വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: അന്‍പതാം ദിനം

ജിന്‍സി സന്തോഷ്‌

ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറു ദൂരം മാറിനിൽക്കുകയും എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറയ്ക്കു മുമ്പിൽ ആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന. ആഴ്ച്ചയുടെ ആദ്യ ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾ തന്നെയാണ് അവൾ പോയത്. ആകാശത്തിനും ഭൂമിക്കും മധ്യേ ആർക്കും സങ്കല്പിക്കാനാവാത്തവിധം അധികാരികളുടെ പീഡനങ്ങൾ ഏറ്റുവാങ്ങി മരിച്ച തന്റെ പ്രിയരക്ഷകന്റെ  ശവകുടീരത്തിലേക്ക് പോകാൻ അവൾ കാണിച്ച ധൈര്യം. സ്നേഹമല്ലാതെ മറ്റെന്താണ് ഒരു വ്യക്തിയെ അതിനു പ്രേരിപ്പിക്കുക!

രക്ഷകന്റെ ദിവ്യസ്നേഹം തൊട്ടറിഞ്ഞ നിമിഷം മുതൽ പഴയ ജീവിതം പാടേ ഉപേക്ഷിച്ച്, പാപിനിയായിരുന്ന മറിയം മഗ്ദലേന ജീവന്റെ നല്ല ഭാഗം തിരഞ്ഞെടുത്തു. ശിഷ്യരെല്ലാം യേശുവിനെ കൈവിട്ടപ്പോഴും കുരിശിൻചുവട്ടിൽ നിന്നുകൊണ്ട് തന്റെ വിശ്വസ്തത അവൾ പ്രകടിപ്പിച്ചു. അവളുടെ വിശ്വാസത്തെയും വിശ്വസ്തതയെയും കടാക്ഷിച്ച അനശ്വരനായ സൃഷ്ടാവ് അവളെ പരിശുദ്ധ സ്നേഹത്തിന്റെ ആദ്യ ഫലമാക്കി.

ഉയിർത്തെഴുന്നേല്പിന്റെ സൂചനയായി യേശുവിന്റെ ശവകുടീരത്തിന്റെ കല്ല് ഉരുട്ടിമാറ്റപ്പെട്ടത് ആദ്യം കാണാൻ സാധിച്ചതും മഹത്വത്തിൽ ഉത്ഥിതനായ ക്രിസ്തുവിന്റെ ദർശനം ആദ്യം ലഭിച്ചവളും അവനോട് ആദ്യം സംസാരിച്ചതും ഈ മറിയം മഗ്ദലേന ആയിരുന്നു. കണ്ട കാര്യങ്ങളെല്ലാം തന്റെ ശിഷ്യരെ അറിയിക്കാൻ കർത്താവ് നിയോഗിച്ചതനുസരിച്ച് ഉത്ഥാനത്തിന്റെ ആദ്യ ദൂതുമായി പോകാനുള്ള ഭാഗ്യം ലഭിച്ചതും മറിയം മഗ്ദലേനക്കു തന്നെ. ക്രിസ്തുസ്നേഹത്താൽ ദഹിക്കുന്ന മറിയം മഗ്ദലേനക്ക് ജീവന്റെ സന്ദേശം ഉത്ഥാന ദർശനത്തിലൂടെ. ഒപ്പം തന്റെ  വിശുദ്ധ സഭയിൽ ‘അപ്പസ്തോലന്മാരുടെ അപ്പസ്തോല’ എന്ന പദവിയും ഒടുവിൽ മാലാഖമാരാൽ ചിറകിലേറ്റി സ്വർഗഭാഗ്യവും.

ഉയിർപ്പിന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുക എന്നാൽ മഗ്ദലേന മറിയത്തിന്റെ സ്നേഹത്തിലേക്ക് വളരുക എന്നാണ് അർത്ഥമാക്കണ്ടത്. “ഉയർത്തെഴുന്നേല്പിന്റെ പ്രത്യാശ മാനവരാശിക്കു സമ്മാനിച്ച ക്രിസ്തുവിന് ഒരായിരം സ്തോത്രഗീതം.”

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.