ന മാതാപിതാക്കളിൽ, കുടുംബം പുലർത്താൻ കഠിനാദ്ധ്വാനം ചെയ്യുന്ന പുരുഷന്മാരിലും സ്ത്രീകളിലും, രോഗികളിലും, വയോവൃദ്ധരായ സമർപ്പിതരിലും ഞാൻ വിശുദ്ധി കാണുന്നു. നമ്മുടെ ഇടയിയും അയൽവാസികളിലുമെല്ലാം ജീവിക്കുന്ന വിശുദ്ധരുണ്ട്” എന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ മുകളിൽ  സൂചിപ്പിച്ചവരെക്കുറിച്ചുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു.

“ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും” (മത്തായി 5:8)  എന്ന തിരുവെഴുത്തും ഇവരെക്കുറിച്ചുള്ളതു തന്നെ. എന്റെ സുഖം, എന്റെ ഉയർച്ച എന്ന തലത്തിൽ നിന്നും മറ്റുള്ളവരുടെ കഷ്ടതകളിലേക്കും ഉന്നമനത്തിലേക്കും മിഴി തുറക്കാനും അതിനായ് എന്തെങ്കിലും ചെയ്യാനും മുതിരുന്നിടത്താണ് വിശുദ്ധർ ജന്മം കൊള്ളുന്നത്. അങ്ങനെയുള്ള വിശുദ്ധിയിലേക്കുള്ള വിളി നമുക്കെല്ലാവർക്കുമുള്ളതാണെന്ന് തിരിച്ചറിയുന്നിടത്ത് വിശുദ്ധിയിലേക്കുള്ള പ്രയാണം ആരംഭിക്കുന്നു. ഈ ഭൂമിയിൽ ആരംഭം കുറിക്കാത്ത വിശുദ്ധി മരണശേഷം ആരംഭിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ് ജീവിതം നയിച്ചവരാണ് യഥാർത്ഥ വിശുദ്ധർ.

സകലവിശുദ്ധരുടെയും തിരുനാൾ മംഗളങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.