തപസ്സു ചിന്തകൾ 29: നോമ്പ് ശ്യൂന്യവത്ക്കരണത്തിൻ്റെ കാലം

“ലൗകിക ശ്രദ്ധയിൽ നിന്ന് നമ്മെത്തന്നെ ശൂന്യമാക്കാനും അവന്റെ സ്നേഹം, കൃപ, സമാധാനം എന്നിവയാൽ നമ്മെ നിറയ്ക്കാൻ ദൈവത്തെ അനുവദിക്കാനുമുള്ള സമയമാണ് നോമ്പുകാലം.” – കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസ

ശൂന്യവത്കരണത്തിൻ്റെ ദിനങ്ങളാണല്ലോ നോമ്പു ദിനങ്ങൾ. മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്‌ത്തിയ (ഫിലിപ്പി 2:8) ഈശോയെ അടുത്തനുകരിക്കേണ്ട സമയം. സ്വയം ശൂന്യമാക്കിയാലേ ദൈവത്തിൻ്റെ സ്നേഹവും കൃപയും സമാധാനവും ജീവിതത്തിൽ അനുഭവിക്കാൻ സാധിക്കുകയുള്ളൂ.

ജീവിതത്തിൽ ഉണ്ടാകുന്ന സഹനങ്ങളും പീഡകളും ഭാവാത്മകമായി കാണണമെങ്കിൽ ശൂന്യവൽക്കരണത്തിന്റെ വഴിത്താരകൾ നമ്മൾ പിന്നിടുന്നവർ ആയിരിക്കണം. ശൂന്യവൽക്കരിച്ച ജീവിതങ്ങൾക്കേ ജീവൻ പുറപ്പെടുവിക്കുവാൻ, ജീവൻ സമൃദ്ധമായി പങ്കുവയ്ക്കുവാൻ കഴിയുകയുള്ളൂ. ഈശോമിശിഹാ സ്വയം ശൂന്യവൽക്കരിച്ച് വിശുദ്ധ കുർബാനയായി മാറിയപ്പോൾ വിശുദ്ധ കുർബാന ലോകത്തിന് ജീവൻ നൽകുന്ന ദിവ്യ ഔഷധമായി പരിണമിച്ചു.

ആരെല്ലാം ജീവിതത്തിൽ ത്യാഗങ്ങളും സഹനങ്ങളും ആത്മനാ ഏറ്റെടുത്തിട്ടുണ്ടോ അവിടെയെല്ലാം ജീവൻ വിളഞ്ഞിട്ടുണ്ട്. ആത്മദാനത്തിന്റെ നിർവൃതി നമുക്ക് അനുഭവിക്കുവാൻ കഴിയണമെങ്കിൽ ശൂന്യവത്ക്കരണത്തിന്റെ പാതകളിലൂടെ നാം നടക്കേണ്ടിയിരിക്കുന്നു. നോമ്പിലെ ശൂന്യവത്ക്കരണങ്ങൾ ഓരോന്നും ജീവൻ നൽകുവാനും അത് സമൃദ്ധമായി നൽകുവാനും വന്ന ഈശോയുടെ ജീവിതത്തെ അടുത്തു അനുകരിക്കുവാനും അവിടുത്തെ അനുഗമിക്കാനും നമ്മളെ പ്രേരിപ്പിക്കണം.

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.