ലത്തീൻ സെപ്റ്റംബർ 02 ലൂക്കാ 4: 16-30 തിരഞ്ഞെടുപ്പ്

‘അവര്‍ അവനെ പട്ടണത്തില്‍ നിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതി ചെയ്യുന്ന മലയുടെ ശൃംഗത്തില്‍ നിന്നു താഴേയ്ക്കു‌ തള്ളിയിടാനായി കൊണ്ടുപോവുകയും ചെയ്‌തു’ (ലൂക്കാ 4:29).

സമകാലീനരാൽ തിരസ്കരിക്കപ്പെട്ട പ്രവാചക മാതൃകകളായ യേശുവിനെയും ജെറെമിയായും ഇന്നത്തെ തിരുവചനഭാഗങ്ങൾ അവതരിപ്പിക്കുന്നു. തങ്ങളുടെ പ്രവാചക ദൗത്യത്തോടുള്ള സമർപ്പണമാണ് ഈ തിരസ്കരണം ക്ഷണിച്ചു വരുത്തുന്നത്. പഴയ നിയമത്തിൽ ഒരു പ്രവാചകൻ പരിപൂർണ്ണമായും ദൈവത്തിന്റെ വക്താവാകാൻ ജീവിതം മാറ്റിവച്ചിരിക്കുന്നവനാണ്. അതിനാൽ ഒരു പ്രവാചകൻ ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ സ്വന്തമല്ല. മറിച്ച്, ദൈവത്തിന്റെ മാത്രം സ്വന്തമാണ്. അതിനാൽ മറ്റുള്ളവരുടെ താല്പര്യങ്ങൾക്കും ഇച്ഛകൾക്കും അനുസരിച്ച് സംസാരിക്കേണ്ടവനല്ല പ്രവാചകൻ. മറിച്ച്, ദൈവേഷ്ടം ലോകത്തിന് വെളിപ്പെടുത്തി കൊടുക്കേണ്ടവനാണ് പ്രവാചകൻ.

തങ്ങളുടെ പ്രവാചക ദൗത്യത്തിന്റെ ഭാഗമായി രാഷ്ട്രീയ-മത മേലാളന്മാര്‍ക്കെതിരായി ശബ്ദമുയർത്തിയപ്പോൾ അവരുടെ മനസ്സിൽ യേശുവിനും ജെറെമിയയ്ക്കും‌ എതിരെ സമകാലികരുടെ മനസ്സിൽ അസൂയയും വെറുപ്പും ഉടലെടുത്തു. ദൈവിക കൃപയോട് സഹകരിക്കാത്ത സമകാലീനരോട്, “ജെറമിയായുടെ ബാബിലോൺ പ്രവാസ-പ്രവചനം”, “സിറിയക്കാരനായ നാമാൻ എന്ന കുഷ്ഠരോഗിയുടെ സൗഖ്യം”, “സ്റെപ്ത്തയിലെ വിധവയ്ക്ക് നൽകപ്പെട്ട അത്ഭുത-അന്നദാനം” എന്നീ ഉദാഹരണങ്ങൾ സമർത്ഥിച്ച് ദൈവം വിജാതീയരോട് അനുഭാവം കാണിക്കുന്ന അനുഭവങ്ങളെ യേശു ഓർമ്മപ്പെടുത്തുന്നു.

ഇസ്രായേൽ ജനത്തിന്റെ ‘ദൈവജനം’ എന്ന തിരഞ്ഞെടുപ്പ് ദൈവത്തിന്റെ ഒരു പ്രത്യേക പക്ഷപാതപരമായ പ്രവർത്തിയല്ല. മറ്റ് ജനതതികളെക്കാളും മേന്മ ഭാവിക്കാനും അല്ല. മറിച്ച്, ദൈവജനം എന്ന അർത്ഥത്തിൽ ദൈവികപദ്ധതിയോട് സഹകരിക്കുക എന്ന ദൗത്യനിർവ്വഹണത്തിനു വേണ്ടിയാണ്‌.

ദൈവമക്കൾ എന്ന അഭിധാനം മറ്റുള്ളവരേക്കാൾ മേന്മ ഭാവിക്കുന്ന അഹങ്കാര ചിന്തയ്ക്ക‌ല്ല. മറിച്ച്, അയോഗ്യതയെക്കുറിച്ചുള്ള അവബോധത്തോടെ ദൈവത്തോട് സഹകരിക്കാനാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ