പരിപൂർണ്ണവും പരിശുദ്ധവുമായ മറിയത്തിന്റെ വിമലഹൃദയം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: അമ്പതാം ദിനം, ജൂൺ 25, 2022

ഇന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിന്റെ തിരുനാൾ ദിനം. 1949-ൽ ആലക്കളത്തിലച്ചന്റെ ‘പരിശുദ്ധ മാതാവിന്റെ തിരുഹൃദയഭക്തി’ എന്ന ഗ്രന്ഥത്തിന്റെ ആദ്യ അധ്യായത്തിന്റെ പേരു തന്നെ ‘പരിശുദ്ധ കന്യകാമറിയത്തിന്റെ ഏറ്റവും നിർമ്മലമായ ഹൃദയം’ എന്നാണ്. ആ അധ്യായത്തിൽ മത്തായി അച്ചൻ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “ഈശോമിശിഹായുടെ മനുഷ്യസ്വഭാവം കഴിഞ്ഞാൽ ദൈവതൃക്കരളങ്ങളിൽ നിന്നു പുറപ്പെട്ട ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടി മറിയത്തിന്റെ ആത്മാവാകുന്നു. ഇതിലധികം സുന്ദരമാക്കാൻ ദൈവത്തിനു കഴിയാത്തവണ്ണം അത്ര പരിപൂർണ്ണവും പരിശുദ്ധവുമാകുന്നു മറിയത്തിന്റെ ഹൃദയം. അന്ധകാരത്തിൽ പ്രകാശം വീശുന്ന നവഗ്രഹങ്ങൾക്കിടയിൽ സൂര്യൻ ഏപ്രകാരമോ അപ്രകാരം മറ്റെല്ലാ സൃഷ്ടികളുടെയും മധ്യേ മറിയത്തിന്റെ ആത്മാവ് വിളങ്ങിത്തിളങ്ങുന്നു.”

മനുഷ്യബുദ്ധിയിലടങ്ങാത്ത വിധത്തിൽ ദൈവത്തെയും മനുഷ്യരെയും ഒരേ സമയം സ്നേഹിച്ച് രണ്ടിനും മധ്യേ അവൾ ഒരേ സമയം സ്ഥിതിചെയ്യുന്നു. മറിയത്തിന്റെ വിമലഹൃദയം ഈശോയുടെ സ്വർഗ്ഗമാകുന്നു എന്ന് മറ്റൊരു വിശുദ്ധനെ ഉദ്ധരിച്ചുകൊണ്ട് ആലക്കളത്തിലച്ചൻ പഠിപ്പിക്കുന്നു.

ഈശോയുടെ ഹൃദയം കവർന്നെടുക്കുവാൻ തക്ക രീതിയിൽ പരിശുദ്ധവും നിർമ്മലവുമായ ഒരു മനഃസാക്ഷിയും സ്നേഹം നിറഞ്ഞുതുളുമ്പുന്ന ഒരു ഹൃദയവും നമ്മിൽ രൂപപ്പെടുന്നതിനു വേണ്ടി മറിയത്തിന്റെ സമീപത്തെത്തുക. മറിയത്തിന്റെ വിമലഹൃദയത്തിലൂടെ ദൈവകൃപകൾ വർഷിക്കപ്പെടുന്നു. ഇക്കാര്യം പരിശുദ്ധ കന്യകാമറിയം തന്നെ ഫാത്തിമായിൽ ദർശനം നൽകിയ ഇടയക്കുട്ടികളിൽ ഒരുവളയായ ജസീന്തയോട് പറഞ്ഞിട്ടുണ്ട്: “എന്റെ വിമലഹൃദയത്തിലൂടെ ദൈവം കൃപകൾ വർഷിക്കുമെന്ന് എല്ലാവരോടും പറയുക. എന്നോട് കൃപകൾ ചോദിക്കാൻ അവരോടു പറയുക. യേശുവിന്റെ തിരുഹൃദയം, മറിയത്തിന്റെ വിമലഹൃദയം അംഗീകരിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ആഗ്രഹിക്കുന്നു. എന്റെ വിമലഹൃദയത്തിൽ നിന്നു സമാധാനം തേടുക. ദൈവം എന്റെ വിമലഹൃദയത്തിലൂടെ ലോകത്തിൽ സമാധാനം വർഷിക്കാൻ ആഗ്രഹിക്കുന്നു.”

ഭൂമിയിൽ സമാധാനം സ്ഥാപിക്കാനും ആത്മാക്കൾ നരകത്തിൽ പോകുന്നതു തടയാനുള്ള രാക്ഷാമാർഗ്ഗമായും മറിയം തന്നെ നിർദ്ദേശിക്കുന്ന മാർഗ്ഗമാണ് വിമലഹൃദയഭക്തി. ഈ പരിശുദ്ധ ഹൃദയം കൂടുതൽ അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.