
കുറവുകൾ കണ്ടെത്താൻ എളുപ്പമാണ്; എന്നാൽ ഒരാളിലെ നന്മ തിരിച്ചറിയാൻ കഴിയുന്നത് മനോഹരമായൊരു കഴിവാണ്. നമ്മൾ കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും പറയാൻ ഓരോ കഥയുണ്ടാകും. വ്യത്യസ്തമായ അനുഭവങ്ങളും ചിന്തകളും സ്വഭാവങ്ങളുമാണ് ഓരോരുത്തരെയും രൂപപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും നമ്മൾ ആഗ്രഹിക്കുന്നതുപോലെ പെരുമാറണമെന്നില്ല. ചിലരുടെ സംസാരരീതി ഇഷ്ടപ്പെട്ടെന്നു വരില്ല. മറ്റു ചിലരുടെ അഭിപ്രായങ്ങൾ നമ്മുടേതുമായി ഒത്തുപോകണമെന്നുമില്ല. ഇത്തരം ചെറിയ ഇഷ്ടക്കേടുകൾ പോലും ചിലപ്പോൾ ബന്ധങ്ങളിൽ അകൽച്ച സൃഷ്ടിക്കാറുണ്ട്.
എന്നാൽ, ഒരാളുടെ കുറവുകൾക്കപ്പുറം അയാളിലെ നന്മകൾ കാണാൻ നമുക്ക് കഴിഞ്ഞാലോ? ഒരുപക്ഷേ, ആ വ്യക്തിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുതന്നെ മാറിയേക്കാം! മറ്റുള്ളവരിലെ നല്ല ഗുണങ്ങൾ തിരിച്ചറിയുന്നത് അവരുടെ മനസ്സിൽ സന്തോഷം നിറയ്ക്കുക മാത്രമല്ല, നമ്മുടെ ജീവിതത്തിലും കൂടുതൽ സ്നേഹവും സമാധാനവും കൊണ്ടുവരും. ഈ നല്ല മനോഭാവം വളർത്തിയെടുക്കാൻ സഹായിക്കുന്ന മൂന്ന് ലളിതമായ ശീലങ്ങൾ പരിചയപ്പെടാം.
1. കുറവുകൾക്കിടയിലും മൂന്ന് നന്മകൾ കണ്ടെത്താം
ഒരാളുടെ പെരുമാറ്റം നമ്മെ വേദനിപ്പിക്കുമ്പോൾ അയാളുടെ കുറവുകൾ മാത്രമായിരിക്കും ആദ്യം മനസ്സിലെത്തുക. എന്നാൽ, ഒരു മോശം അനുഭവംകൊണ്ട് ഒരാളെ പൂർണമായി വിലയിരുത്തുന്നത് ശരിയാണോ? ഒരാളുടെ ഒരു പ്രവൃത്തി ഇഷ്ടപ്പെട്ടില്ലെന്നതുകൊണ്ട് അയാളിലെ എല്ലാ നന്മകളും ഇല്ലാതാകുന്നില്ലല്ലോ!
അടുത്ത തവണ ആരോടെങ്കിലും ഇഷ്ടക്കേട് തോന്നുമ്പോൾ, ആ വ്യക്തിയിലെ മൂന്ന് നല്ല ഗുണങ്ങൾ കണ്ടെത്താൻ ശ്രമിക്കൂ. മറ്റുള്ളവരെ സഹായിക്കുന്ന മനസ്സോ, ഉത്തരവാദിത്വബോധമോ, ആത്മാർഥമായ പെരുമാറ്റമോ ആകാം അത്. ആദ്യം അൽപ്പം പ്രയാസം തോന്നിയേക്കാം. എങ്കിലും, മനഃപൂർവം നന്മകൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ നമ്മുടെ ചിന്താഗതിയിൽ മാറ്റമുണ്ടാകും. കുറ്റങ്ങൾ മാത്രം ശ്രദ്ധിച്ചിരുന്ന മനസ്സ് നല്ല ഗുണങ്ങൾ തിരിച്ചറിയാനും പഠിക്കും. അങ്ങനെ വിമർശിക്കുന്നതിനുപകരം മനസ്സിലാക്കാനും അംഗീകരിക്കാനും നമുക്ക് സാധിക്കും.
2. വ്യത്യാസങ്ങളെ സ്നേഹത്തോടെ സ്വീകരിക്കാം
നമ്മുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരുടേതുമായി എപ്പോഴും ഒത്തുപോകണമെന്നില്ല. ഒരേ കാര്യത്തെ രണ്ടുപേർ രണ്ടു രീതിയിൽ കാണുന്നതിൽ തെറ്റില്ല. എന്നാൽ, ഈ വ്യത്യാസങ്ങൾക്കപ്പുറം നമ്മെയെല്ലാം ഒന്നിപ്പിക്കുന്ന ചില പൊതുവായ ആഗ്രഹങ്ങളുണ്ട്. സ്നേഹിക്കപ്പെടണം, അംഗീകരിക്കപ്പെടണം, സന്തോഷത്തോടെ ജീവിക്കണം… ഇതൊക്കെ എല്ലാവരുടെയും ഉള്ളിലുള്ള ആഗ്രഹങ്ങളാണ്.
നമ്മളെപ്പോലെ മറ്റുള്ളവർക്കും സ്വപ്നങ്ങളും പ്രതീക്ഷകളും വിഷമങ്ങളുമുണ്ടെന്ന് തിരിച്ചറിയുക. നമ്മുടെ കാഴ്ചപ്പാടിൽനിന്നു മാത്രം അവരെ വിലയിരുത്താതെ അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഒരാളെ ബഹുമാനിക്കാനും സ്നേഹിക്കാനും നമുക്ക് കഴിയും. ഇങ്ങനെ പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ കുറ്റപ്പെടുത്തുന്നതിനുപകരം ക്ഷമിക്കാനും അകന്നുനിൽക്കുന്നതിനുപകരം ചേർത്തുനിർത്താനും സാധിക്കും. വ്യത്യാസങ്ങളെ അംഗീകരിക്കുന്നിടത്താണ് നല്ല ബന്ധങ്ങൾ കൂടുതൽ ശക്തമാകുന്നത്.
3. ചിരി പകരാം, സ്നേഹം വളർത്താം
ഒരു ചെറിയ പുഞ്ചിരിക്ക് ഒരാളുടെ ദിവസംതന്നെ മനോഹരമാക്കാൻ കഴിയും. വിഷമിച്ചിരിക്കുന്ന ഒരാളോടുള്ള സ്നേഹപൂർവമായ ഒരു വാക്കോ, ഒരുമിച്ചുള്ള ചെറിയൊരു തമാശയോ അയാളുടെ മനസ്സിലെ ഭാരം കുറച്ചേക്കാം. ചിലപ്പോൾ വലിയ ഉപദേശങ്ങളേക്കാൾ ഒരു പുഞ്ചിരിയായിരിക്കും ഒരാൾക്ക് കൂടുതൽ ആശ്വാസം നൽകുന്നത്.
ജീവിതത്തിലെ തിരക്കുകൾക്കിടയിൽ ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും സമയം കണ്ടെത്തുക. നർമ്മബോധം ബന്ധങ്ങളിലെ പിരിമുറുക്കം കുറയ്ക്കുകയും പരസ്പരമുള്ള അടുപ്പം വർധിപ്പിക്കുകയും ചെയ്യും. ഒരുമിച്ചുള്ള ചിരി അപരിചിതരെപ്പോലും സുഹൃത്തുക്കളാക്കും. മറ്റുള്ളവരോടൊപ്പം സന്തോഷം പങ്കിടുമ്പോൾ അവരുടെ നല്ല വശങ്ങൾ കൂടുതൽ അടുത്തറിയാനും നമുക്ക് കഴിയും. അതുകൊണ്ട്, നമ്മുടെ വാക്കുകളിലും പെരുമാറ്റത്തിലും അൽപ്പം നർമ്മവും ധാരാളം സ്നേഹവും നിറയ്ക്കാം.
നന്മ കാണുമ്പോൾ ജീവിതവും മനോഹരമാകും
ആരും പൂർണരല്ല. നമ്മളിലും മറ്റുള്ളവരിലും കുറവുകളുണ്ടാകാം. എന്നാൽ, ഒരാളുടെ കുറവുകൾ മാത്രം നോക്കി അയാളെ വിലയിരുത്താതെ, അയാളിലെ നല്ല ഗുണങ്ങൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ ബന്ധങ്ങൾക്ക് പുതിയൊരു സൗന്ദര്യം കൈവരും. മറ്റുള്ളവരുടെ ചെറിയ നന്മകളെപ്പോലും തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്യുക. നാം മറ്റുള്ളവരിൽ കാണുന്ന നന്മകൾ നമ്മുടെ പെരുമാറ്റത്തിലും പ്രതിഫലിക്കട്ടെ.
കുറവുകൾ എണ്ണുന്നതിനു പകരം നന്മകൾ കണ്ടെത്താനും കുറ്റപ്പെടുത്തുന്നതിനുപകരം പ്രോത്സാഹിപ്പിക്കാനും നമുക്ക് ശീലിക്കാം. കാരണം, മറ്റുള്ളവരിലെ നന്മ കാണാൻ പഠിക്കുമ്പോൾ അവരുടെ ജീവിതം മാത്രമല്ല, നമ്മുടെ ജീവിതവും കൂടുതൽ സ്നേഹസുന്ദരമാകും.
വിവർത്തനം: ഡിൻസി തോമസ്



