പരിശുദ്ധാത്മാവിനോടുള്ള ഭക്തി ദൈവനന്മകളെ പ്രാപിക്കുന്നതിനുള്ള ഏറ്റവും ഉത്തമ മാർഗ്ഗം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: മുപ്പത്തിമൂന്നാം ദിനം, ജൂൺ 08, 2022

ആത്മീയ ജീവിതത്തിൽ ഏറ്റവും അത്യന്ത്യാപേഷിതമായ ഒരു ഭക്തിയാണ് പരിശുദ്ധാത്മാവിനോടുള്ള ഭക്തി. പിതാവിൽ നിന്നും പുത്രനിൽ നിന്നും ഉത്ഭവിക്കുന്ന സ്നേഹമായ പരിശുദ്ധാത്മാവ് കൃപയുടെയും ജീവിതത്തിൻ്റെയും ഉറവിടമാണ്. ദൈവനന്മകളെ എറ്റവും ധാരാളമായി പ്രാപിക്കുന്നതിനുള്ള ഏറ്റവും ഉത്തമ മാർഗ്ഗമാണ് പരിശുദ്ധാത്മാവിനോടുള്ള ഭക്തി. തൻ്റെ ദാനങ്ങളാൽ സർവ്വലോകത്തെയും സംതൃപ്തിപ്പെടുത്തുന്നവനായ പരിശുദ്ധാത്മാവ് ഏതൊരു ഭക്തനും അനുഗ്രഹങ്ങളുടെ കൃപാമാരി വർഷിക്കുന്നു. ലോകത്തിൻ്റെ അപൂർണ്ണതയും ദാരിദ്രവുമെല്ലാം റൂഹാദ്ക്കുദശായെ അഭയം പ്രാപിക്കായ്ക നിമിത്തം ഉണ്ടാകുന്നതാണ് എന്നാണ് ആലക്കളത്തിലച്ചൻ്റെ പക്ഷം.

പരിശുദ്ധാത്മാവ് വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോദ്ധ്യപ്പെടുത്തുത്തുന്നതിനാലും, അവന്‍ സത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്കു നമ്മളെ നയിക്കുന്നതിനാലും വരാനിരിക്കുന്ന കാര്യങ്ങള്‍ നമ്മളെ അറിയിക്കുന്നതിനാലും (C.f. യോഹ. 16:8-14) ദൈവാരൂപിയോടുള്ള ഭക്തി നമ്മുടെ ആത്മീയ ജീവിതത്തെ കൂടുതൽ സമ്പന്നമാക്കുന്നു.

പരിശുദ്ധാരൂപിയോടു പ്രാർത്ഥിക്കുകയും അവനടുള്ള ഭക്തിയിൽ ഉറച്ചിരിക്കുകയും ചെയ്യുന്നവരാരും പാപത്തോടുകൂടി മരിക്കുകയില്ലന്നും സാത്താൻ്റെ കെണികളെ വേഗത്തിൽ ഗ്രഹിക്കുകയും ഇഹത്തിലും പരത്തിലും സംതൃപ്തി കൈവരിക്കുകയും ചെയ്യുമെന്ന് മത്തായി അച്ചൻ ഓർമ്മിപ്പിക്കുന്നു.

ഒരിക്കൽ അമ്മ ത്രേസ്യായ്ക്കു പ്രാർത്ഥനാ ജിവിതത്തിൽ പ്രയാസങ്ങൾ നേരിട്ടപ്പോൾ ഒരു ഈശോ സഭാ വൈദീകൻ്റെ ഉപദേശം തേടുകയുണ്ടായി. അദ്ദേഹത്തിൻ്റെ ഉപദേശം ലളിതമായി മായിരുന്നു: “പരിശുദ്ധാത്മാവിനോടു നിരന്തരം പ്രാർത്ഥിക്കുക ” ആ നിമിഷം മുതൽ ഈ വലിയ ഉപേദേശത്തെ അമ്മ ത്രേസ്യാ അക്ഷരം പ്രതി അനുസരിച്ചു. അത് വിശുദ്ധയുടെ ജീവിതത്തിൽ വലിയ പരിവർത്തനങ്ങൾ കൊണ്ടുവന്നു. വിശുദ്ധ പൗലോസ് റോമാക്കാർക്കുള്ള ലേഖനത്തിൽ പരിശുദ്ധാത്മാവ് പ്രാർത്ഥനാ ജീവിതത്തിൽ നമ്മളെ സഹായിക്കുന്നതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു: ” നമ്മുടെ ബലഹീനതയില്‍ ആത്‌മാവ്‌ നമ്മെസഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്‌മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു.” (റോമാ 8 : 26). ഏറ്റവും നല്ല അധ്യാപകനും പ്രാർത്ഥനയുടെ ആന്തരിക നാഥനുമായ പരിശുദ്ധാത്മാവിൻ്റെ നിമന്ത്രണങ്ങളെ നമുക്കും കാതോർക്കാം അവനോടുള്ള ഭക്തിയിൽ നമുക്കു വളരുകയും ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.