തപസ്സുചിന്തകൾ 37: കുരിശ്; ജീവൻ നൽകുന്ന വൃക്ഷം

“കുരിശ് എന്ന ദാനം എത്രയോ അമൂല്യമാണ്. അവ ധ്യാനിക്കുക എത്രയോ ശ്രേഷ്ഠം! കുരിശിൽ പറുദീസായിലെ വൃക്ഷത്തെപ്പോൽ നന്മതിന്മയുടെ കൂടിച്ചേരലില്ല. ഇത് പൂർണ്ണമായും ഉയർത്തിപ്പിടിക്കാൻ മനോഹരവും രുചിക്കാൻ നല്ലതുമാണ്. ഈ വൃക്ഷത്തിന്റെ ഫലം മരണമല്ല, മറിച്ച് ജീവനാണ്; അന്ധകാരമല്ല പ്രകാശമാണ്. ഈ വൃക്ഷം പറുദീസായിൽ നിന്ന് നമ്മെ പുറത്താക്കില്ല. നേരെമറിച്ച് നമ്മുടെ മടങ്ങിവരവിന് പാതയൊരുക്കുന്നു” – വി. തെയഡോർ.

ഈശോയുടെ വിശുദ്ധ കുരിശ് ജീവൻ പകർന്നു നൽകുന്ന വൃക്ഷമാണ്. യോഹന്നാന്റെ സുവിശേഷത്തിൽ, കാൽവരിയിൽ ഉയർത്തപ്പെട്ട ഈശോ നിത്യജീവൻ പ്രദാനം ചെയ്യുന്നു എന്ന് രേഖപ്പെടുത്തിയിരുന്നു. “മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ടാകേണ്ടതിന്‌ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ. 3:14-16).

ആരൊക്കെ ഈശോയുടെ കുരിശിനെ, കാല്‍വരിയില്‍ ഉയര്‍ത്തപ്പെട്ട കുരിശിനെ നോക്കുന്നുവോ അവരെല്ലാവരും ജീവൻ പ്രാപിക്കും. ഈശോ ജീവന്റെ നാഥനാണ്. സ്വജീവൻ ദാനമായി നൽകിയാണ് പാപികളായ നമുക്ക് അവൻ രക്ഷ നേടിത്തന്നത്. കുരിശില്‍ കിടന്നുകൊണ്ടുള്ള അവിടുത്തെ എല്ലാ മൊഴികളിലും ജീവന്റെ സമൃദ്ധിയിലേക്ക് നമ്മെ നയിക്കുന്ന ജീവമൊഴികളാണ്. കുരിശേകുന്ന തണൽ ജീവനിലേക്കും സമാധാനത്തിലേക്കും സുരക്ഷിതത്വത്തിലേക്കും നമ്മെ നയിക്കുന്നതാണ്. ആയതിനാൽ കുരിശിന്റെ തണലിൽ നമുക്കും അഭയം തേടാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.