സഹനങ്ങളെ ദൈവാനുഗ്രഹമായി കാണേണ്ടത് എന്തുകൊണ്ട്? വി. പാദ്രെ പിയോ പഠിപ്പിക്കുന്നു

വി. പാദ്രെ പിയോ, തന്റെ ജീവിതകാലത്ത് ശാരീരികവും മാനസികവുമായ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിരുന്നു. തന്റെ ജീവിതത്തിലുണ്ടായ സഹനങ്ങളെ ഒക്കെയും ദൈവാനുഗ്രഹത്തിന്റെ അടയാളങ്ങളായിട്ടാണ് ഈ വിശുദ്ധൻ കണ്ടത്. ഒരിക്കലും ശാപമായോ, ഒരു തലവേദനയായോ സഹനങ്ങളെ അദ്ദേഹം കണ്ടില്ല. ഇന്നത്തെ ലോകത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോൾ നാമും അവയെ ഒക്കെ ഒരു ശാപമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വി. പാദ്രെ പിയോ നമുക്ക് നൽകുന്ന സന്ദേശം എന്താണെന്നു നോക്കാം.

“കഷ്ടപ്പാടുകൾ ദൈവത്തിന്റെ പ്രീതിയുടെ അടയാളമാണ്. ക്രിസ്ത്യാനികൾ, പരീക്ഷണങ്ങളെയും പ്രലോഭനങ്ങളെയുംകുറിച്ച് പരാതിപ്പെടുന്നതിനുപകരം നമ്മുടെ കുരിശുമെടുത്ത് കാൽവരിയുടെ കുത്തനെയുള്ള ചരിവിലൂടെ ഗുരുവിനെ അനുഗമിക്കണം. അവിടുന്ന് ആഗ്രഹിക്കുമ്പോൾമാത്രമേ നാം നമ്മുടെ കുരിശുകൾ താഴ്ത്തിവയ്ക്കാവൂ. രോഗശയ്യയിലൊതുക്കി നമ്മെ കുരിശിൽകിടത്താൻ അവിടുന്ന് ആഗ്രഹിക്കുമ്പോൾ ഈവിധത്തിൽ നമ്മെ ബഹുമാനിക്കുന്ന ദൈവത്തിന് നന്ദിപറയുകയും കുരിശിൽ അവിടുന്ന് അനുഭവിച്ച വേദനകളെയും ധ്യാനിക്കാം” – പാദ്രെ പിയോ പഠിപ്പിക്കുന്നു.

അദ്ദേഹത്തിന്റെ ഈ വീക്ഷണത്തിൽ, കഷ്ടപ്പാടുകൾ ദൈവം നൽകിയ ഒരു സമ്മാനമാണ്; നമ്മുടെ സന്തോഷത്തെ തകർക്കുന്ന ശാപമല്ല. പാദ്രെ പിയോ തന്റെ ജീവിതത്തിലുണ്ടായ കഷ്ടപ്പാടുകളിൽനിന്ന് ഓടിപ്പോയില്ല; പകരം, അവൻ കഷ്ടപ്പാടുകൾ സ്വീകരിച്ചു. കുരിശിൽ യേശുവിനോടൊപ്പം ആയിരിക്കാനുള്ള ഒരു അതുല്യമായ മാർഗമായി അതിനെ കണ്ടു. ഇത് നമ്മുടെ ജീവിതത്തിലും നമുക്ക് പ്രാവർത്തികമാക്കാം. നമുക്ക് കഷ്ടപ്പാടുകളും വേദനകളുമുണ്ടാകുമ്പോൾ അവയെ ഒക്കെ ദൈവാനുഗ്രഹമായികണ്ട് സ്വീകരിക്കാം. അപ്പോൾ നമ്മുടെ മനസിൽ ഒരു ആനന്ദം നിറയുന്നതായി അനുഭവിക്കാൻകഴിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.