മൺമറഞ്ഞ മഹാരഥന്മാർ: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 83

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽനിന്ന് ദൈവസന്നിധിയിലേക്കു വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു

ഏഴംകുളം പള്ളിയുടെ പ്രഥമ വികാരിയായ അമ്പനാട്ട് തോമസ് മുതലാളി അച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ പോരുവഴി പഞ്ചായത്തിൽ അമ്പനാട്ട് കൊച്ചുചാക്കോ മുതലാളിയുടെയും കൊച്ചേലിയാമ്മയുടെയും ഏഴുമക്കളിൽ ഒരാളായി 1902 നവംബർ 22-ന് (1078 വൃശ്ചികം 7) തോമസ് ജനിച്ചു. ചാക്കോ മുതലാളി, കൊച്ചുമ്മൻ മുതലാളി, കൊച്ചിടിച്ചാണ്ടി മുതലാളി, അന്നമ്മ കോര പുളിനിൽക്കുന്നതിൽ, സാറാമ്മ തോമസ് വയലിറക്കത്ത്, ഏലിയാമ്മ ചേച്ചമ്മ അമ്പനാട്ട് എന്നിവരായിരുന്നു സഹോദരങ്ങൾ. പിന്നീട് അമ്പനാട്ട് കുടുംബം അടൂർ താലൂക്കിൽ പെരിങ്ങനാട് വില്ലേജിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്ന പാറക്കൂട്ടം പ്രദേശത്തേക്കു കടന്നുവന്ന് അവിടെ താമസമായി.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഇടവക പൊതുയോഗത്തിന്റെ അനുമതിയോടെയും അംഗീകാരത്തോടെയും വൈദികപരിശീലനത്തിനായി തോമസ് നിയോഗിതനായി. യാക്കോബായ സഭയിൽതന്നെ ശെമ്മാശപട്ടവും സ്വീകരിച്ചു. ഈ കാലഘട്ടത്തിലാണ് ബഥനി ആശ്രമസ്ഥാപകൻ ദൈവദാസൻ, മാർ ഈവാനിയോസ് പിതാവ് അന്ത്യോക്യൻ ആരാധനക്രമവും പാരമ്പര്യവും നിലനിർത്തി കത്തോലിക്കാ സഭയിലേക്ക് 1930 സെപ്റ്റംബർ 20-ന് പുനരൈക്യപ്പെടുന്നത്. ശെമ്മാശനായിരുന്ന തോമസ് മലങ്കര സുറിയാനി കത്തോലിക്കാ സഭയിലേക്ക് 1931 ജൂൺ 16-ന് (1106 മിഥുനം 2) പുനരൈക്യപ്പെട്ടു. തുടർന്ന് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയിൽനിന്നും തന്നെ 1935 ജനുവരി 23-ന് (1110 മകരം 10) പൗരോഹിത്യം സ്വീകരിച്ചു.

അടൂർ, പെരിങ്ങനാട്, പഴകുളം, പാറക്കൂട്ടം, ഏഴംകുളം തുടങ്ങിയ പള്ളികളിൽ മുതലാളിയച്ചൻ വികാരിയായി ശുശ്രൂഷചെയ്തിട്ടുണ്ട്. ചേപ്പാട് ഫിലിപ്പോസ് റമ്പാനുശേഷം അടൂർ തിരുഹൃദയപ്പള്ളിയുടെ രണ്ടാമത്തെ വികാരിയായി 1935-36 കാലങ്ങളിൽ അച്ചൻ ശുശ്രൂഷചെയ്തു. 1953-ൽ സ്ഥാപിതമായ ഏഴംകുളം ഹോളി ഫാമിലി പള്ളിയുടെ ആദ്യവികാരിയും അച്ചനാണ്. 1953 മുതൽ 1955 വരെ അച്ചൻ അവിടെ ശുശ്രൂഷചെയ്തു. തിരുവനന്തപുരം അതിരൂപതയുടെ വിവിധ ദൈവാലയങ്ങളിലായി വിവിധ കാലങ്ങളിൽ വികാരിക്കടുത്ത ശുശ്രൂഷകളും അച്ചൻ നിർവഹിച്ചു.

നാടിന്റെ നന്മയ്ക്കും വികസനത്തിനുമായി അമ്പനാട്ട് അച്ചൻ പ്രവർത്തിച്ചിരുന്നു. 1946-ൽ സ്ഥാപിക്കപ്പെട്ട മുണ്ടപ്പള്ളി ഗവൺമെൻ്റ് എൽ.പി സ്കൂൾ ആരംഭിക്കാൻ കുരീക്കാട്ട് മാതുപിള്ള, പ്ലാക്കാട് ചരുവള്ളിൽ രാമക്കുറുപ്പ് എന്നിവരോടൊപ്പം തോമസ് മുതലാളിയച്ചനും ഉണ്ടായിരുന്നു. പാറക്കൂട്ടം സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിക്ക് എതിർവശത്തായി ഓലപ്പള്ളിക്കൂടം സ്ഥാപിച്ചാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് രാമക്കുറുപ്പ് സംഭാവനയായി നൽകിയ 50 സെന്റ് സ്ഥലത്തേക്ക് സ്കൂൾ മാറ്റിസ്ഥാപിച്ചു. വെട്ടുകല്ലും കുമ്മായവുംകൊണ്ട് നാട്ടുകാരുടെ ശ്രമദാനമായിട്ടായിരുന്നു അന്ന് സ്കൂൾ കെട്ടിടം സ്ഥാപിച്ചത്.

ഇടവക ശുശ്രൂഷകളിൽനിന്നു വിരമിച്ച് പാറക്കൂട്ടത്തുള്ള സ്വന്തം ഭവനത്തിൽ വിശ്രമജീവിതം നയിക്കവെ അമ്പനാട്ടച്ചൻ 1982 ഫെബ്രുവരി 16-നു നിര്യാതനായി. ബെനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവാണ് കബറടക്ക ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികനായിരുന്നത്. അനേകം വൈദികരും സന്യസ്തരും വിശ്വാസ സമൂഹവും സാക്ഷിയായി പാറക്കൂട്ടം പള്ളിയോടു ചേർന്ന് അച്ചന്റെ ഭൗതീകശരീരം കബറടക്കി.

സ്നേഹത്തോടെ,
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.