തിരുഹൃദയഭക്തി: ലോകത്തിന്റെ രക്ഷാസങ്കേതം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നാൽപത്തിയൊൻപതാം ദിനം, ജൂൺ 24, 2022 

ഇന്ന് ജൂൺ മാസം ഇരുപത്തിനാലാം തീയതി. ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ ദിനം. വിശുദ്ധ കുർബാനയുടെ തിരുനാൾ കഴിഞ്ഞ് എട്ടാം ദിവസവും, പന്തക്കുസ്താ ഞായർ കഴിഞ്ഞ് പത്തൊൻപതാം ദിനവും (പന്തക്കുസ്താ തിരുനാൾ കഴിഞ്ഞു വരുന്ന മൂന്നാമത്തെ വെള്ളിയാഴ്ച) മറിയത്തിന്റെ വിമലഹൃദയത്തിന്റെ തിരുനാളിനു തലേദിവസവുമാണ് സഭ, ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത്.

ഈശോയുടെ തിരുഹൃദയത്തോട് സജീവഭക്തി കാത്തുസൂക്ഷിച്ച ആലക്കളത്തിൽ മത്തായി അച്ചന്റെ ദർശനം, ലോകത്തിന്റെ അവസാനകാലത്ത് അതിന്റെ രക്ഷാസങ്കേതമാണ് ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി എന്നതാണ്. അതിനാൽ മത്തായി അച്ചൻ ഈശോയുടെ തിരുഹൃദയ ഭക്തിയുടെയും മറിയത്തിന്റെ വിമലഹൃദയ ഭക്തിയുടെയും പ്രചാരത്തിനായി ചെറിയ പുസ്തകങ്ങളും പ്രാർത്ഥനകളും തയ്യാറാക്കിയിരുന്നു.

ഈശോയുടെ തിരുഹൃദയം ദിവ്യകാരുണ്യത്തിന്റെ നിലക്കാത്ത സ്രോതസാണെന്നു മനസിലാക്കിയ മത്തായി അച്ചൻ, ദിവ്യകാരുണ്യ സാഗരമായ ഈശോയുടെ ദിവ്യഹൃദയത്തിൽ നിന്നും ലോകം മുഴുവനിലേക്കും കൃപകൾ ഒഴുക്കുന്നുവെന്നും അതിൽ ശരണം പ്രാപിക്കുന്ന ഒരാത്മാവും ഒരിക്കലും നശിക്കുകയില്ലന്നും വിശ്വസിച്ചിരുന്നു.

ആലക്കളത്തിലച്ചൻ രചിച്ച ഈശോയുടെ തിരുഹൃദയത്തോടുള്ള പരിഹാരജപം ഇന്നേ ദിനത്തിലെ നമ്മുടെ പ്രാർത്ഥനയുടെ ഭാഗമാക്കാം.

സകല ആരാധനക്കും സ്നേഹത്തിനും പാത്രമായ ഈശോയുടെ സ്നേഹാഗ്നി എരിയുന്ന തിരുഹൃദയമേ, നിന്നെ ഞങ്ങൾ ആരാധിക്കുന്നു. സകല മനുഷ്യരുടെയും നിരൂപണം, വചനം, പ്രവർത്തി എന്നിവകളാൽ അങ്ങുന്ന് അനുഭവിക്കുന്ന സകല ദുഷ്കൃത്യങ്ങൾക്കും നന്ദിഹീനതക്കു പരിഹാരമായിട്ട് സ്വർഗ്ഗവാസികളുടെയും ഭൂവാസികളുടെയും സകല സൽകൃത്യങ്ങളുടെയും പ്രത്യേകമായി നിന്റെയും നിന്റെ പരിശുദ്ധ ജനനിയുടെയും സകല യോഗ്യതകളെയും അങ്ങേക്കു ഞങ്ങൾ കാഴ്ച വയ്ക്കുന്നു.

എറ്റവും കൃപയും മാധുര്യവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ എളിയ കാഴ്ചയെ നിന്റെ കൃപയാൽ കൈക്കൊണ്ട് ഞങ്ങളുടെ നിയോഗങ്ങൾ സകലതും ആശീർവ്വദിച്ച് നിന്റെ തിരുഹൃദയമഹിമയെ കണ്ട് ആനന്ദിക്കുന്നതു വരെ, കൃപ നിറഞ്ഞ ഈശോയേ, ഞങ്ങൾ നിന്റെ ദിവ്യഹൃദയത്തിൽ നിന്ന് ഒരു ക്ഷണനേരമെങ്കിലും അകലുന്നതിന് നീ അനുവദിക്കല്ലേ എന്ന് എത്രയും സാധ്യപ്പെട്ട് നിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു, ആമ്മേനീശോ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.