പുറമേ പുഞ്ചിരിയുടെ പൂമാലകൾ എന്നാൽ അകമേ…

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അപ്രതീക്ഷിതമായാണ് ആ വീട്ടിൽ ചെന്നത്. കോളിങ്ങ് ബെൽ  അടിച്ച് കുറേ കഴിഞ്ഞ ശേഷമാണ് ഗൃഹനാഥ വാതിൽ തുറന്നത്.

“അച്ചനാണോ, വരൂ…” അവരെന്നെ സ്വീകരിച്ചു.

കസേരയിൽ ഇരുന്നതേ ഞാൻ ചോദിച്ചു. “ഭർത്താവ് എവിടെയാണ്?”

“അകത്തുണ്ട്.”

പത്താം ക്ലാസിൽ പഠിക്കുന്ന മകളോട് വീട്ടമ്മ പറഞ്ഞു: “മോളെ, പപ്പയെ വിളിക്കൂ. അച്ചൻ വന്നിരിക്കുന്നെന്ന് പറയൂ.”

മകൾ എന്റെയരികിൽ വന്ന് സ്തുതി ചൊല്ലി. അതിനു ശേഷം അമ്മയോട് പറഞ്ഞു: “അമ്മയ്ക്കെന്താ പപ്പയെ വിളിച്ചാൽ? അച്ചൻ അമ്മയോടല്ലേ പറഞ്ഞത്?”

അവളുടെ വാക്കുകൾ എന്നിൽ ഞെട്ടൽ ഉളവാക്കി. അത് മനസിലാക്കിയിട്ടെന്നവണ്ണം കുട്ടി പറഞ്ഞു: “അച്ചനറിയുമോ, പപ്പയും അമ്മയും തമ്മിൽ വഴക്കാണ്. വഴക്കിട്ടാൽ പിന്നെ രണ്ടു മുറിയിലാണ് കിടപ്പ്. അങ്ങോട്ടുമിങ്ങോട്ടും ഒന്നും മിണ്ടുകില്ല. ഇപ്പോൾ ഒരാഴ്ചയായ് അവർ തമ്മിൽ മിണ്ടിയിട്ട്. എന്തായാലും അച്ചൻ നല്ല സമയത്താണ്  വന്നത്.”

സംസാരം കേട്ട് മുറിയിൽ നിന്ന് ഭർത്താവ് ഇറങ്ങിവന്നു. “നീ എന്തിനാണ് അച്ചനോട് വേണ്ടാധീനമെല്ലാം പറയുന്നത്?” അയാളുടെ സ്വരം ഉയർന്നിരുന്നു.

“പപ്പ എന്നോട് ദേഷ്യപ്പെടേണ്ട. നിങ്ങളുടെ കലഹത്തിന്നിടയിൽ വീർപ്പുമുട്ടുന്നത് ഞാനാണ്. കൂടപ്പിറപ്പുകൾ ഇല്ലാത്ത എനിക്ക് ഈ വീട്ടിൽ നിങ്ങൾ മാത്രമേ ഉള്ളൂ. നിങ്ങൾ ഇങ്ങനെ മിണ്ടാതെ നടക്കുമ്പോൾ പലപ്പോഴും എന്തിനാണ് ജീവിക്കുന്നത് എന്നുവരെ ഞാൻ ചിന്തിച്ചിട്ടുണ്ട്.”

വാക്കുകൾ മുഴുമിപ്പിക്കാതെ കരഞ്ഞുകൊണ്ട് അവൾ മുറിയിലേക്കോടി. അവളുടെ വാക്കുകൾ ശരം പോലെ ഹൃദയത്തിൽ തുളച്ചുകയറി. ആ നൊമ്പരത്തിന്റെ ചൂടാറും മുമ്പേ ഭാര്യയോടും ഭർത്താവിനോടും സംസാരിച്ചു. പരസ്പരം നൽകേണ്ട സ്നേഹവും അംഗീകാരവും ലഭിക്കാത്തതിന്റെ ഉണങ്ങാത്ത വ്രണങ്ങൾ അവരുടെ വാക്കുകളിൽ നിഴലിച്ചിരുന്നു. പരസ്പരം നന്മകൾ കാണാൻ കഴിയാത്തത്ര അവരുടെ ആന്തരീക കാഴ്ചയ്ക്ക് മങ്ങലേറ്റിരുന്നു. അന്നത്തെ സംസാരത്തിനു ശേഷം അവർ സംസാരിച്ചു തുടങ്ങിയെങ്കിലും  അവർക്കിടയിലുള്ള അസ്വസ്ഥതകളുടെ കാർമേഘങ്ങൾ പെയ്തിറങ്ങാൻ നാളുകൾ വേണ്ടിവന്നു.

ഇനി നമുക്ക് ഒന്ന് ചിന്തിച്ചു നോക്കാം. സമൂഹത്തിലും കുടുംബങ്ങളിലും  സന്യാസഭവനങ്ങളിലുമെല്ലാം അനൈക്യത്തിന്റെ വിത്തുകൾ പൊട്ടിമുളക്കുന്നുണ്ട്.
പരസ്പരം സംസാരിക്കുക, സ്നേഹിക്കുക, കുറവുകൾ അംഗീകരിച്ച്  ചേർത്തുപിടിക്കുക എന്നതെല്ലാം വെല്ലുവിളികൾ നിറഞ്ഞതാണ്. സംസാരിക്കാൻ കഴിവുണ്ടായിട്ടും ശബ്ദം നിലച്ചുപോയ കുടുംബങ്ങളും മിഴികൾ തുറന്നിരുന്നിട്ടും കാഴ്ച നഷ്ടപ്പെട്ട വ്യക്തികളും നമുക്കിടയിലും വർദ്ധിച്ചുവരുന്നുണ്ട്. ഈ ആശയങ്ങൾ മനസിൽ ധ്യാനിച്ചു വേണം അന്ധനും ഊമനുമായ വ്യക്തിയുടെ സൗഖ്യത്തെ നമ്മൾ നോക്കിക്കാണാൻ.

“അനന്തരം, അന്ധനും ഊമനുമായ ഒരു പിശാചുബാധിതനെ അവര്‍ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. യേശു അവനെ സുഖപ്പെടുത്തി. അവന്‍ സംസാരിക്കുകയും കാണുകയും ചെയ്‌തു” (മത്തായി 12:22).

നമ്മുടെ ബന്ധങ്ങളിൽ ക്രിസ്തുസാന്നിധ്യം നഷ്ടപ്പെടുമ്പോൾ ശാരീരികമായി അടുത്താലും നമ്മൾ തമ്മിലുള്ള അകലം വലുതായിരിക്കും. അല്ലാത്തപ്പോൾ അകലങ്ങളിൽ പോലും നമ്മൾ ഏറ്റവും അടുത്തായിരിക്കും.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.