
യുദ്ധത്തെ തുടർന്ന് വളരെക്കാലമായി ഹോളി ഫാമിലി കത്തോലിക്കാ പള്ളിയിൽ അഭയം പ്രാപിച്ചിരുന്ന രണ്ട് ക്രൈസ്തവ സ്ത്രീകൾ പള്ളിയിൽ നിന്ന് അടുത്ത കാലത്ത് മാറി താമസിച്ച അപ്പാർട്ടുമെന്റിലേക്ക് നടന്ന ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
പലസ്തീൻ, സഭാ സ്രോതസ്സുകൾ നൽകുന്ന വിവരമനുസരിച്ച്, പടിഞ്ഞാറൻ ഗാസ സിറ്റിയിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിന് നേരെ ഒക്ടോബർ മൂന്നിന് പുലർച്ചെ നടന്ന ഇസ്രായേലി ആക്രമണത്തിലാണ് രണ്ട് ക്രിസ്ത്യൻ സ്ത്രീകൾ കൊല്ലപ്പെട്ടത്. ഗാസയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഏറെക്കാലമായി ഹോളി ഫാമിലി കത്തോലിക്കാ പള്ളിയിൽ അഭയം പ്രാപിച്ചിരുന്ന ഇവർ അടുത്ത കാലത്താണ് അപ്പാർട്ട്മെന്റിലേക്ക് താമസം മാറിയത്.
മൈസ ഖാദർ ഇബ്രാഹിം അബു ദാവൂദ്, മേരി ഹാഫെസ് മിഷേൽ അൽ നജ്ജാർ എന്നിവരാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ ഗാസ സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂഷൻസ് മേഖലയിലുള്ള അപ്പാർട്ട്മെന്റിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഈ ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം ഉടനടി പ്രതികരിച്ചിട്ടില്ല.
ഗാസയിലെ ലത്തീൻ പാത്രിയാർക്കേറ്റിന്റെ ഓപ്പറേഷൻസ് ഡയറക്ടറായ ജോർജ്ജ് ആന്റൺ വ്യക്തമാക്കിയത് ഇങ്ങനെയാണ്: മാസങ്ങളോളം പള്ളിയിൽ അഭയാർത്ഥികളായി കഴിഞ്ഞശേഷം, ജീവിതത്തിൽ കുറച്ചുകൂടി സ്ഥിരത വീണ്ടെടുക്കുന്നതിനായുള്ള ശ്രമത്തിന്റെ ഭാഗമായി അടുത്തിടെയാണ് ഇവർ ഒരു വാടക അപ്പാർട്ട്മെന്റിലേക്ക് താമസം മാറിയത്. ഒക്ടോബർ മൂന്നിന് പുലർച്ചെ നടന്ന ആക്രമണത്തിൽ രണ്ടുപേരും കൊല്ലപ്പെട്ടുവെന്നും, ഇവരുടെ വേർപാട് ഗാസ മുനമ്പിലെ ക്രിസ്ത്യൻ കുടുംബങ്ങൾക്കിടയിൽ വലിയ ദുഃഖമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ആന്റൺ പറഞ്ഞു.
ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിൽ, കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഗാസ സിറ്റിയിലുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിൽ തന്റെ “തീവ്രമായ ദുഃഖവും വേദനയും” രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്കും ഗാസയിലെ ക്രിസ്ത്യൻ സമൂഹത്തിനും തന്റെ അനുശോചനം അറിയിച്ച പിസബല്ല, ഈ വേദനാജനകമായ സമയത്ത് അവർക്ക് ആശ്വാസവും ശക്തിയും നൽകാൻ പ്രാർത്ഥിക്കുന്നതായും പറഞ്ഞു.
ഹോളി ഫാമിലി കത്തോലിക്കാ ഇടവകയും ഗാസയിലെ സെന്റ് പോർഫിറിയസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയും ഇരുവരുടെയും മരണത്തിൽ അനുശോചിക്കുകയും അബു ദാവൂദ്, അയ്യാദ്, അൽ നജ്ജാർ കുടുംബങ്ങളെ ആശ്വാസമറിയിക്കുകയും ചെയ്തു. യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിലെ ക്രിസ്ത്യാനികളുടെ എണ്ണത്തിലുണ്ടായ വൻ കുറവിനെക്കുറിച്ചും ആന്റൺ ചൂണ്ടിക്കാണിച്ചു. സമൂഹത്തിലെ നിരവധിയാളുകൾ മരിക്കുകയോ ഗാസ മുനമ്പിൽ നിന്ന് രക്ഷപ്പെടുകയോ ചെയ്തിട്ടുണ്ട്.
യുദ്ധത്തിന് മുൻപ് ഗാസയിൽ കത്തോലിക്കരും ഓർത്തഡോക്സുകാരും ഉൾപ്പെടെ 1,017 ക്രിസ്ത്യാനികൾ ഉണ്ടായിരുന്നുവെങ്കിൽ, ഇപ്പോൾ അത് 541 ആയി കുറഞ്ഞതായി സെപ്റ്റംബറിൽ പിസബല്ല വ്യക്തമാക്കിയിരുന്നു. വീടുകൾ നഷ്ടപ്പെടുകയോ പലായനം ചെയ്യാൻ നിർബന്ധിതരാവുകയോ ചെയ്ത നൂറുകണക്കിന് ആളുകൾക്ക് യുദ്ധകാലത്ത് ഗാസയിലെ പള്ളികൾ അഭയം നൽകിയിട്ടുണ്ടെന്ന് ആന്റൺ പറഞ്ഞു. ഹോളി ഫാമിലി കത്തോലിക്കാ പള്ളിയും സെന്റ് പോർഫിറിയസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയും ക്രിസ്ത്യാനികൾക്കും അല്ലാത്തവർക്കും അഭയം നൽകിയിട്ടുണ്ട്. എന്നാൽ യുദ്ധവും വിനാശവും തുടർന്നതോടെ ചില കുടുംബങ്ങൾ മറ്റ് താമസസ്ഥലങ്ങളിലേക്ക് മാറുകയാണുണ്ടായത്.



