കുമ്പസാരിക്കാറായി എന്ന് സൂചന നൽകുന്ന അഞ്ചുലക്ഷണങ്ങൾ

കുമ്പസാരം, ആത്മീയമായി നമ്മെ വിശുദ്ധീകരിച്ചു ദൈവമക്കളായി തീർക്കുന്ന കൂദാശയാണ്. ഈ നോമ്പുകാലത്ത് കുമ്പസാരം എന്ന കൂദാശയുടെ പ്രാധാന്യം ക്രൈസ്തവർക്ക് പറയാതെ തന്നെ മനസിലാകും. നമ്മുടെ പാപങ്ങളും പാപാവസ്ഥകളും ഏറ്റുപറഞ്ഞു ദൈവത്തോട് ചേർന്ന് അവിടുത്തെ മഹത്തായ ഉത്ഥാനത്തിനായി ഒരുങ്ങുന്ന സമയമാണ് കടന്നു പോകുന്ന നോമ്പുകാലം. ഈ നോമ്പുകാലത്ത് ‘ഞാൻ ഇപ്പോൾ കുമ്പസാരിക്കണോ?’ ‘കഴിഞ്ഞ ആഴ്ച കുമ്പസാരിച്ചതല്ലേ’ തുടങ്ങിയ ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയരാൻ സാധ്യത ഉണ്ട്. കുമ്പസാറിക്കാൻ സമയമായി എന്ന് നമ്മെ നമ്മുടെ പല സ്വഭാവങ്ങളും നമ്മുടെ ഉള്ളിലെ പ്രേരണകളും ഓർമ്മിപ്പിക്കാറുണ്ട്. അത് എങ്ങനെയാണെന്നും ഏവയാണെന്നും നോക്കാം. വിചിന്തനം ചെയ്യാം. നല്ല കുമ്പസാരത്തിനായി അണയാം.

1. പെട്ടെന്ന് ദേഷ്യം വരുന്നു

കുമ്പസാരം കഴിഞ്ഞുള്ള ദിവസങ്ങളിൽ ക്ഷമിക്കാനും മറ്റുള്ളവരിൽ നിന്നും ഉണ്ടാകുന്ന നെ​ഗറ്റീവായ കാര്യങ്ങളോടു ശാന്തമായി പ്രതികരിക്കാനും നമുക്കു വളരെ എളുപ്പമാണ്. അവരുടെ പെരുമാറ്റം മനപൂർവമല്ല എന്ന് തിരിച്ചറിയാനും അവർ കടന്നു പോകുന്ന പ്രതിസന്ധിയെ മനസ്സിലാക്കാനും അപ്പോൾ നമുക്ക് കഴിയാറുണ്ട്. എന്നാൽ കുമ്പസാരം കഴിഞ്ഞ് ദിവസങ്ങളും ആഴ്ചകളും നീണ്ടു പോകുമ്പോൾ നമ്മുടെ ക്ഷമയുടെ പരിധികുറയുകയും മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവും തീരെ ഇല്ലാതെ പോകുകയും ചെയ്യും. കോപം തിളയ്ക്കുകയും ചെറിയ കാര്യങ്ങളോടും പെട്ടെന്ന് പ്രകോപിതരാകുന്ന അവസ്ഥയുണ്ടാകും. ഈ അവസ്ഥ നിങ്ങളിൽ ഉണ്ടായാൽ വൈകാതെ തന്നെ കുമ്പസാരത്തിനു അണയാം.

2. പെട്ടെന്ന് പ്രലോഭിതരാകുന്നു

എപ്പോൾ വേണമെങ്കിലും നമുക്ക് പ്രലോഭങ്ങൾ ഉണ്ടാകാം. നമ്മുടെ അശ്രദ്ധയും വീഴ്ചയും നോക്കി നമുക്കു സമീപം പ്രലോഭനങ്ങളുണ്ട്. എങ്ങനെയെങ്കിലും വീണുപോയാൽ നമ്മുടെ മനസാക്ഷിയുടെ അപായ മണി മുഴങ്ങണം. പെട്ടെന്നു തന്നെ സുരക്ഷിതമായ ഇടത്തേക്കു നാം മാറേണ്ടതുണ്ട്. അതിനു കുമ്പസാരത്തോളം സുരക്ഷിതമായ മറ്റേതിടമാണുള്ളത്. കുമ്പസാരത്തിലൂടെ കൃപാവരവും പ്രലോ​ഭനങ്ങളെ അതിജീവിക്കാനുള്ള കരത്തും നമുക്കു ലഭിക്കുന്നു.

3. പ്രാർത്ഥിക്കാനോ പരിശുദ്ധകുർബാനയിൽ പങ്കെടുക്കാനോ താത്പര്യം ഇല്ല

ഒരു കുമ്പസാരത്തിന്റെ എഫക്റ്റ് കഴിയുമ്പോൾ വിവരാണാതീതമായ ഒരു ആത്മീയ അലസത നമ്മെ കീഴടക്കാൻ തുടങ്ങും. പ്രാർഥനയിൽ മടുപ്പു തോന്നുകയും ദിവ്യബലിയിൽ പങ്കെടുക്കുന്നത് ഭാരമായും അനാവശ്യമായും തോന്നിത്തുടങ്ങുകയും ചെയ്യും. പോകാതിരിക്കാൻ നമ്മുടേതായ കാരണങ്ങളും നീതീകരണങ്ങളും കണ്ടെത്തും. പോകാതിരിക്കുമ്പോൾ ഒരുതരം നഷ്ടബോധം ഉണ്ടാവുകയും പിന്നീടു പോകാനുള്ള താത്പര്യം ഇല്ലാതാകുകയും ചെയ്യും. ഇത്തരം ഒരു അവസ്ഥയെ അതിജീവിക്കുവാൻ കുമ്പസാരത്തിലൂടെ മാത്രമേ കഴിയുകയുള്ളു.

4. നിഷേധാത്മക ചിന്തകൾ വളരും

നമ്മുടെ ആത്മീയ ജീവിതം മോശമായി തീരുമ്പോൾ നമുക്കു ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കാൻ പ്രയാസമാണ്. നിഷേധാത്മകമായി ചിന്തിക്കാൻ തുടങ്ങും. നമ്മളെകുറിച്ചും മറ്റുള്ളവരെകുറിച്ചും മോശമായി ചിന്തിക്കുകയും എല്ലാറ്റിലും എല്ലാവരിലും കുറ്റവും കുറവും കാണാൻ തുടങ്ങുകയും ചെയ്യും.

5. അകാരണമായി സങ്കടം തോന്നും

കാരണമെന്തെന്നറിയാതെ നമുക്കു സങ്കടം തോന്നിത്തുടങ്ങും. എല്ലാവരും നമുക്ക് എതിരാണെന്നും നമ്മൾ ചെയ്യുന്ന കാര്യങ്ങൾ അവർ അംഗീകരിക്കുന്നില്ല എന്നും നമുക്കുതോന്നിയേക്കാം. കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും അകലേക്കുപോയാൽ സമാധാനം ഉണ്ടാകുമെന്ന ചിന്തയും ഉണ്ടായേക്കും. നമ്മുടെ സ്വയം മതിപ്പു നഷ്ടപ്പെടാനും സ്വന്തവീക്ഷണങ്ങളെക്കുറിച്ച് അതൃപ്തി തോന്നാനും തുടങ്ങും. സാവാധാനം നമ്മൾ ദൈവത്തി​ന്റെ മക്കളാണെന്നും അമൂല്യമായ ഡി​ഗ്നിറ്റി നമുക്കുണ്ട് എന്നതും സാവധാനം നമ്മൾ മറന്നുപോകുകയും ചെയ്തേക്കാം.

ഇതല്ലാതെ മറ്റു പല ലക്ഷണങ്ങളും കൂട്ടിച്ചേർക്കാൻ നമുക്കു കഴിയും. ഈ പറഞ്ഞവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ നമുക്കു തോന്നിയാൽ രണ്ടാമതൊന്ന് ആലോചിക്കാൻ നിൽക്കാതെ കുമ്പസാരം നടത്തുക. ഈശോ അവിടെ കാത്തിരിപ്പുണ്ട്; ധൂർത്തപുത്രനെ പിതാവ് കാത്തിരുന്നപോലെ.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.