
“പുഞ്ചിരി ഒരു തിരിവെട്ടമാണ്; സങ്കടപെടുന്നവരുടെ മുഖത്തേക്ക് നോക്കി കരുണയോടെ ഞാന്‍ പുഞ്ചിരിക്കും.” – വി. അൽഫോൻസാമ്മ
പുഞ്ചിരി ഒരു തിരിവെട്ടമാണ്, അത് ഉണർത്തുന്ന വെളിച്ചം ഇരുണ്ട മനസ്സുകളെയും കനലാകുന്ന ഹൃദയങ്ങളെയും പ്രകാശിപ്പിക്കുന്നു. വിശുദ്ധ അൽഫോൻസാമ്മ പറയുന്നതുപോലെ, കരുണയും സ്നേഹവും നിറഞ്ഞ ഒരു പുഞ്ചിരി സങ്കടത്തിലായവരുടെ ഹൃദയത്തിൽ ആശ്വാസത്തിന്റെയും പ്രത്യാശയുടെയും കിരണം വിതയ്ക്കുന്നു. ഒരു ചെറുപുഞ്ചിരികൊണ്ടു മാത്രം ഒരാളെ ജീവിതത്തിലേക്കു തിരികെകൊണ്ടുവരാനും ആത്മാവിനും ശരീരത്തിനും ഉണർവേകുവാനും സാധിക്കും.
മനുഷ്യബന്ധങ്ങൾ ആരംഭിക്കുന്നതും വളരുന്നതും നിലനിർത്തുന്നതും ഉഷ്മളമാക്കുന്നതിനും പുഞ്ചിരി സഹായിക്കുന്നു. സമാധാനത്തിലേക്കുള്ള രാജപാതയും വഴികാട്ടിയുമാണ് പുഞ്ചിരി. വാക്കുകൾ ആവശ്യമില്ലാതെ ആശയവിനിമയം സാധ്യമാക്കുന്ന ഒരു ശക്തിയാണിത്. ഒന്ന് പുഞ്ചിരിച്ചാൽ പ്രതികാരവും വിദ്വേഷവും സ്നേഹത്തിനും പ്രണയത്തിനും വഴിമാറിയേക്കാം.
പുഞ്ചിരി നമ്മുടെ മുഖത്തിന്റെ സുവിശേഷ പ്രഘോഷണമാണ്. ഉള്ളിൽ തെളിയുന്ന ദൈവതേജസ്സ് പുഞ്ചിരി എന്ന മുഖകാന്തിയിൽ വിരിയുമ്പോൾ വലിയൊരു പോസ്റ്റീവ് ഊർജ്ജം പങ്കുവയ്ക്കുന്നു. പുഞ്ചിരിയിലൂടെ ദൈവത്തിന്റെ സാന്നിധ്യം പോലും പ്രചരിപ്പിക്കാമെന്ന് വിശുദ്ധർ നമ്മെ ഓർമ്മിപ്പിക്കുന്നു. അതിനാൽ നോമ്പിലെ ഈ നല്ല വെള്ളിയാഴ്ച പുഞ്ചിരികൊണ്ട് നമുക്കു ദൈവസാന്നിധ്യം പടർത്താം, ആത്മസാഫല്യം നേടാം.
ഫാ. ജയ്സൺ കുന്നേൽ MCBS




