പരിശുദ്ധ ത്രീത്വം; ഭക്തിയുടെയും ആരാധനയുടെയും കേന്ദ്രം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: മുപ്പത്തിയഞ്ചാം ദിനം, ജൂൺ 10, 2022 

കത്തോലിക്കാ ഭക്തിയുടെയും ആരാധനയുടെയും കേന്ദ്രം പരിശുദ്ധ ത്രീത്വത്തിലുള്ള വിശ്വാസമാകുന്നു.

ദൈവം സത്തയിൽ ഒന്നാണ്; വ്യക്തികളിൽ മൂന്ന്. വിശ്വാസ സത്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും മൗലീകവും സത്താപരവുമായ പ്രബോധനമാണ് പരിശുദ്ധ ത്രീത്വരഹസ്യം എന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഒരേ ദൈവികമഹത്വം ഉണ്ട്. മൂന്നു വ്യക്തികൾക്കും ഇടയിൽ വലിപ്പചെറുപ്പമില്ല. പിതാവായ ദൈവം സത്യദൈവമായിരിക്കുന്നതു പോലെ പുത്രനായ ദൈവം സത്യദൈവമാണ്. അതുപോലെ പരിശുദ്ധാത്മാവ് സത്യദൈവമാണ്. ഓരോ വ്യക്തിയും ദൈവികമായ എല്ലാ സ്വത്തുക്കളും അവനിൽ വഹിക്കുന്നു. ദൈവം അവന്റെ സത്തയിൽ ഒന്നായതിനാൽ ദൈവത്തിന്റെ എല്ലാ ഗുണങ്ങളും പരമപരിശുദ്ധ ത്രീത്വത്തിലെ മൂന്ന് വ്യക്തികൾക്കും തുല്യമാണ്.

മറ്റു തിരുനാളുകളും ആചാരാനുഷ്ഠാനങ്ങളുമെല്ലാം പരിശുദ്ധ ത്രീത്വത്തെ കേന്ദ്രീകരിച്ചിരിക്കുന്നു. ആകാശമണ്ഡലത്തിൽ ചന്ദ്രനക്ഷത്രങ്ങൾ എത്ര തന്നെ മിന്നിത്തിളങ്ങിക്കൊണ്ടിരുന്നാലും സൂര്യോദയത്തോടെ അവയുടെയെല്ലാം ശോഭ മങ്ങിമറയുന്നതു പോലെ പരിശുദ്ധ ത്രീത്വത്തോടുള്ള ഭക്തി മറ്റെല്ലാ ഭക്തകൃത്യങ്ങളേക്കാളും ഔന്നത്യത്തിലാണെന്ന് ആലക്കളത്തിലച്ചൻ പഠിപ്പിക്കുന്നു.

പരിശുദ്ധ ത്രീത്വത്തിലെ മൂന്നു വ്യക്തികൾ തമ്മിലുള്ള സ്നേഹബന്ധത്തിലൂടെ ത്രീത്വം ഏകമായി തീരുന്നു. പക്ഷേ, ത്രീത്വത്തിലെ മൂന്നാളുകളുടെയും വ്യതിരിക്തത നിലനിൽക്കുന്നു. സന്യാസ സഭയിലെ വ്രതസമർപ്പണ ജീവിതത്തിലൂടെ നമ്മുടെ വ്യക്തിത്വത്തിന്റെ വ്യതിരിക്തത സമൂഹജീവിതത്തിൽ നഷ്ടപ്പെടുത്തുകയല്ല, മറിച്ച് അവക്ക് കൂടുതൽ ശ്രേഷ്ഠമായ മാനം കൈവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.