50 നോമ്പ് ധ്യാനം 1: വിഭൂതി – നമ്മള്‍ വെറും സഞ്ചാരികള്‍ മാത്രം

കബീറിന്റെ സുന്ദരമായ ഒരു വചനമുണ്ട്, “ഓ മഹത്തായ ഹംസമേ, നമുക്കു നമ്മുടെ തനതായ ഭവനത്തിലേക്കു പറക്കാം.” ‘ഹൃദയത്തില്‍ ചോദ്യങ്ങളില്ല’ എന്ന പുസ്തകത്തില്‍ ഇതിനെക്കുറിച്ചു കൊടുത്തിരിക്കുന്ന വ്യാഖ്യാനം ഇപ്രകാരമാണ്: “പൗരസ്ത്യദേശത്ത് ഹംസം പവിത്രതയുടെ ചിഹ്നമാണ്. കാരണം, അത് തൂവെള്ളയാണ്. ഹംസം പവിത്രതയുടെ ചിഹ്നമാകാന്‍ മറ്റൊരു കാരണംകൂടിയുണ്ട്. അത് വസിക്കുന്നത് ഹിമാലയപര്‍വതത്തിലാണ്. അത് കുടിക്കുന്നത് ഏറ്റവും പരിശുദ്ധമായ ജലമാണ്. മാനസസരസ്സ് എന്നൊരു തടാകമുണ്ട് ഹിമാലയത്തില്‍. ലോകത്തിലെ ഏറ്റവും ശുദ്ധമായ ജലം അവിടെയാണ്. എന്തെന്നാല്‍ അവിടെ വായു പരിപൂര്‍ണ്ണമായും ശുദ്ധമാണ്. അവിടെ മനുഷ്യരെത്തുക തന്നെ അപൂര്‍വമാണ്. വളരെ അപൂര്‍വമായി, വര്‍ഷങ്ങള്‍ കൂടുമ്പോള്‍മാത്രം, ഒരു മനുഷ്യന്‍ അവിടെ എത്തിയെന്നുവരാം. കാരണം, യാത്ര വളരെ ദീര്‍ഘവും ദുഷ്‌കരവും അപകടകരവുമാണ്. ആ തടാകത്തിലാണ് ഹംസങ്ങള്‍ വസിക്കുന്നത്. തണുപ്പു വര്‍ധിച്ച് തടാകം തീര്‍ത്തും ഉറയുമ്പോള്‍മാത്രം അവ താഴ്‌വാരത്തിലേക്കു വരുന്നു. അല്ലാത്തപക്ഷം അവിടെത്തന്നെ വസിക്കുന്നു. ഹിമാലയത്തിലെ മാനസസരസ്സാണ് ഹംസങ്ങളുടെ തനതായ ഭൂമി. ശൈത്യകാലം കഴിയുമ്പോള്‍ അവ ഹിമാലയത്തിലേക്കു തിരിച്ചുപറക്കുന്നു.”

“ഈ ലോകം നമ്മുടെ ഭവനമല്ല എന്നതിന്റെ പ്രതീകമാണ് ഹംസം. ഈ ചെളിക്കുളം നമ്മുടെ യഥാര്‍ഥ ഭവനമല്ല. നാം മറ്റേതോ ലോകത്തിന്റേതാണ്: ഹിമാലയത്തിന്റെ ലോകം, കന്യാശൃംഗങ്ങളുടെ ലോകം, ഏറ്റവും പരിശുദ്ധമായ തടാകങ്ങളുടെ ലോകം. നാം മാനസസരോവരത്തിന്റേതാണ് – അത് മറക്കാതിരിക്കുക. ഈ കുളത്തിലെ ചെളിവെള്ളത്തില്‍ അധികം വ്യാപൃതരായിത്തീരാതിരിക്കുക. നിങ്ങളുടെ യഥാര്‍ഥ ഭവനത്തെ നിരന്തരം ഓര്‍മ്മിച്ചുകൊണ്ടേയിരിക്കുക.”

ഇതേ ഓര്‍മ്മപ്പെടുത്തല്‍ത്തന്നെയാണ് വിഭൂതിദിനത്തില്‍ നെറ്റിയില്‍ ഭസ്മത്താല്‍ വരയ്ക്കുന്ന കുരിശും ഉണര്‍ത്തുന്നത്. നമ്മുടെ യഥാര്‍ഥഭവനം ഇവിടെയല്ല. ഇവിടെനിന്നു മടങ്ങേണ്ടവരാണ് നമ്മള്‍. ഈ ലോകത്തിനപ്പുറം മറ്റൊരു ലോകം നമുക്കുണ്ട്. ഇവിടെ നമ്മള്‍ വെറും സഞ്ചാരികള്‍മാത്രം. ക്രിസ്ത്യാനിക്ക് സംരക്ഷണം കുരിശും കുരിശില്‍ മരിച്ചവനുമാണെന്ന ഓര്‍മ്മപ്പെടുത്തലും കുരിശ് നെറ്റിയില്‍ വരയ്ക്കുന്നതിലൂടെ നടക്കുന്നുണ്ട്.

കുരിശിനെ അപമാനമായാണ് ലോകം കണ്ടിരുന്നത്. ക്രിസ്തുവിനുമുമ്പും ശേഷവും അനവധി വ്യക്തികള്‍ കുരിശുമരണം വരിച്ചു. പക്ഷേ, അവര്‍ക്കാര്‍ക്കും കുരിശിനെ അനുഭവമാക്കാന്‍ കഴിഞ്ഞില്ല. കാരണം, അവരെല്ലാം മരിച്ചത് സ്വന്തം പാപംനിമിത്തമാണ്. എന്നാല്‍ ക്രിസ്തു മരിച്ചത് മറ്റുള്ളവരുടെ പാപങ്ങള്‍ക്കുവേണ്ടിയാണ്. അങ്ങനെയാണ് കുരിശ് അനുഗ്രഹവും അഭയവുമായിത്തീര്‍ന്നത്. കുരിശടയാളം ദൈവസാന്നിധ്യമുള്ള തിരുനെറ്റിയില്‍ വരയ്ക്കുന്നതുവഴി ഒരുവന്‍ അവനെ പൂര്‍ണ്ണമായും കുരിശിലൂടെ രക്ഷ നേടിത്തന്ന ഈശോയ്ക്കു സമര്‍പ്പിക്കുകയാണ്. അവന്‍ ലോകത്തോടു പറയാതെ പറയുന്നു; “ഇതാണ് എന്റെ രക്ഷ, എന്റെ ജീവിതത്തിന്റെ കേന്ദ്രം. സഹനങ്ങളില്‍ പതറാതെ, ദൈവത്തോട് ചേര്‍ന്നുനില്‍ക്കാന്‍ എനിക്ക് ശക്തിതരുന്ന ദൈവത്തിന്റെ സമ്മാനം.” അനുതപിക്കുന്നവരെ ദൈവം വീണ്ടും ചേര്‍ത്തുപിടിക്കുമെന്ന ഓര്‍മ്മപ്പെടുത്തലും വിഭൂതി നല്‍കുന്നുണ്ട്.

“മനുഷ്യാ നീ മണ്ണാകുന്നു/ മണ്ണിലേക്കു മടങ്ങും നൂനം/ അനുതാപക്കണ്ണുനീര്‍ വീഴ്ത്തി/ പാപപരിഹാരം ചെയ്തുകൊള്‍ക നീ” എന്നാണല്ലോ വിഭൂതിദിനത്തില്‍ പാടുന്ന ഗാനങ്ങളിലൊന്നിന്റെ വരികള്‍. അര്‍ഥസമ്പുഷ്ടമാണിത്; അതിലുപരി ഒരു മുന്നറിയിപ്പും – അനുതാപം ആവശ്യമാണെന്നുള്ള ഒരു മുന്നറിയിപ്പ്. ശരിയായ അനുതാപം ഉണ്ടായാലേ ദൈവപുത്രസ്വാതന്ത്ര്യത്തിലേക്കു പ്രവേശിക്കാന്‍ കഴിയൂ. ആത്മാര്‍ഥമായ അനുതാപം ദൈവത്തിന്റെ മനസ്സുവരെ മാറ്റാന്‍ പര്യാപ്തമാണ്.

തങ്ങള്‍ക്കായി ദൈവം ഒരുക്കിയിരിക്കുന്ന ശിക്ഷ, പ്രവാചകനിലൂടെ അറിയുന്ന നിനവേയിലെ രാജാവും ജനങ്ങളും മൃഗങ്ങളും ഉപവസിക്കുകയും ചാക്കുവസ്ത്രം ധരിക്കുകയും ചാരംപൂശുകയും ചെയ്തുകൊണ്ട് അനുതപിക്കുന്നു. വചനത്തില്‍ കാണുന്നു; “തങ്ങളുടെ ദുഷ്ടതയില്‍നിന്ന് അവര്‍ പിന്തിരിഞ്ഞു എന്നുകണ്ട് ദൈവം മനസ്സുമാറ്റി; അവരുടെമേല്‍ അയയ്ക്കുമെന്നുപറഞ്ഞ തിന്മ അയച്ചില്ല” (യോനാ 3,10). അനുതപിച്ച് പ്രായശ്ചിത്തംചെയ്ത് ദൈവതിരുമുമ്പില്‍ നമ്മെ സമര്‍പ്പിച്ചാല്‍ ഇതുവരെ അനുഭവിക്കാത്ത ആനന്ദവും സ്വാതന്ത്ര്യവും ആസ്വദിക്കാന്‍ പറ്റും.

ഹംസം സ്വര്‍ഗരാജ്യത്തെയും നിത്യജീവനെയും ഓര്‍മ്മിപ്പിക്കുമെങ്കില്‍ അതിനേക്കാളും എത്ര അധികമായി മരണത്തെയും പുനരുത്ഥാനത്തെയും സ്വര്‍ഗത്തെയും നിത്യജീവനെയും വിഭൂതിദിനത്തില്‍ ഭസ്മത്താല്‍ വരയ്ക്കപ്പെടുന്ന കുരിശ് ഓര്‍മ്മിപ്പിക്കുന്നു. എല്ലാറ്റിനുമുപരിയായി നമ്മുടെ യഥാര്‍ഥ ഇടം ഇവിടല്ലെന്നും, ഇവിടെനിന്നു കടന്നുപോകേണ്ടവരാണ് നമ്മളെന്നുമുള്ള ഓര്‍മ്മ എപ്പോഴും മനസ്സിലുണ്ടായിരിക്കട്ടെ.

ഫാ. റോണി കളപ്പുരയ്ക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.